പുള്ളാവൂരിലെ കട്ടൗട്ടുകൾ ഫിഫ വരെയെത്തി, അഭിനന്ദനവുമായി മുഖ്യമന്ത്രിയും

കോഴിക്കോട് കൊടുവള്ളിയിലെ പുള്ളാവൂർ ചെറുപുഴയിൽ സ്ഥാപിച്ച കട്ടൗട്ടുകൾ ഫിഫ തങ്ങളുടെ ട്വിറ്റർ പേജിൽ ഷെയർ ചെയ്‌തു. നേരത്തെ ലയണൽ മെസിയുടെ കട്ടൗട്ട് പുഴയുടെ നടുവിൽ സ്ഥാപിച്ചത് ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെട്ടതിനു ശേഷം ഇപ്പോൾ നെയ്‌മർ, റൊണാൾഡോ എന്നിവരുടെ കൂടി കട്ടൗട്ടും ചേർന്ന ചിത്രമാണ് ഫിഫ ഷെയർ ചെയ്‌തിരിക്കുന്നത്‌.

ഇന്ത്യയിലെ കേരളത്തിൽ ഫുട്ബോൾ ആവേശമെത്തിയെന്നും മെസി, നെയ്‌മർ, റൊണാൾഡോ എന്നിവരുടെ കൂറ്റൻ കട്ടൗട്ടുകൾ കേരളത്തിലെ ഒരു പ്രാദേശിക നദിയിൽ ആരാധകർ സ്ഥാപിച്ചു എന്നുമാണ് ഫിഫ ഷെയർ ചെയ്‌ത ചിത്രത്തിലുള്ളത്. ഫിഫയുടെ ട്വീറ്റ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ റീട്വീറ്റ് ചെയ്‌ത്‌ നന്ദി പറഞ്ഞത് ഫുട്ബോൾ ആരാധകർക്കുള്ള പിന്തുണ വ്യക്തമാക്കുന്നു.

കേരളവും കേരളത്തിലുള്ളവരും ഫുട്ബോളിനെ വളരെയധികം ഇഷ്‌ടപ്പെടുന്ന ആളുകളാണെന്നും ഖത്തർ ലോകകപ്പിനായി അതിന്റെ ഏറ്റവും മികച്ച ഒരുക്കങ്ങൾ നടത്തുന്നുണ്ടെന്നും കുറിച്ച പിണറായി വിജയൻ കേരളത്തിന്റെ ഫുട്ബോൾ ആവേശത്തെ അടയാളപ്പെടുത്തിയ ഫിഫക്ക് നന്ദി പറയുകയും ചെയ്‌തു.

അതേസമയം നദിയിൽ സ്ഥാപിച്ച കട്ടൗട്ടുകൾ നീക്കം ചെയ്യാൻ വേണ്ടി പ്രവർത്തിച്ചവർക്ക് വലിയ തിരിച്ചടിയാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നത്. കേരളത്തിലെ ഫുട്ബോൾ ആരാധകരുടെ ഒപ്പമാണ് ഏവരുമെന്ന് ഇതു വ്യക്തമാക്കുന്നു.