റയലിനെ ഒന്നാം സ്ഥാനത്തു നിന്നും വീഴ്ത്തി റയോ വയ്യക്കാനോ, സീസണിൽ ലീഗിലെ ആദ്യ തോൽവി

ലാ ലീഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ റയോ വയ്യക്കാനൊക്കെതിരെ തോൽവി വഴങ്ങി റയൽ മാഡ്രിഡ്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് എവേ മൈതാനത്ത് റയൽ മാഡ്രിഡ് തോൽവി നേരിട്ടത്. ഈ സീസണിൽ ആദ്യമായി ലീഗിലെ ഒരു മത്സരത്തിൽ തോൽവി വഴങ്ങിയതോടെ ലാ ലീഗയിലെ ഒന്നാം സ്ഥാനവും റയൽ മാഡ്രിഡിന് നഷ്‌ടമായി.

സാന്റി കൊമേസനയുടെ ഗോളിൽ അഞ്ചാം മിനുട്ടിൽ തന്നെ റയോ വയ്യക്കാനോ മത്സരത്തിൽ മുന്നിലെത്തിയെങ്കിലും ലൂക്ക മോഡ്രിച്ച് മുപ്പത്തിയേഴാം മിനുട്ടിൽ നേടിയ പെനാൽറ്റി ഗോളും എഡർ മിലിറ്റാവോ നാല്‌പത്തിയൊന്നാം മിനുട്ടിൽ നേടിയ ഗോളും റയലിനെ മുന്നിലെത്തിച്ചു. എന്നാൽ മൂന്നു മിനിറ്റിനകം തന്നെ റയോ വയ്യക്കാനോ മത്സരത്തിലേക്ക് തിരിച്ചു വന്നു. അൽവാരോ ഗാർഷ്യയാണ് റയോ വയ്യക്കാനൊക്കായി ഗോൾ കണ്ടെത്തിയത്.

രണ്ടാം പകുതിയിൽ രണ്ടു ടീമുകളും വിജയത്തിനായി ശ്രമിക്കുന്നതിനിടയിൽ റയൽ മാഡ്രിഡ് താരം ഡാനി കർവാഹാൾ ബോക്സിൽ പന്ത് കൈ കൊണ്ട് തൊട്ടതിനു ലഭിച്ച പെനാൽറ്റിയാണ് റയോ വയ്യക്കാനോക്ക് മത്സരം സ്വന്തമാക്കാൻ സഹായിച്ചത്. പെനാൽറ്റിയെടുത്ത ഓസ്കാർ ട്രെജോ അതൊരു പിഴവും കൂടാതെ വലയിൽ എത്തിക്കുകയായിരുന്നു. തിരിച്ചു വരാൻ റയൽ ശ്രമങ്ങൾ നടത്തിയെങ്കിലും അതൊന്നും വിജയം കണ്ടില്ല.

നിലവിൽ പതിമൂന്നു മത്സരങ്ങളിൽ നിന്നും മുപ്പത്തിനാല് പോയിന്റുമായി ബാഴ്‌സലോണ ലീഗിൽ ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ റയൽ മാഡ്രിഡ് അത്രയും മത്സരങ്ങളിൽ നിന്നും മുപ്പത്തിരണ്ടു പോയിന്റുമായാണ് രണ്ടാം സ്ഥാനത്തു നിൽക്കുന്നത്. ഇനി ലോകകപ്പിനു മുൻപ് ബാഴ്‌സലോണയ്ക്ക് ഒസാസുനക്കെതിരെയും റയൽ മാഡ്രിഡിന് കാഡിസിനെതിരെയും മത്സരമുണ്ട്. അതിൽ ബാഴ്‌സയ്ക്ക് വിജയിക്കാൻ കഴിഞ്ഞാൽ ലോകകപ്പ് ഇടവേളക്ക് ഒന്നാം സ്ഥാനക്കാരായി അവർക്ക് പോകാൻ കഴിയും.