ലോകകപ്പ് ഫൈനലിൽ തനിക്കൊരു പിഴവ് സംഭവിച്ചുവെന്ന് പോളിഷ് റഫറി ഷിമോൺ മാർസിനിയാക്ക്

ഫ്രാൻസിന്റെ ആരാധകർ ഒഴികെയുള്ളവർ പ്രശംസിച്ച റഫറിയിങ്ങാണ് ഫ്രാൻസും അർജന്റീനയും തമ്മിൽ നടന്ന ലോകകപ്പ് ഫൈനലിൽ പോളണ്ട് റഫറിയായ ഷിമോൺ മാർസിനിയാക്ക് കാഴ്‌ച വെച്ചത്. ഒരു വർഷം മുൻപ് ഹൃദയസംബന്ധമായ അസുഖങ്ങൾ കാരണം കളിക്കളത്തിൽ നിന്നും വിട്ടു നിൽക്കേണ്ടി വന്ന അദ്ദേഹത്തിനെ ലോകത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടു വരാൻ ഈ മത്സരത്തിനായി. പിഴവുകളൊന്നും ഇല്ലാതെയാണ് അദ്ദേഹം ഫുട്ബോളിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും ലോകം മുഴുവൻ ഉറ്റുനോക്കുന്നതുമായ മത്സരം നിയന്ത്രിച്ചത്.

അതേസമയം ഫൈനൽ മത്സരത്തിൽ തനിക്കൊരു പിഴവ് സംഭവിച്ചുവെന്നാണ് കഴിഞ്ഞ ദിവസം പോളിഷ് റഫറി വെളിപ്പെടുത്തിയത്. എന്നാൽ ഫ്രാൻസിന്റെ ആരാധകരും അവിടെ നിന്നുള്ള മീഡിയയും നടത്തുന്ന വിമർശനങ്ങളിൽ പറയുന്നതു പോലെ ഗുരുതരമായ പിഴവുകളൊന്നും അദ്ദേഹത്തിന് സംഭവിച്ചിട്ടില്ല. മത്സരത്തിൽ ഒരു ഫൗൾ വിളിച്ച് ഫ്രാൻസിന് പ്രത്യാക്രമണം നടത്താനുള്ള അവസരം താൻ ഇല്ലാതാക്കിയെന്നും ആ ഫൗൾ വിളിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.

“ഫൈനലിൽ ഒരു പിഴവുണ്ടായിരുന്നു. ഫ്രാൻസിന്റെ ഒരു പ്രത്യാക്രമണം അക്യൂനയുടെ ഒരു മോശം ടാക്കിളിനു ഫൗൾ വിളിച്ച് ഞാൻ ഇല്ലാതാക്കി. ഫൗൾ ചെയ്യപ്പെട്ട താരത്തിന് പരിശോധന വേണമെന്ന് തോന്നിയതു കൊണ്ടാണ് അങ്ങിനെ ചെയ്‌തത്‌. എന്നാൽ എന്റെ തോന്നൽ തെറ്റായിരുന്നു, ഒന്നും സംഭവിച്ചില്ല. മുൻ‌തൂക്കം ഉണ്ടാകാമായിരുന്ന ഒരു അവസരം നഷ്‌ടമാക്കിയതിനു കാർഡ് നൽകുകയും ചെയ്‌തു. ഇതുപോലെയുള്ള മത്സരങ്ങളിൽ ഇത്തരം പിഴവുകൾ ഞാൻ കാര്യമായി എടുക്കാറില്ല. വലിയ പിഴവുകളൊന്നും സംഭവിച്ചില്ലെന്നതാണ് പ്രധാനം.” മാർസിനിയാക്ക് സ്പോർട്ടിനോട് പറഞ്ഞു.

അതേസമയം മത്സരത്തിനു ശേഷം അദ്ദേഹത്തിനെതിരെ ഗുരുതരമായ വിമർശനങ്ങളായിരുന്നു ഫ്രാൻസിൽ നിന്നും ഉയർന്നത്. അർജന്റീനക്കായി ലയണൽ മെസി നേടിയ മൂന്നാമത്തെ ഗോൾ അനുവദിച്ചതിലുള്ള പിഴവാണ് അവർ ചൂണ്ടിക്കാട്ടിയത്. എന്നാൽ അക്കാര്യം പരിഗണിക്കുകയാണെങ്കിൽ ഫ്രാൻസിന്റെ ഒരു ഗോളും അനുവദിക്കാൻ കഴിയുമായിരുന്നില്ലെന്ന് കഴിഞ്ഞ ദിവസം മാർസിനിയാക്ക് അതിനു മറുപടി നൽകിയിരുന്നു.

fpm_start( "true" ); /* ]]> */