ഇന്ത്യൻ സൂപ്പർ ലീഗിലെ മൂല്യമേറിയ സ്‌ക്വാഡ്, കേരള ബ്ലാസ്റ്റേഴ്‌സിനു മുന്നിലുള്ളത് ഒരേയൊരു ക്ലബ് മാത്രം | ISL

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താമത്തെ സീസണിനു കൊടിയേറുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഒരുപാട് ആശങ്കകൾ ഉണ്ടായിരുന്നു. കഴിഞ്ഞ സീസണിൽ റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോക്ക് നടത്തിയത്തിനു ശിക്ഷാനടപടിയായി ലഭിച്ച വലിയ തുക ട്രാൻസ്‌ഫർ പദ്ധതികളെ ബാധിച്ചപ്പോൾ വൈകിയാണ് ബ്ലാസ്റ്റേഴ്‌സ് ടീമിന് വേണ്ട താരങ്ങളെ സ്വന്തമാക്കിയത്. അതിനു പുറമെ സഹൽ അടക്കമുള്ള പല താരങ്ങളും ക്ലബ് വിടുകയും ചെയ്‌തു.

എന്നാൽ സീസണിലെ ആദ്യത്തെ മത്സരത്തിൽ വിജയവും മികച്ച പ്രകടനവും നടത്തി കേരള ബ്ലാസ്റ്റേഴ്‌സ് ടീം ആരാധകർക്ക് പ്രതീക്ഷ നൽകിയിട്ടുണ്ട്. ഈ സീസണിൽ ഒരുപാട് പ്രതീക്ഷ വെക്കാൻ കഴിയുന്ന ഒരു സ്‌ക്വാഡ് തങ്ങൾക്കുണ്ടെന്ന് വിളിച്ചോതുന്ന പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യത്തെ മത്സരത്തിൽ നടത്തിയത്. ദിമിത്രിയോസ്, ലെസ്‌കോവിച്ച് എന്നീ പ്രധാന താരങ്ങൾ ഇല്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യത്തെ മത്സരത്തിൽ ബെംഗളൂരുവിലെ കീഴടക്കിയത്.

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മൂല്യമേറിയ സ്‌ക്വാഡ് ലിസ്റ്റ് പുറത്തു വന്നപ്പോഴും ആരാധകർക്ക് പ്രതീക്ഷ വർധിക്കുകയാണ്. മൊത്തം പന്ത്രണ്ടു ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റിൽ ഏറ്റവുമധികം മൂല്യമേറിയ സ്ക്വാഡുകളിൽ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം സ്ഥാനത്താണ്. 48 കോടി രൂപയിലധികമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മാർക്കറ്റ് വാല്യൂ. 66 കോടി രൂപയുടെ മാർക്കറ്റ് വാല്യൂവുമായി ഇന്ത്യൻ ഫുട്ബോളിലെ അതികായന്മാരായ മോഹൻ ബഗാൻ ഒന്നാം സ്ഥാനത്തു നിൽക്കുന്നു.

46 കോടി രൂപ മൂല്യവുമായി സിറ്റി ഗ്രൂപ്പിന്റെ മുംബൈ സിറ്റി എഫ്‌സിയാണ് മൂന്നാം സ്ഥാനത്ത്. പണമൊഴുക്കാൻ മടിയില്ലാത്ത സിറ്റി ഗ്രൂപ്പിനെ വരെ ബ്ലാസ്റ്റേഴ്‌സ് പിന്നിലാക്കിയത് മികച്ചൊരു സ്‌ക്വാഡിനെ കെട്ടിപ്പടുക്കാൻ ക്ലബ് നേതൃത്വം ശ്രമിച്ചുവെന്നതിന്റെ തെളിവാണ്. സഹൽ, ഗിൽ തുടങ്ങിയ മൂല്യമേറിയ താരങ്ങൾ ക്ലബ് വിട്ടതിനു ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് മൂല്യമുള്ള സ്ക്വാഡുകളിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്നതെന്നത് ശ്രദ്ധേയമായ കാര്യം തന്നെയാണ്.

സ്‌ക്വാഡിന്റെ മൂല്യത്തേക്കാൾ കളിക്കളത്തിൽ അവർ നടത്തുന്ന പ്രകടനമാണ് കണക്കാക്കേണ്ടതെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ് ഈ ലിസ്റ്റിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്നത് ആരാധകർക്ക് പ്രതീക്ഷ തന്നെയാണ്. ഏതു ടീമുമായും നേർക്കുനേർ നിന്നു പൊരുതാനുള്ള കരുത്ത് ഈ ടീമിനുണ്ടെന്ന് അത് വ്യക്തമാക്കുന്നു. തന്റെ കയ്യിലുള്ള താരങ്ങളെ നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ കഴിയുന്ന ഒരു പരിശീലകൻ ഉള്ളതിനാൽ ഈ സീസണിൽ ആരാധകർ സ്വപ്‌നം കണ്ടു തുടങ്ങിയിരിക്കുന്നു.

ISL Most Valuable Squads 2023-24