സോട്ടിരിയോയും മടങ്ങി വരാൻ തയ്യാറെടുക്കുന്നു, അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ചു | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലും ബ്ലാസ്റ്റേഴ്‌സിന് പ്രതീക്ഷകൾ കുറവായിട്ടുണ്ട്. സീസണിന്റെ ആദ്യത്തെ പകുതിയിൽ മികച്ച പ്രകടനം നടത്തി ഒന്നാം സ്ഥാനത്തു നിന്നിരുന്ന ടീം രണ്ടാം പകുതിയിൽ തുടർച്ചയായ പരാജയങ്ങൾ ഏറ്റു വാങ്ങുകയാണ്. പ്രധാന താരങ്ങൾ പരിക്കേറ്റു പുറത്തു പോയപ്പോൾ ടീമിന്റെ സന്തുലിതാവസ്ഥ നഷ്‌ടമായതാണ് ബ്ലാസ്റ്റേഴ്‌സിന്റെ മോശം ഫോമിന് പ്രധാന കാരണമായത്.

ഈ സീസണിൽ ഫോം ഫോം വീണ്ടെടുക്കാൻ കഴിഞ്ഞാൽ ബ്ലാസ്റ്റേഴ്‌സിന് ഐഎസ്എൽ കിരീടം നേടാമെന്ന പ്രതീക്ഷയുണ്ടെങ്കിലും അത് ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്. എന്തായാലും ഈ സീസണിലെ തിരിച്ചടികൾ അടുത്ത സീസണിൽ ഉണ്ടാകാതിരിക്കാൻ ബ്ലാസ്റ്റേഴ്‌സ് നേതൃത്വം ശ്രദ്ധിക്കുന്നുണ്ട്. അതിനുള്ള പദ്ധതികൾ അവർ ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്‌.

അടുത്ത സീസണിൽ ആരൊക്കെ ടീമിലുണ്ടാകണം, ആരൊക്കെ പുറത്തു പോകണമെന്ന കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് നേതൃത്വം തീരുമാനത്തിൽ എത്തിയിട്ടുണ്ട്. നോവ സദൂയിയെ ബ്ലാസ്റ്റേഴ്‌സ് നേരത്തെ സ്വന്തമാക്കിയത് ഇതിന്റെ ഭാഗമായാണ്. ഇതിനു പുറമെ സീസൺ ആരംഭിക്കുന്നതിനു മുൻപ് തന്നെ പരിക്കേറ്റു പുറത്തു പോയ ഓസ്‌ട്രേലിയൻ താരം ജോഷുവ സോട്ടിരിയോ ഏപ്രിലിൽ പരിശീലനം ആരംഭിക്കും.

ഏപ്രിലിൽ പരിശീലനം ആരംഭിക്കുമെങ്കിലും ഈ സീസണിൽ താരം ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിക്കില്ല. അടുത്ത സീസണിലേക്ക് ഒരു പ്രധാന താരമായി സോട്ടിരിയോയെ ബ്ലാസ്റ്റേഴ്‌സ് നേതൃത്വം കാണുന്നുണ്ട്. നേരത്തെ തന്നെ സഹതാരങ്ങളുമായി ഒത്തിണക്കം വരികയും ഇവാന്റെ പദ്ധതികൾ കൃത്യമായി മനസിലാക്കുകയും ചെയ്‌താൽ അത് അടുത്ത സീസണിൽ കൂടുതൽ ഗുണം ചെയ്യും.

ബ്ലാസ്റ്റേഴ്‌സ് നേതൃത്വത്തെ സംബന്ധിച്ച് ഇനി പ്രധാനമായുള്ളത് നിലവിൽ ടീമിലുള്ള താരങ്ങളുടെ കരാർ പുതുക്കലാണ്. അഡ്രിയാൻ ലൂണ, ദിമിത്രിയോസ്, ഡ്രിൻസിച്ച് എന്നിവരുമായുള്ള കരാർ കൂടി പുതുക്കാൻ കഴിഞ്ഞാൽ അതൊരു വലിയ നേട്ടമാകും. അടുത്ത സീസണിലേക്കുള്ള പ്രവർത്തനങ്ങൾ നേരത്തെ ആരംഭിക്കാനും അത് സഹായിക്കും.

Kerala Blasters Start Preparations For Next Season