മെസി ഗോളിൽ ബ്രസീലിനെ തോൽപ്പിച്ച് അർജന്റീന ഖത്തർ ലോകകപ്പ് സ്വന്തമാക്കും, മെസി ഗോൾഡൻ ബൂട്ട് നേടും

2010 മുതലുള്ള ലോകകപ്പ് വിജയികളെ കൃത്യമായി പ്രവചിച്ചിട്ടുള്ള പ്രമുഖ ഗെയിം ഡെവലപ്പർമാരായ ഇഎ സ്പോർട്ട്സ് ഖത്തർ ലോകകപ്പ് അർജന്റീന നേടുമെന്ന് പ്രവചിച്ചു. ഫൈനലിൽ ബ്രസീലിനെ കീഴടക്കി അർജന്റീന കിരീടമുയർത്തുമെന്നാണ് അവർ വ്യക്തമാക്കുന്നത്. ലയണൽ മെസിയാണ് അർജന്റീനയുടെ വിജയഗോൾ നേടുകയെന്നും അവർ വ്യക്തമാക്കുന്നു.

ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടം മുതലുള്ള കാര്യങ്ങൾ തങ്ങളുടെ സിമുലേറ്റർ ഉപയോഗിച്ച് ഇഎ സ്പോർട്ട് പ്രവചിച്ചിട്ടുണ്ട്. ഡെന്മാർക്ക്, നെതർലാൻഡ്‌സ്, ഫ്രാൻസ് എന്നീ ടീമുകളെ നോക്ക്ഔട്ട് മത്സരങ്ങളിൽ കീഴടക്കി അർജന്റീന ഫൈനലിലെത്തുമ്പോൾ സൗത്ത് കൊറിയ, ജർമനി, പോർച്ചുഗൽ എന്നിവരെ പ്രീ ക്വാർട്ടർ മുതലിങ്ങോട്ടുള്ള മത്സരങ്ങളിൽ കീഴടക്കിയാണ് ബ്രസീൽ ഫൈനലിൽ എത്തുക. രണ്ടു ടീമുകളും ഗ്രൂപ്പിൽ നിന്നും അനായാസമാണ് നോക്ക്ഔട്ടിലെത്തുക.

2022 ലോകകപ്പ് ഫൈനലിൽ കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനൽ പോലെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അർജന്റീന വിജയം നേടുക. ലയണൽ മെസി ടൂർണമെന്റിലെ തന്റെ എട്ടാമത്തെ ഗോളാണ് ഫൈനലിൽ കുറിക്കുക. ലയണൽ മെസിക്ക് തന്നെയാണ് ടൂർണമെന്റിലെ ഗോൾഡൻ ബൂട്ട് പുരസ്‌കാരം ലഭിക്കുക. അർജന്റീന ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസ് ഗോൾഡൻ ഗ്ലോവും സ്വന്തമാക്കും.