മികച്ച സ്‌ക്വാഡ് പ്രഖ്യാപിച്ചിട്ടും നെയ്‌മർക്ക് ആശങ്ക, അർജന്റീനയടക്കം അഞ്ചു ടീമുകൾ ബ്രസീലിനു ഭീഷണിയാകുമെന്ന് താരം

ഖത്തർ ലോകകപ്പിനായി ഏറ്റവും കരുത്തുറ്റ സ്‌ക്വാഡ് തന്നെയാണ് ബ്രസീൽ പരിശീലകൻ ടിറ്റെ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സീസണിൽ മികച്ച ഫോമിൽ കളിക്കുന്ന ആഴ്‌സണൽ പ്രതിരോധതാരം ഗബ്രിയേൽ, ലിവർപൂൾ മുന്നേറ്റനിര താരം ഫിർമിനോ എന്നിവരെ ഒഴിവാക്കിയത് ബ്രസീൽ സ്‌ക്വാഡിലെ പ്രതിഭാ ധാരാളിത്തം വ്യക്തമാക്കുന്നു. നിലവിൽ ടീമിലുള്ള താരങ്ങളെ മികച്ച രീതിയിൽ ഉപയോഗിക്കാൻ പരിശീലകന് കഴിഞ്ഞാൽ ലോകകിരീടം ഇരുപതു വർഷത്തിനു ശേഷം ബ്രസീലിലേക്ക് വരുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

അതേസമയം വമ്പൻ സ്ക്വാഡുണ്ടെങ്കിലും ബ്രസീലിനെ സംബന്ധിച്ച് ചില ടീമുകൾ ഭീഷണിയാണെന്നാണ് ടീമിലെ സൂപ്പർതാരമായ നെയ്‌മർ പറയുന്നത്. നിലവിലെ ലോകകപ്പ് ജേതാക്കളായ ഫ്രാൻസ്, കോപ്പ അമേരിക്ക കിരീടം നേടിയ അർജന്റീന, കഴിഞ്ഞ യൂറോ കപ്പ് ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ട് എന്നിവക്കു പുറമെ ജർമനി, ബെൽജിയം എന്നീ ടീമുകളും ഇത്തവണ ലോകകപ്പ് നേടാൻ ബ്രസീലിനു വലിയ ഭീഷണി ഉയർത്തുമെന്നാണ് നെയ്മർ കഴിഞ്ഞ ദിവസം പറഞ്ഞത്.

ലോകകപ്പിൽ സെർബിയ, സ്വിറ്റ്‌സർലൻഡ്, കാമറൂൺ എന്നീ ടീമുകളാണ് ബ്രസീലിനൊപ്പം ഗ്രൂപ്പ് ജിയിൽ ഉള്ളത്. പോർച്ചുഗലിന്റെ ഗ്രൂപ്പിൽ ഒന്നാമതെത്തിയ സെർബിയയും മികച്ച താരങ്ങളുള്ള സ്വിറ്റ്സർലാൻഡും ആഫ്രിക്കൻ കരുത്തുമായെത്തുന്ന കാമറൂണും ബ്രസീലിനു വെല്ലുവിളി ഉയർത്താൻ പോന്ന ടീമുകളാണ്. അതുകൊണ്ട് തന്നെ ഗ്രൂപ്പ് ഘട്ടം കടന്നാൽ ഏതു ടീമിനെയും നേരിടാനുള്ള കരുത്ത് ബ്രസീലിനു നേടാൻ കഴിയും.