ബാഴ്‌സലോണയുടെ ചാമ്പ്യൻസ് ലീഗ് തോൽവി, റഫറിക്കെതിരെ രൂക്ഷമായ വിമർശനം നടത്തി സാവി

ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന സുപ്രധാന മത്സരത്തിൽ ഇന്റർ മിലാനെതിരെ ബാഴ്‌സലോണ തോൽവി വഴങ്ങിയതിനു പിന്നാലെ റഫറിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് പരിശീലകൻ സാവി ഹെർണാണ്ടസ്. മധ്യനിര താരം ഹകൻ കാലനോഗ്ലു മത്സരത്തിന്റെ ആദ്യപകുതിയിൽ നേടിയ ഒരേയൊരു ഗോളിലാണ് സ്വന്തം മൈതാനത്തു നടന്ന മത്സരത്തിൽ ഇന്റർ മിലാൻ വിജയം നേടിയത്. ഇതോടെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിൽ ബയേൺ മ്യൂണിക്കിനും ഇന്റർ മിലാനും പിന്നിൽ ബാഴ്‌സലോണ മൂന്നാം സ്ഥാനത്തേക്ക് വീണിരുന്നു.

മത്സരത്തിൽ ബാഴ്‌സലോണ നേടിയ ഗോൾ നിഷേധിക്കുകയും ഒരു പെനാൽറ്റി അനുവദിക്കാതിരിക്കുകയും ചെയ്‌ത റഫറിയുടെ തീരുമാനത്തെയാണ് സാവി മത്സരത്തിനു ശേഷം ചോദ്യം ചെയ്‌തത്‌. മത്സരത്തിന്റെ അറുപത്തിയേഴാം മിനുട്ടിൽ പെഡ്രി ബാഴ്‌സക്കു വേണ്ടി സമനില ഗോൾ നേടിയെങ്കിലും അതിനു മുൻപ് ഒനാന ക്ലിയർ ചെയ്‌ത ഫാറ്റിയുടെ കയ്യിൽ കൊണ്ടാണ് പെഡ്രിയുടെ കാലിൽ എത്തിയത്. ഫിഫയുടെ നിയമപ്രകാരം മനഃപൂർവമല്ലാതെ സഹതാരത്തിന്റെ കയ്യിൽ കൊണ്ട് ഗോളിലേക്കോ ഗോളവസരം സൃഷ്‌ടിക്കുന്നതിലേക്കോ വഴി തുറന്നാൽ അതൊരു കുറ്റമായി കണക്കാക്കാൻ കഴിയില്ല എന്നിരിക്കെയാണ് റഫറി ബാഴ്‌സലോണയുടെ ഗോൾ നിഷേധിച്ചത്.

ഇതിനു പുറമെ ബാഴ്‌സലോണയ്ക്ക് അനുവദിക്കേണ്ട ഒരു പെനാൽറ്റിയും റഫറി നിഷേധിച്ചിരുന്നു. ഇന്റർ മിലാൻ താരമായ ഡുംഫ്രെയ്‌സ് ബോക്‌സിലേക്ക് ഉയർന്നു വന്ന പന്ത് ഹെഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അതു താരത്തിന്റെ കയ്യിൽ തട്ടി തെറിക്കുകയായിരുന്നു. അതിന്റെ വീഡിയോ ദൃശ്യങ്ങൾ റഫറി പരിശോധിച്ചു എങ്കിലും പെനാൽറ്റി നൽകേണ്ടെന്ന തീരുമാനമാണ് എടുത്തത്. ഇതിനെതിരെയും സാവി മത്സരത്തിനു ശേഷം പ്രതികരിച്ചു.

“അതു നിർണായകമായ ഒന്നായിരുന്നു, പക്ഷെ അതേക്കുറിച്ച് എനിക്കൊന്നും പറയാനില്ല, ഞാനൊരു തീരുമാനവും എടുത്തിട്ടുമില്ല. റഫറിയാണ് തീരുമാനം എടുത്തത്, അതുകൊണ്ടു തന്നെ അദ്ദേഹം എന്താണ് സംഭവിച്ചതെന്ന് വിശദീകരണം നൽകാൻ ബാധ്യസ്ഥനുമാണ്.” മത്സരത്തിനു ശേഷം ബീയിൻ സ്പോർട്ട്സിനോട് സംസാരിക്കുമ്പോൾ സാവി പറഞ്ഞു. ബാഴ്‌സലോണയാണ് കളിയിൽ ആധിപത്യം സ്ഥാപിച്ചതെന്നും നിരവധി അവസരങ്ങൾ ടീം സൃഷ്‌ടിച്ചുവെന്നും സാവി അഭിപ്രായപ്പെട്ടു.

മത്സരത്തിൽ തോൽവി വഴങ്ങിയതോടെ അടുത്ത മൂന്നു മത്സരങ്ങളിലും വിജയം നേടുകയെന്നത് ബാഴ്‌സലോണയെ സംബന്ധിച്ച് നിർബന്ധമാണ്. വരാനിരിക്കുന്ന മൂന്നു മത്സരങ്ങളിൽ വിക്ടോറിയ പ്ലെസനെതിരെയുള്ളതൊഴികെയുള്ള കളിയെല്ലാം സ്വന്തം മൈതാനത്താണ് നടക്കുന്നതെന്നത് മാത്രമാണ് ബാഴ്‌സലോണക്ക് ആശ്വാസം നൽകുന്ന കാര്യം. നിലവിൽ ഗ്രൂപ്പിൽ ഒരു മത്സരത്തിൽ മാത്രം വിജയിച്ച ബാഴ്‌സലോണ ബാക്കി രണ്ടു മത്സരങ്ങളിലും തോൽവി വഴങ്ങുകയാണ് ചെയ്‌തത്‌.