കുഴപ്പക്കാരെ ഒഴിവാക്കാനുള്ള കരാർ നടപ്പിലായി, ഖത്തർ ലോകകപ്പ് സ്റ്റേഡിയങ്ങളിൽ അർജന്റീന ആരാധകർക്ക് വിലക്ക്

ഖത്തർ ലോകകപ്പ് സ്റ്റേഡിയങ്ങളിൽ കുഴപ്പക്കാരായ അർജന്റീന ആരാധകരെ വിലക്കുമെന്ന് അർജന്റീനിയൻ തലസ്ഥാനമായ ബ്യുണസ് ഐറിസിലെ നിയമ, സുരക്ഷാകാര്യ മന്ത്രി അറിയിച്ചു. നിലവിൽ ആറായിരം അർജന്റീന ആരാധകർക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇതിൽ അർജന്റീനയിൽ തന്നെയുള്ള ആരാധകരെ ഖത്തർ ലോകകപ്പിനായി യാത്ര ചെയ്യാനും അനുവദിക്കുകയില്ല.

ഖത്തർ ലോകകപ്പിന്റെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ജൂണിൽ ഇതുമായി ബന്ധപ്പെട്ട് അർജന്റീനയും ഖത്തറും കരാറിൽ എത്തിയിരുന്നു. ഇപ്പോൾ വിലക്കിയിരിക്കുന്ന ആരാധകരിൽ മൂവായിരം പേർക്ക് അർജന്റീനയിലെ ആഭ്യന്തര മത്സരങ്ങളിൽ പോലും സ്റ്റേഡിയത്തിൽ പോകാൻ അനുവാദമില്ലാത്തവരാണ്.

ലോകകപ്പിന് ആരാധകരെ വിലക്കുന്നത് ഇതാദ്യമായല്ല. ഓരോ ലോകകപ്പിനും ഇത്തരത്തിലുള്ള നടപടികൾ വിവിധ രാജ്യങ്ങൾ കൈക്കൊള്ളാറുണ്ട്. നേരത്തെ ഇംഗ്ലണ്ട് തങ്ങളുടെ രണ്ടായിരത്തോളം ആരാധകരെ വിലക്കിയത് വാർത്തയായിരുന്നു. ഇതിനു പുറമെ നിരവധി രാജ്യങ്ങൾ ആരാധകർക്ക് വിലക്കും മുന്നറിയിപ്പും നൽകുന്നുണ്ട്.

fpm_start( "true" ); /* ]]> */