ആരാധകരുടെ ആവേശം അതിരുവിട്ടപ്പോൾ അനിഷ്ട സംഭവങ്ങൾ, പരേഡ് മുഴുവനാക്കാതെ ഹെലികോപ്റ്ററിൽ രക്ഷപ്പെട്ട് അർജന്റീന താരങ്ങൾ
മുപ്പത്തിയാറു വർഷത്തിനു ശേഷം അർജന്റീന ലോകകപ്പ് ഉയർത്തിയതാഘോഷിക്കാൻ രാജ്യത്തു നടന്ന പരേഡിനിടെ അനിഷ്ട സംഭവങ്ങൾ. ബ്യുണസ് അയേഴ്സിലെ ഒബെലിസ്കോ സ്ക്വയറിൽ നാൽപതു ലക്ഷത്തോളം ആരാധകരാണ് അർജന്റീനയുടെ വിജയാഹ്ലാദ പരേഡ് കാണാൻ തടിച്ചു കൂടിയിരുന്നത്. ജനങ്ങളെ നിയന്ത്രിക്കാൻ പോലീസ് പലപ്പോഴും വളരെയധികം കഷ്ട്ടപ്പെട്ടു.
രാജ്യത്താകെ പൊതു അവധി നൽകിയതിനു ശേഷമാണ് അർജന്റീനയുടെ വിജയം ആഘോഷിക്കാനുള്ള പരേഡ് നടന്നത്. കഴിഞ്ഞ വർഷം കോപ്പ അമേരിക്ക നേടിയതിനു പിന്നാലെ ലയണൽ മെസിയും സംഘവും ലോകകപ്പും നേടിയത് ആരാധകരുടെ ആവേശം വാനോളമെത്തിച്ചു. പരേഡ് ബസിന്റെ അരികിലേക്ക് വരാനും താരങ്ങൾക്ക് വിവിധ സാധനങ്ങൾ എറിഞ്ഞു നൽകിയുമെല്ലാം അവർ തങ്ങളുടെ ആവേശം പ്രകടിപ്പിച്ചു കൊണ്ടിരുന്നു.
We’ve been so close to a tragic event at Argentina team celebration.
Messi, Di Maria, De Paul and Paredes went that close to being hanged by a high tension cable;
Paredes even almost slightly touched it pic.twitter.com/6TxTMTwp6S
— Tancredi Palmeri (@tancredipalmeri) December 20, 2022
പരേഡിന്റെ തുടക്കത്തിൽ തന്നെയുണ്ടായി ഒരു അപകടത്തിൽ നിന്നും അർജന്റീനയുടെ അഞ്ചു താരങ്ങൾ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. പരേഡ് ബസിന്റെ ഏറ്റവും ഉയർന്ന ഭാഗത്ത് മെസി, ഡി മരിയ, ഒട്ടമെന്റി, ഡി പോൾ, പരഡെസ് തുടങ്ങിയ താരങ്ങൾ ഇരുന്നാണ് ആരാധകരെ അഭിവാദ്യം ചെയ്തിരുന്നത്. ഇതിനിടയിൽ തടിച്ചൊരു കേബിൾ കുറുകെ വന്നു. താരങ്ങൾ ഞൊടിയിടയിൽ തല താഴ്ത്തിയതിനാൽ അതിൽ തടഞ്ഞില്ല. ഇല്ലെങ്കിൽ അവർ താഴെ വീഴുമായിരുന്നു എന്നുറപ്പാണ്.
ഇതിനു പുറമെ ഒരു പാലത്തിനടിയിലൂടെ പോകുമ്പോൾ ആരാധകർ ടീം ബസിലേക്ക് എടുത്തു ചാടുകയും ചെയ്തു. പാലത്തിൽ നിന്നും എടുത്തു ചാടിയ ഒരു ആരാധകൻ ടീം ബസിന്റെ ഉള്ളിലേക്ക് തന്നെ കൃത്യമായി എത്തിയെങ്കിലും മറ്റൊരു ആരാധകൻ ബസിന്റെ പിൻഭാഗത്തു തട്ടി താഴേക്ക് വീണു. ഇതെല്ലാം കാരണമാണ് പരേഡ് നിശ്ചയിച്ചതിനേക്കാൾ മുൻപേ അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
Fans jump from a bridge on Argentina’s team bus. One falls, taken away on a stretcher, but still singing.
Never seen anything like this! 🇦🇷🏆pic.twitter.com/HsT9DTTvj8
— Adriano Del Monte (@adriandelmonte) December 20, 2022
ജനങ്ങൾ തടിച്ചു കൂടിയതു കാരണം ഒബെലിസ്കോ സ്ക്വയറിലേക്ക് വാഹനത്തിനു വരാൻ കഴിയാത്ത സാഹചര്യവുമുണ്ടായി. ഇതിനെ തുടർന്നാണ് താരങ്ങളെ ഹെലികോപ്റ്ററിലേക്ക് മാറ്റിയത്. തങ്ങളെ കാണാനെത്തിയ ആരാധകരെ ഹെലികോപ്റ്ററിൽ അഭിവാദ്യം ചെയ്യാനേ അർജന്റീന താരങ്ങൾക്ക് കഴിഞ്ഞുള്ളു. മതിയായ വിശ്രമത്തിനു ശേഷം അർജന്റീന താരങ്ങൾ അവരുടെ ക്ലബിനൊപ്പം ചേരും.