അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിനെ വിൽക്കാൻ തീരുമാനിച്ച് ആസ്റ്റൺ വില്ല പരിശീലകൻ എമറി
ഖത്തർ ലോകകപ്പിൽ അർജന്റീനയെ കിരീടത്തിലെത്തിച്ച തകർപ്പൻ പ്രകടനം കൊണ്ടും അതിനു ശേഷം വിവാദമായ പ്രവൃത്തികൾ കൊണ്ടും വാർത്തകളിൽ ഇടം പിടിച്ച താരമാണ് എമിലിയാനോ മാർട്ടിനസ്. 1986നു ശേഷം അർജന്റീന ആദ്യമായി ലോകകപ്പ് കിരീടം നേടിയപ്പോൾ ഷൂട്ടൗട്ടിലും അല്ലാതെയും ടീമിനായി നിർണായക പ്രകടനം നടത്തി നിറഞ്ഞു നിൽക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. എന്നാൽ മത്സരത്തിനു ശേഷം ഫ്രഞ്ച് താരമായ കിലിയൻ എംബാപ്പയെ തിരഞ്ഞു പിടിച്ച് കളിയാക്കിയതാണ് താരത്തിനെതിരെ വിമർശനങ്ങൾ ഉയരാൻ കാരണമായത്.
ലാറ്റിനമേരിക്കൻ ഫുട്ബോളിനെ താഴ്ത്തിക്കെട്ടിയ എംബാപ്പെയുടെ വാക്കുകളാണ് താരത്തിനെതിരെ മാർട്ടിനസ് പ്രതികരിക്കാൻ കാരണമായത്. എന്നാൽ അതൊന്നും താരത്തിനെതിരായ വിമർശനങ്ങളെ ഒട്ടും യാതൊരു തരത്തിലും മയപ്പെടുത്തിയില്ല. മാർട്ടിനസിന്റെ പ്രവൃത്തികൾ തീർത്തും മോശമായതായിരുന്നുവെന്ന് നിരവധിയാളുകൾ അഭിപ്രായപ്പെട്ടു. ലോകത്തിലെ ഏറ്റവും വെറുക്കപ്പെടുന്ന മനുഷ്യൻ എമിലിയാനോ മാർട്ടിനസാണെന്നാണ് മുൻ ഫ്രാൻസ് താരം ആദിൽ റാമി വെളിപ്പെടുത്തിയത്. ഇതിനു പുറമെ ഫ്രഞ്ച് ഫുട്ബോൾ അസോസിയേഷനും മുൻ ലിവർപൂൾ താരം ഗ്രെയിം സൗനസുമെല്ലാം മാർട്ടിനസിനെതിരെ രംഗത്തു വന്നിരുന്നു.
🚨 Unai Emery is 'desperate' to sell Argentina World Cup winner Emiliano Martinez pic.twitter.com/dq1rm7fLP8
— SPORTbible (@sportbible) December 24, 2022
മാർട്ടിനസിനെതിരെ വിമർശനം രൂക്ഷമായത് താരത്തിന്റെ ക്ലബ് കരിയറിനെ ബാധിക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലയുടെ താരമായ മാർട്ടിനസ് ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ക്ലബിൽ നിന്നും പുറത്തു പോകാനുള്ള സാധ്യതയുണ്ട്. ആസ്റ്റൺ വില്ലയുടെ സ്പാനിഷ് പരിശീലകനായ ഉനെ എമറിക്ക് മാർട്ടിനസിന്റെ പ്രവൃത്തികളിൽ നീരസമുണ്ടെന്നും സ്ക്വാഡിനൊപ്പം നിർത്താൻ താൽപര്യമില്ലെന്നും അതിനാൽ ജനുവരിയിൽ ഓഫറുകളുണ്ടെങ്കിൽ താരം ക്ലബ് വിടുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും താനൊരു മികച്ച ഗോൾകീപ്പറാണെന്ന് ലോകകപ്പിൽ തെളിയിച്ച മാർട്ടിനസിനായി ക്ലബുകൾ രംഗത്തുണ്ട്. റിപ്പോർട്ടുകൾ പ്രകാരം പരിക്കേറ്റു പുറത്തു പോയ മാനുവൽ ന്യൂയർക്ക് പകരക്കാരനെ തേടുന്ന ബയേൺ മ്യൂണിക്ക്, ഡേവിഡ് ഡി ഗിയക്ക് പകരക്കാരനെ കണ്ടെത്താൻ ശ്രമിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവരാണ് മാർട്ടിനസിനായി രംഗത്തുള്ളത്. അതേസമയം ആസ്റ്റൺ വില്ല ലോകകപ്പിൽ മൊറോക്കോയുടെ ഗോൾവല കാത്ത യാസിൻ ബോനുവിനായി നീക്കങ്ങൾ നടത്തും.