മെസി ബാലൺ ഡി ഓർ ഉറപ്പിച്ചു കഴിഞ്ഞു, താരത്തിനൊപ്പം കളിക്കാൻ ആഗ്രഹമുണ്ടെന്ന് ലെവൻഡോസ്‌കി

ഖത്തർ ലോകകപ്പിൽ കിരീടം നേടിയ അർജന്റീന ടീമിന്റെ നായകനായ ലയണൽ മെസിയെ പ്രശംസിച്ച് ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീനക്കെതിരെ കളിച്ച ടീമായ പോളണ്ടിന്റെ നായകനും മെസിയുടെ മുൻ ക്ലബായ ബാഴ്‌സലോണ താരവുമായ റോബർട്ട് ലെവൻഡോസ്‌കി. ഇപ്പോൾ കളിക്കുന്ന മെസി ഒരു സ്‌ട്രൈക്കറെ എല്ലായിപ്പോഴും സഹായിക്കുന്ന താരമായതിനാൽ തന്നെ മെസിക്കൊപ്പം കളിക്കാൻ വളരെയധികം ആഗ്രഹമുണ്ടെന്ന് റോബർട്ട് ലെവൻഡോസ്‌കി പറഞ്ഞു. ലോകകപ്പ് വിജയത്തോടെ അടുത്ത ബാലൺ ഡി ഓർ മെസി ഉറപ്പിച്ചുവെന്നും പോളിഷ് താരം പറയുന്നു.

“ഞാനല്ല അതു തീരുമാനിക്കേണ്ടതെങ്കിലും ഇപ്പോലൊരു പ്ലേ മേക്കറായി ഇറങ്ങുന്ന മെസിക്കൊപ്പം കളിക്കാൻ എനിക്ക് താൽപര്യമുണ്ട്. താരം ഗോളുകൾ നേടുന്നതിനേക്കാൾ സഹതാരങ്ങൾക്ക് പാസുകൾ നൽകുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മുമ്പത്തേതിൽ നിന്നും താരതമ്യം ചെയ്യുമ്പോൾ ഏതൊരു സ്‌ട്രൈക്കറും ഒപ്പം കളിക്കാൻ ആഗ്രഹിക്കുന്ന താരമാണ് ലയണൽ മെസി.” കളിക്കളത്തിൽ നിന്നും വിരമിക്കുന്നതിനു മുൻപ് ലയണൽ മെസിക്കൊപ്പം ഇറങ്ങാൻ ആഗ്രഹമുണ്ടോയെന്ന ചോദ്യത്തിന് റോബർട്ട് ലെവൻഡോസ്‌കി മറുപടി പറഞ്ഞു.

മെസി എട്ടാം ബാലൺ ഡി ഓർ ഉറപ്പിച്ചോയെന്ന ചോദ്യത്തിനും ലെവൻഡോസ്‌കി മറുപടി പറഞ്ഞു. “തീർച്ചയായും. ചിലപ്പോൾ അതേ ക്ലബിൽ കളിക്കുന്ന മറ്റൊരു താരം ഉണ്ടായേക്കാമെങ്കിലും ഈ സീസണിൽ ലോകകപ്പ് തന്നെയാണ് അതാരു വിജയിക്കുമെന്നു തീരുമാനിക്കുന്നത്. തനിക്ക് എല്ലാമായൊരു നേട്ടം സ്വന്തമാക്കി ലയണൽ മെസി ഏറ്റവുമുയർന്ന പൊസിഷനിലാണ് നിൽക്കുന്നത്. മെസിക്കത് ആസ്വദിക്കാം.” ലെവൻഡോസ്‌കി ബാഴ്‌സ ടിവിയോട് സംസാരിക്കുമ്പോൾ പറഞ്ഞു.

ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിനിടെ ലയണൽ മെസിയും ലെവാഡോസ്‌കിയും തമ്മിൽ ചെറിയ ഉരസലുകൾ ഉണ്ടായത് വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നാൽ മത്സരത്തിനു ശേഷം അവർ തമ്മിൽ സംസാരിച്ച് പ്രശ്‌നങ്ങൾ തീർക്കുകയും ചെയ്‌തിരുന്നു. ലയണൽ മെസിയുമായി നടന്ന സംഭാഷണം എന്താണെന്ന് ലെവൻഡോസ്‌കി വെളിപ്പെടുത്താൻ തയ്യാറായില്ല. എന്നാൽ പിഎസ്‌ജിയുമായുള്ള കരാർ ഈ സീസണോടെ അവസാനിക്കുന്ന അർജന്റീന താരത്തെ ബാഴ്‌സലോണയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ താരം നടത്തുന്നുണ്ടെന്നതിൽ സംശയമില്ല.