വെറും രണ്ടു സീസൺ കൊണ്ട് റാമോസിനെ മെസി മാറ്റിയെടുത്തു, ബാഴ്‌സ-സെവിയ്യ മത്സരത്തിലെ സെൽഫ് ഗോളിൽ താരത്തെ കളിയാക്കി ആരാധകർ | Ramos

സെവിയ്യയിൽ സെർജിയോ റാമോസിന്റെ രണ്ടാമരങ്ങേറ്റം വിചാരിച്ചത്ര ഭംഗിയിലല്ല കലാശിച്ചത്. സെവിയ്യയിൽ പ്രൊഫെഷണൽ കരിയർ ആരംഭിച്ച്, പിന്നീട് റയൽ മാഡ്രിഡിലേക്ക് ചേക്കേറി, ചരിത്രത്തിലെ ഏറ്റവും മികച്ച പ്രതിരോധതാരങ്ങളിൽ ഒരാളായി മാറിയ റാമോസ് പിഎസ്‌ജി കരിയർ അവസാനിച്ചതിനു പിന്നാലെയാണ് സെവിയ്യയിൽ എത്തിയത്. സെവിയ്യയിലെ താരത്തിന്റെ അരങ്ങേറ്റം താൻ ഏറ്റവുമധികം കാലം കളിച്ച റയൽ മാഡ്രിഡിന്റെ ചിരവൈരികളായ ബാഴ്‌സക്കെതിരെയും ആയിരുന്നു.

ബാഴ്‌സലോണക്കെതിരായ മത്സരത്തിൽ ഗോൾ നേടി തന്റെ രണ്ടാമരങ്ങേറ്റം മികച്ചതാക്കണമെന്നായിരുന്നു റാമോസിന്റെ ആഗ്രഹം. മത്സരത്തിൽ ക്ലീൻ ഷീറ്റ് നേടണമെന്ന ആഗ്രഹവും താരത്തിനുണ്ടായിരുന്നു. ഇതിൽ ഗോൾ നേടണമെന്ന റാമോസിന്റെ ആഗ്രഹം നടന്നെങ്കിലും അത് ബാഴ്‌സലോണക്ക് വിജയം നേടിക്കൊടുത്ത സെൽഫ് ഗോളായിരുന്നു. മത്സരത്തിന്റെ എഴുപത്തിയാറാം മിനുട്ടിലാണ് ലാമിൻ യമാലിന്റെ ക്രോസ് റാമോസിന്റെ കാലിൽ തട്ടി സെവിയ്യ വലക്കകത്തേക്ക് കയറുന്നത്.

ഈ ഗോളിനു പിന്നാലെ റാമോസിനെ ട്രോളുകൾ കൊണ്ടു പൊതിയുകയാണ് സോഷ്യൽ മീഡിയ. ഇതിലെ ഏറ്റവും ശ്രദ്ധേയമായ ട്രോൾ മെസി രണ്ടു സീസണുകൾ കൊണ്ട് റാമോസിനെ വളരെയധികം സ്വാധീനിച്ചു എന്നതാണ്. രണ്ടു വർഷം പിഎസ്‌ജിയിൽ ഒരുമിച്ചു കളിച്ചതോടെ ബാഴ്‌സലോണയോടുള്ള പഴയ വൈരിയൊക്കെ റാമോസ് മറന്നുവെന്നും അതുകൊണ്ടാണ് അവരെ വിജയത്തിലെത്തിക്കാൻ താരം ഗോളടിച്ചു സഹായിച്ചത് എന്നാണ് ആരാധകർ ട്രോളുന്നത്.

ട്രോളുകളുടെ സ്വഭാവം അങ്ങിനെയൊക്കെ ആണെങ്കിലും മത്സരത്തിൽ റാമോസ് നടത്തിയ പ്രകടനം വളരെ മികച്ചതായിരുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ബാഴ്‌സയാണ് മത്സരത്തിൽ മുന്നിട്ടു നിന്നതെങ്കിലും അവരെ നിർവീര്യമാക്കാൻ റാമോസിന് കഴിഞ്ഞു. അഞ്ചു ക്ലിയറൻസും ഒരു ബ്ലോക്കും രണ്ട് ഇന്റർസെപ്‌ഷനും റാമോസ് നടത്തി. മത്സരം സമനിലയിലെങ്കിലും അവസാനിച്ചിരുന്നെങ്കിൽ മാൻ ഓഫ് ദി മാച്ച് ആകുമായിരുന്ന പ്രകടനമാണ് താരം നടത്തിയത്.

മത്സരത്തിൽ റാമോസിന്റെ സെൽഫ് ഗോളിൽ പരാജയം ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും താരത്തിന്റെ പ്രകടനം സെവിയ്യക്ക് പ്രതീക്ഷ നൽകുന്നതാണ്. ബാഴ്‌സക്ക് മത്സരത്തിൽ കൃത്യമായ മുൻ‌തൂക്കം ഉണ്ടായിരുന്നെങ്കിലും താരത്തിന്റെ നേതൃഗുണം പ്രതിരോധത്തിലും ടീമിനെ മൊത്തത്തിലും സഹായിച്ചിട്ടുണ്ട്. റാമോസിനൊപ്പം പ്രതിരോധം കാത്ത ഫ്രഞ്ച് യുവതാരമായ ലോയിക് ബാഡെയുടെ പ്രകടനവും എടുത്തു പറയേണ്ടതാണ്.

Ramos Trolled By Fans Over Own Goal