ബ്രസീൽ സ്‌ക്വാഡിൽ മാർട്ടിനെല്ലിയുടെ പേരു പ്രഖ്യാപിച്ചപ്പോൾ നെയ്‌മർ നടത്തിയ അസ്വാഭാവിക പ്രതികരണം ചർച്ചയാകുന്നു

കഴിഞ്ഞ ദിവസം ബ്രസീൽ സ്‌ക്വാഡ് പ്രഖ്യാപിച്ചതിനോട് നെയ്‌മർ നടത്തിയ പ്രതികരണം ചർച്ചകളിൽ ഇടം പിടിക്കുന്നു. സ്‌ക്വാഡ് പ്രഖ്യാപിച്ച സമയത്ത് തന്റെ പ്രതികരണം നെയ്‌മർ ലൈവ് ആയി സാമൂഹ്യമാധ്യമങ്ങളിൽ പങ്കു വെച്ചിരുന്നു. ബ്രസീൽ സ്‌ക്വാഡ് പ്രഖ്യാപനത്തിൽ ആഴ്‌സണൽ താരമായ ഗബ്രിയേൽ ജീസസിന്റെ പേരു പറഞ്ഞപ്പോൾ സന്തോഷിച്ച നെയ്‌മർ അതിനു ശേഷം ഗബ്രിയേൽ മാർട്ടിനെല്ലിയുടെ പേരു കേട്ടപ്പോൾ അത്ഭുതവും ഞെട്ടലും കലർന്ന ഒരു പ്രതികരണമാണ് നടത്തിയത്.

സ്‌ക്വാഡ് ലിസ്റ്റിന്റെ തുടക്കത്തിൽ തന്നെ ഗബ്രിയേൽ ജീസസിന്റെ പേരു പറയുമ്പോൾ നെയ്‌മർ തന്റെ സന്തോഷം പ്രകടിപ്പിക്കുന്നത് വ്യക്തമാണ്.സെപ്‌തംബറിൽ ഘാന, ടുണീഷ്യ എന്നിവർക്കെതിരെ നടന്ന സൗഹൃദ മത്സരത്തിൽ താരം കളിച്ചിരുന്നില്ല. ലോകകപ്പ് ടീമിലെ സ്ഥാനം മുൻ മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർക്ക് നഷ്‌ടമാകുമോയെന്ന സംശയമുണ്ടായെങ്കിലും ടിറ്റേയുടെ സ്‌ക്വാഡിൽ ഇടം പിടിക്കാൻ ജീസസിന് കഴിഞ്ഞു.

അതേസമയം മാർട്ടിനെല്ലിയുടെ പേരു പറയുമ്പോൾ പെട്ടന്ന് മുഖഭാവം മാറിയ നെയ്‌മർ അത്ഭുതവും ഞെട്ടലും കലർന്നൊരു ഭാവമാണ് കാണിക്കുന്നത്. ഇതിന്റെ കാരണമെന്താണെന്ന ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. നെയ്‌മറുടെ മുഖഭാവം മാറിയെന്നും എന്നാൽ ക്യാമറ മുന്നിലുണ്ടെന്ന ബോധമുള്ളതിനാൽ താരം അതിനെ മറച്ചു പിടിച്ചുവെന്നും പലരും അഭിപ്രായപ്പെടുന്നു.

മാർട്ടിനെല്ലിയെക്കുറിച്ച് നെയ്‌മർക്ക് വ്യക്തമായി അറിയില്ലെങ്കിൽ അതു ലോകകപ്പിൽ അറിയുമെന്നാണ് ഇതിനെക്കുറിച്ച് പലരും അഭിപ്രായപ്പെടുന്നത്. ഈ സീസണിൽ ആഴ്‌സണലിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന താരം ബ്രസീൽ ആരാധകരുടെ മനസു കവർന്ന കളിക്കാരനാണ്. ടിറ്റെ ആദ്യ ഇലവനിൽ തന്നെ താരത്തെ കളിപ്പിക്കണമെന്ന ആവശ്യവും ആരാധകർ ഉയർത്തുന്നുണ്ട്.