സ്ലാട്ടൻ ഇബ്രാഹിമോവിച്ചാണ് എന്റെ ഹീറോ, ഈ സീസണിലും ഗോളടിച്ചു കൂട്ടും; ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾ മെഷീൻ സംസാരിക്കുന്നു | Dimitrios

ഇന്ത്യൻ സൂപ്പർ ലീഗിൽ ദിമിത്രിയോസിന്റെ ആദ്യത്തെ സീസണായിരുന്നു കഴിഞ്ഞ തവണത്തേത്‌. അതിനു മുൻപ് യൂറോപ്പിലെ വിവിധ ക്ലബുകളിൽ കളിച്ചിട്ടുള്ള ഗ്രീക്ക് താരം വളരെ പെട്ടന്നാണ് ഇന്ത്യയിലെ സാഹചര്യങ്ങളുമായി ഒത്തിണങ്ങിയത്. കഴിഞ്ഞ സീസണിൽ നേട്ടങ്ങളൊന്നും സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിലും സീസൺ അവസാനിച്ചപ്പോൾ പത്ത് ഗോളുകൾ അടിച്ചു കൂട്ടിയ താരം ക്ലബിന്റെ ടോപ് സ്കോററും ഇന്ത്യൻ സൂപ്പർ ലീഗിലെ ടോപ് സ്കോറർമാരിൽ ഒരാളുമായിരുന്നു.

ഈ സീസണിൽ കൊച്ചിയിൽ വെച്ച് നടന്ന ആദ്യത്തെ മത്സരത്തിൽ ദിമിത്രിയോസ് കളിച്ചിരുന്നില്ല. ഡ്യൂറന്റ് കപ്പിനിടെ പരിക്കേറ്റ താരത്തിന് മൂന്നു മാസത്തോളം പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നതെങ്കിലും അടുത്ത മത്സരത്തിൽ താരം കളിക്കാനിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. താരത്തിന്റെ വരവ് ആരാധകർക്ക് ആവേശം നൽകുന്ന ഒന്നാണ്. അതിനൊപ്പം ഈ സീസണിലെ ലക്ഷ്യങ്ങളെക്കുറിച്ചും താരം കഴിഞ്ഞ ദിവസം സംസാരിക്കുകയുണ്ടായി.

“ഒരുപാട് താരങ്ങൾ ടീമിലെത്തിയതോടെ പുതിയൊരു സ്‌ക്വാഡായി കേരള ബ്ലാസ്റ്റേഴ്‌സ് മാറിയിരിക്കുന്നു. പക്ഷെ ടീമിന്റെ ലക്ഷ്യത്തിൽ യാതൊരു മാറ്റവുമില്ല. ഞങ്ങൾക്ക് കഴിഞ്ഞ സീസണിലേക്കാൾ നല്ല രീതിയിൽ മുന്നേറ്റമുണ്ടാക്കണം. ലീഗിൽ ഒന്നാം സ്ഥാനത്തെത്തി ലീഗ് ഷീൽഡ് തന്നെ സ്വന്തമാക്കാനാണ് ഇത്തവണ ലക്‌ഷ്യം വെച്ചിരിക്കുന്നത്. അതിനു വേണ്ടതെല്ലാം ഈ ടീം ചെയ്യും.” മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തോട് ദിമിത്രിയോസ് പറഞ്ഞു.

“കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകർക്കെല്ലാം ഞാനൊരു ഉറപ്പ് നൽകുന്നു. ഈ ടീമിന് വേണ്ടി എന്റെ നൂറു ശതമാനം ഞാൻ നൽകും. സ്വീഡിഷ് സ്‌ട്രൈക്കർ സ്ലാട്ടൻ ഇബ്രാഹിമോവിച്ചാണ് എനിക്ക് പ്രചോദനം നൽകുന്ന കളിക്കാരൻ. ടീം ആവശ്യപ്പെടുന്നത് കൃത്യമായി ചെയ്യുന്നതാണ് സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്റെ പോളിസി. അതുകൊണ്ടു തന്നെ കഴിഞ്ഞ തവണ നേടിയതിനേക്കാൾ ഗോളുകൾ നേടാനാണ് ഞാൻ ശ്രമിക്കുക.” ഗ്രീക്ക് താരം വ്യക്തമാക്കി.

ദിമിത്രിയോസിന്റെ വരവ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനും ആരാധകർക്കും വലിയൊരു ഉത്തേജനം നൽകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ കുറച്ചു കാലമായി പരിക്കിന്റെ പിടിയിലായതിനാൽ അടുത്ത മത്സരത്തിൽ ആദ്യ ഇലവനിൽ തന്നെ താരം ഉണ്ടാകാനുള്ള സാധ്യതയില്ല. ജംഷഡ്‌പൂരിനെതിരെ പകരക്കാരനായി ഇറക്കി അടുത്ത മത്സരം മുതൽ ബ്ലാസ്റ്റേഴ്‌സ് ഇലവനിൽ സ്ഥിരസാന്നിധ്യമായി ദിമിത്രിയോസ് മാറാനാണ് സാധ്യത.

Dimitrios Says He Wants To Win ISL Shield