ലുസൈൽ സ്റ്റേഡിയത്തിൽ അർജന്റീന ആരാധകർ ഒരുക്കുക ഒരു ലോകകപ്പും ഇന്ന് വരെ കാണാത്ത അന്തരീക്ഷം

ഖത്തർ ലോകകപ്പ് അതിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇനി ലൂസേഴ്‌സ് ഫൈനൽ, ഫൈനൽ മത്സരങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. മൊറോക്കോയും ക്രൊയേഷ്യയും തമ്മിലുള്ള ലൂസേഴ്‌സ് ഫൈനൽ ശനിയാഴ്‌ച നടക്കുമ്പോൾ അർജന്റീനയും ഫ്രാൻസും തമ്മിലുള്ള ഫൈനൽ പോരാട്ടം ഞായറാഴ്‌ച രാത്രി ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കും. ആരാധകർ ആവേശത്തോടെയാണ് ഈ രണ്ടു മത്സരങ്ങൾക്കും കാത്തിരിക്കുന്നത്.

അതേസമയം ഒരു ലോകകപ്പ് ഫൈനൽ പോരാട്ടവും ഇന്നുവരെ കാണാത്ത അന്തരീക്ഷമാകും ഫൈനലിനായി ലുസൈൽ സ്റ്റേഡിയത്തിൽ അർജന്റീന ആരാധകർ ഒരുക്കുക. തൊണ്ണൂറായിരം പേരോളം ഇരിക്കാവുന്ന ലുസൈൽ സ്റ്റേഡിയത്തിൽ അൻപതിനായിരം അർജന്റീന ആരാധകരാണ് മത്സരം കാണാനുണ്ടാവുക. ബലൂൺ, പതാകകൾ, സ്‌കാർഫുകൾ എന്നിവയായി പതിനയ്യായിരത്തോളം വസ്‌തുക്കൾ ഈ ആരാധകർ സ്റ്റേഡിയത്തിലേക്ക് കൊണ്ടു വന്ന് അർജന്റീനക്ക് പിന്തുണ അറിയിക്കും.

അർജന്റീനയിൽ നിന്ന് മാത്രമുള്ള ആരാധകരുടെ കണക്കാണ് ഇതിൽ പറഞ്ഞത്. ഇന്ത്യ അടക്കമുള്ള മറ്റു രാജ്യങ്ങളിൽ നിന്നുള്ള നിരവധി അർജന്റീന, മെസി ആരാധകരും മത്സരം കാണാനെത്തുമെന്ന കാര്യത്തിൽ സംശയമില്ല. ഇതോടെ സ്റ്റേഡിയത്തിന്റെ പിന്തുണ പൂർണമായും അർജന്റീനക്കാവും. നേരത്തെ നടന്ന മത്സരങ്ങളിലും അർജന്റീനക്ക് ഭൂരിഭാഗം കാണികളുടെ പിന്തുണയും ലഭിച്ചിരുന്നു. ഫൈനലിലും അതാവർത്തിക്കപ്പെടും.

അർജന്റീന ആരാധകർ ഇപ്പോഴും ഫൈനൽ മത്സരത്തിനുള്ള ടിക്കറ്റുകൾ നേടാനായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ് എന്നതിനാൽ അവരുടെ എണ്ണം കൂടാൻ തന്നെയാണ് സാധ്യത. നാലിരട്ടി വിലയാണ് അർജന്റീനയിൽ നിന്നുമെത്തിയ ആരാധകർ ടിക്കറ്റുകൾക്കായി വാഗ്‌ദാനം ചെയ്യുന്നത്. സ്റ്റേഡിയത്തിനകത്തും പുറത്തും അർജന്റീന ആരാധകരാൽ മുഖരിതമാകുമെന്ന് ഇതിൽ നിന്നും വ്യക്തമാണ്. അതേസമയം സ്റ്റേഡിയത്തിൽ അർജന്റീന ആരാധകരുടെ ആധിപത്യമുള്ളതിൽ ഫ്രാൻസിന് ഭയമുണ്ടാകില്ല. സെമി ഫൈനലിൽ മൊറോക്കോ ആരാധകർക്ക് സ്റ്റേഡിയത്തിൽ ആധിപത്യമുണ്ടായിട്ടും മത്സരം വിജയിക്കാൻ ഫ്രാൻസിന് കഴിഞ്ഞിരുന്നു.