ഇതാണ് യഥാർത്ഥ പാഷൻ, എവേ മത്സരത്തിനുള്ള മുഴുവൻ ടിക്കറ്റുകളും സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ് ആരാധകർ | Kerala Blasters

ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകരുള്ള ഫുട്ബോൾ ക്ലബ് ഏതാണെന്ന ചോദ്യത്തിന്റെ ഉത്തരം എല്ലാവരും സമ്മതിച്ചു തരുന്ന ഒന്നാണ്. 2014ൽ രൂപീകൃതമായി വെറും പത്തു വർഷം പിന്നിട്ടപ്പോഴേക്കും നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പല ക്ലബുകളെയും പിന്നിലാക്കുന്ന ആരാധക പിന്തുണ നൽകിക്കൊണ്ടിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകർ തന്നെയാണത്. ഒരുപാട് തവണ തങ്ങളുടെ കരുത്ത് അവർ പ്രകടിപ്പിക്കുകയും ചെയ്‌തിട്ടുള്ളതാണ്.

ടീം വളരെ മോശം പ്രകടനം നടത്തുന്ന സമയത്ത് പ്രതിഷേധസൂചകമായി മത്സരത്തിനെത്താത്ത സാഹചര്യങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും അത് മാറ്റി വെച്ചാൽ എന്നും ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മൈതാനം എതിരാളികൾക്ക് നരകതുല്യമായ അനുഭവമാണ് നൽകുക. ആരാധകരുടെ വലിയ രീതിയിലുള്ള പിന്തുണയും മികച്ച സ്റ്റേഡിയം എക്‌സ്‌പീരിയൻസും നൽകുന്നതിനാൽ തന്നെ കഴിഞ്ഞ രണ്ടു വർഷമായി ഐഎസ്എല്ലിലെ ആദ്യത്തെ മത്സരം എവിടെ നടത്തണമെന്ന കാര്യത്തിൽ സംഘാടകർക്ക് പോലും സംശയമുണ്ടായിട്ടില്ല.

സ്വന്തം മൈതാനത്ത് മാത്രമല്ല, എതിരാളികളുടെ മൈതാനത്തും ബ്ലാസ്റ്റേഴ്‌സ് പലപ്പോഴും അപ്രമാദിത്വം കാണിക്കാറുണ്ട്. എവേ ഗ്രൗണ്ടുകളിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഹോം ടീമിന്റെ ആരാധകരെ കവച്ചു വെക്കുന്ന രീതിയിൽ പലപ്പോഴും മുന്നിട്ടു നിന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ സീസണിലും അതുപോലെയൊരു അനുഭവം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ഏറ്റവും പുതിയ വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സിന് ഡിസംബറിൽ ഡൽഹിയിൽ വെച്ചൊരു മത്സരമുണ്ട്. കഴിഞ്ഞ സീസണിലെ ഐ ലീഗ് ജേതാക്കളായി ഐഎസ്എല്ലിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച പഞ്ചാബ് എഫ്‌സിയെയാണ് ബ്ലാസ്റ്റേഴ്‌സ് നേരിടാൻ പോകുന്നത്. ഡിസംബർ പതിനാലിന് നടക്കാൻ പോകുന്ന ഈ മത്സരത്തിന്റെ എവേ സ്റ്റാൻഡ് ടിക്കറ്റുകൾ രണ്ടര മാസം മുൻപ് തന്നെ മുഴുവനും വിറ്റു പോയെന്നാണ്‌ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കരുത്ത് വ്യക്തമാക്കുന്നതാണിത്.

ഡിസംബറിൽ ഡൽഹിയിൽ കൊടും തണുപ്പായിരിക്കുമെങ്കിലും അതിനൊന്നും ആരാധകരുടെ വീര്യത്തെ തടുക്കാൻ കഴിയില്ലെന്ന് ഇതിൽ നിന്നും മനസിലാകുന്നു. എവേ സ്റ്റാൻഡ് മുഴുവൻ ഇപ്പോഴേ വിറ്റു പോയ സ്ഥിതിക്ക് കൂടുതൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ മറ്റു സ്റ്റാൻഡുകളിലെ ടിക്കറ്റുകൾക്കായി ശ്രമം നടത്താനുള്ള സാധ്യതയുണ്ട്. ചിലപ്പോൾ ആ മത്സരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മൈതാനത്തെ മത്സരം പോലെ നടക്കാനുള്ള സാധ്യതയുമുണ്ട്.

Away Stand Sold Out For Punjab FC Vs Kerala Blasters