ലോകകപ്പ് നേടിയതിനു പിന്നാലെ കേരളത്തിന് നന്ദി പറഞ്ഞ് അർജന്റീന

ഖത്തർ ലോകകപ്പിന് മുൻപ് തന്നെ ആഗോളതലത്തിൽ അർജന്റീന ആരാധനയുടെ പേരിൽ കേരളം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കോഴിക്കോട് പുള്ളാവൂർ പുഴയിൽ സ്ഥാപിച്ച ലയണൽ മെസിയുടെ കട്ടൗട്ടാണ് ഇതിൽ ഏറ്റവുമധികം തരംഗം സൃഷ്‌ടിച്ചത്. ആഗോളതലത്തിൽ നിരവധി പ്രമുഖ മാധ്യമങ്ങൾ അതിന്റെ ചിത്രം ഏറ്റെടുത്തപ്പോൾ അർജന്റീനയിലേക്കും ഈ വാർത്തയെത്തി. നിരവധി അർജന്റീനിയൻ മാധ്യമങ്ങളും ഇതിന്റെ ചിത്രം പങ്കു വെച്ചു.

ലോകകപ്പിൽ അർജന്റീനക്കൊപ്പം നിന്ന് ആരവം തീർക്കാൻ മലയാളികളും ഉണ്ടായിരുന്നു. ലോകകപ്പ് വേദിയായ ഖത്തറിലും കേരളത്തിലെ വിവിധ സ്ഥലങ്ങളിലും ഇവർ ലയണൽ മെസിക്കും സംഘത്തിനുമായി ആർപ്പുവിളികൾ നടത്തി. ഇതിന്റെ ദൃശ്യങ്ങളും വിവിധ മാധ്യമങ്ങളിൽ വന്നതോടെ ഫുട്ബോളിനും അർജന്റീനക്കും വലിയ രീതിയിലുള്ള പിന്തുണ ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലുമുണ്ടെന്ന് ലോകം മനസിലാക്കി തുടങ്ങുകയായിരുന്നു.

ഇപ്പോൾ ഖത്തർ ലോകകപ്പിൽ ടീമിന് മലയാളികൾ നൽകിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് അർജന്റീന തന്നെ എത്തിയിരിക്കുകയാണ്. തങ്ങളുടെ ഒഫീഷ്യൽ ട്വിറ്റർ പേജിലാണ് അവർ കേരളത്തിന് നന്ദി അറിയിച്ചത്. അർജന്റീനയുടെ ലോകകപ്പ് വിജയം ആഘോഷിക്കുന്ന ബംഗ്ലാദേശ് സ്വദേശികളുടെ വീഡിയോ ഷെയർ ചെയ്‌തതിനു ശേഷം കേരളത്തിനും ഇന്ത്യക്കും ബംഗ്ലാദേശിനും പാക്കിസ്ഥാനും നന്ദിയെന്നും നിങ്ങളുടെ പിന്തുണ മനോഹരമാണെന്നുമാണ് അവർ ട്വീറ്റ് ചെയ്‌തത്‌.

സോഷ്യൽ മീഡിയ ലോകത്തെ തമ്മിൽ അടുപ്പിക്കുന്നതിന്റെ വലിയൊരു സൂചകമാണ് കേരളത്തിന്റെ സ്നേഹത്തിനുള്ള അർജന്റീനയുടെ നന്ദി പറച്ചിൽ. ലോകകപ്പിലും കോപ്പ അമേരിക്ക ടൂർണമെന്റിലും അർജന്റീനക്ക് വളരെക്കാലമായി കേരളത്തിൽ നിന്നും പിന്തുണ ലഭിക്കുന്നുണ്ട്. ഇത് അർജന്റീന വിജയം നേടിയ ലോകകപ്പിൽ തന്നെ തിരിച്ചറിയപ്പെട്ടത് മലയാളി ആരാധകർക്ക് കൂടുതൽ സന്തോഷം നൽകുന്നു.