മെസിയില്ലാതെ ഇറങ്ങാൻ അർജന്റീന തയ്യാറെടുക്കുന്നു, ലൈനപ്പ് തീരുമാനിച്ച് ലയണൽ സ്‌കലോണി | Argentina

ഇന്റർനാഷണൽ ബ്രേക്കിലെ സൗഹൃദമത്സരങ്ങൾക്കായി നാളെ അർജന്റീന ദേശീയ ടീം ഇറങ്ങാനിരിക്കുമ്പോൾ ടീമിലെ പ്രധാനതാരവും നായകനുമായ ലയണൽ മെസിയുടെ അസാന്നിധ്യം ശ്രദ്ധേയമാണ്. ഇന്റർ മിയാമിക്കൊപ്പം അവസാനം കളിച്ച മത്സരത്തിൽ പരിക്കേറ്റ മെസി വ്യക്തിഗത പരിശീലനം ആരംഭിച്ചെങ്കിലും താരത്തിന് കൂടുതൽ വിശ്രമം അനുവദിക്കുകയായിരുന്നു.

ഐവറി കോസ്റ്റ്, നൈജീരിയ എന്നീ വമ്പൻ ടീമുകൾക്കെതിരെയുള്ള മത്സരം റദ്ദാക്കേണ്ടി വന്നതിനാൽ എൽ സാൽവദോർ, കോസ്റ്റാറിക്ക എന്നീ ടീമുകളെയാണ് അർജന്റീന നേരിടുന്നത്. ലയണൽ മെസിയുടെ അഭാവത്തിൽ ഇറങ്ങുന്ന അർജന്റീന ടീമിന്റെ ആദ്യ ഇലവൻ പരിശീലകൻ സ്‌കലോണി ഏറെക്കുറെ തീരുമാനിച്ചുവെന്നും പരിശീലനത്തിൽ അത് പരീക്ഷിച്ചുവെന്നുമാണ് റിപ്പോർട്ടുകൾ.

എമിലിയാനോ മാർട്ടിനസ് ഗോൾവല കാക്കുന്ന മത്സരത്തിൽ ക്രിസ്റ്റ്യൻ റൊമേരോക്കൊപ്പം യുഡിനസ് താരം നഹ്വൻ പെരസായിരിക്കും സെന്റർ ബാക്കായി ഉണ്ടാവുകയെന്നത് പ്രധാന മാറ്റമാണ്. ടാഗ്ലിയാഫിക്കോ, മോളിന എന്നിവർ തന്നെയാണ് ഫുൾ ബാക്കുകളായി ഇറങ്ങുക. മധ്യനിരയിൽ ഡി പോൾ, എൻസോ, പരഡെസ്, നിക്കോ അല്ലെങ്കിൽ ലോ സെൽസോ എന്നിവർ ഇറങ്ങും.

ലയണൽ മെസിയുടെ അഭാവത്തിൽ ആക്രമണനിരയെ നയിക്കുന്നത് ഏഞ്ചൽ ഡി മരിയയും ലൗടാരോ മാർട്ടിനസും ചേർന്നായിരിക്കും. ഇറ്റാലിയൻ ലീഗിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന ലൗടാരോ മാർട്ടിനസ് കഴിഞ്ഞ ലോകകപ്പിൽ നിറം മങ്ങിയ പ്രകടനമാണ് നടത്തിയത്. അതുകൊണ്ടു തന്നെ താരത്തിന് ദേശീയ ടീമിനൊപ്പം ഫോമിലെത്താനുള്ള ഒരവസരം കൂടിയാണിത്.

ലയണൽ മെസിയില്ലാതെ അർജന്റീന എങ്ങിനെയാണ് കളിക്കുകയെന്നത് ആരാധകർ ഉറ്റു നോക്കുന്നുണ്ട്. ദേശീയ ടീമിനൊപ്പം ഇനി കുറച്ചു കാലം കൂടിയേ ലയണൽ മെസിയുണ്ടാകൂ എന്നുറപ്പാണ്. അതുകൊണ്ടു തന്നെ ലയണൽ മെസിയില്ലാതെയും ടീമിനെക്കൊണ്ട് മികച്ച പ്രകടനം നടത്തിക്കാൻ സ്‌കലോണിക്ക് കഴിഞ്ഞാൽ അത് ആരാധകരുടെ ആത്മവിശ്വാസം കൂടി വർധിപ്പിക്കുന്ന ഒന്നായിരിക്കും.

Argentina Possible Lineup Against El Salvador