ബാഴ്സലോണ ആരാധകർക്ക് ശുഭവാർത്ത, ലയണൽ മെസി അടുത്ത സമ്മറിൽ ക്ലബ്ബിലേക്ക് തിരിച്ചെത്തും
2021 സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ലയണൽ മെസിക്ക് ബാഴ്സലോണ വിടേണ്ടി വന്നത് ക്ലബിന്റെ ആരാധകർക്ക് തെല്ലൊന്നുമല്ല നിരാശ സമ്മാനിച്ചത്. ബാഴ്സയുടെ സാമ്പത്തികപ്രതിസന്ധികളെ തുടർന്നാണ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരവുമായി അവർക്ക് കരാർ പുതുക്കാൻ കഴിയാതെ വന്നത്. കോപ്പ അമേരിക്ക കിരീടം അർജന്റീനക്കൊപ്പം നേടിയതിന്റെ സന്തോഷത്തിലാണ് എത്തിയതെങ്കിലും ബാഴ്സലോണയിൽ തുടരുക യാതൊരു തരത്തിലും സാധ്യമല്ലെന്നു മനസിലാക്കിയ ലയണൽ മെസി രണ്ടു വർഷത്തെ കരാറിൽ ഫ്രഞ്ച് ക്ലബായ പിഎസ്ജിയിലേക്ക് ചേക്കേറുകയും ചെയ്തു.
പിഎസ്ജിയിൽ എത്തിയ ലയണൽ മെസിക്ക് കഴിഞ്ഞ സീസണിൽ തന്റെ പ്രതിഭയെ ന്യായീകരിക്കുന്ന പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. അതുപോലെത്തന്നെ മെസിയുടെ അഭാവത്തിൽ ബാഴ്സലോണയും മോശം പ്രകടനമാണ് കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ പുറത്തെടുത്തത്. സാവി പരിശീലകനായി വന്നതിനു ശേഷമാണ് ബാഴ്സലോണ മികച്ച കളി കാഴ്ച വെക്കാനാരംഭിച്ചതും സീസണിൽ ലീഗിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തതും. ആ സമയമെല്ലാം ലയണൽ മെസി ബാഴ്സയിലേക്ക് തിരിച്ചു വരുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ശക്തമായി ഉയരുകയും ചെയ്തിരുന്നു.
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തെ അപേക്ഷിച്ച് സാമ്പത്തിക പ്രതിസന്ധികളെ അതിജീവിച്ച ബാഴ്സലോണയിലേക്ക് അടുത്ത സമ്മറിൽ ലയണൽ മെസി തിരിച്ചു വരുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അർജന്റീനിയൻ ജേർണലിസ്റ്റും മെസിയുടെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്നയാളുമായ വെറോണിക്കാ ബ്രുനാട്ടിയാണ് ഇക്കാര്യം പുറത്തു വിട്ടത്. പിഎസ്ജി കരാർ ജൂണിൽ അവസാനിക്കുമെന്നിരിക്കെ 2023 ജൂലൈ മുതൽ ലയണൽ മെസി ബാഴ്സലോണ താരമാകുമെന്നാണ് അവർ വെളിപ്പെടുത്തുന്നത്.
For those who don't understand this tweet. Lionel Messi will be a Barcelona player by 1st July 2023. #PulseSportsUganda pic.twitter.com/X7ruA8UUrO
— Pulse Sports Uganda (@PulseSportsUG) October 4, 2022
കഴിഞ്ഞ സീസണിൽ പിഎസ്ജിയിൽ എത്തിയ ലയണൽ മെസി രണ്ടു വർഷത്തെ കരാറാണ് ക്ലബുമായി ഒപ്പുവെച്ചത്. ഇതൊരു വർഷത്തേക്കു കൂടി പുതുക്കാനുള്ള ഉടമ്പടി കരാറിലുണ്ടെങ്കിലും അതിൽ തീരുമാനമെടുക്കാനുള്ള അവകാശം ലയണൽ മെസിക്ക് മാത്രമാണ്. താരവുമായി കരാർ പുതുക്കാൻ ഫ്രഞ്ച് ക്ലബ് തങ്ങളാൽ കഴിയുന്ന വിധത്തിലുള്ള പരിശ്രമം നടത്തുന്നുണ്ടെങ്കിലും അതിലവർ പരാജയപെടുമെന്നാണ് അർജന്റീനിയൻ ജേർണലിസ്റ്റിന്റെ റിപ്പോർട്ടുകൾ പറയുന്നത്.
കഴിഞ്ഞ സീസണിൽ പിഎസ്ജിക്കൊപ്പം തന്റെ ഏറ്റവും മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലെങ്കിലും ഈ സീസണിൽ ഗോൾ നേടുന്നതിലും ഗോളവസരങ്ങൾ ഒരുക്കി നൽകുന്നതിലും മെസി മുന്നിലാണ്. ക്ലബ്ബിനായും ദേശീയടീമിനായും ഈ സീസണിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന താരം സാവിയുടെ കീഴിൽ മികവു കാണിക്കുന്ന ബാഴ്സലോണ ടീമിനൊപ്പം ചേരുന്നതിനെക്കുറിച്ച് ആരാധകർ സ്വപ്നം കാണുന്നുണ്ട്. മെസിയെ തിരിച്ചെത്തിക്കാനുള്ള സാമ്പത്തികശേഷി ഇപ്പോൾ ബാഴ്സക്കുണ്ടെന്ന് ക്ലബിന്റെ സാമ്പത്തികവിഭാഗം മേധാവി അഭിപ്രായപ്പെട്ടതും ഇതിനൊപ്പം ചേർത്തു വായിക്കാം.