ആദ്യ മത്സരത്തിൽ ബാഴ്‌സലോണക്കെതിരെ ഗോളടിച്ചു തുടങ്ങണം, രണ്ടാം അരങ്ങേറ്റത്തിനൊരുങ്ങുന്ന റാമോസ് പറയുന്നു | Ramos

2004-05 സീസണിൽ സെവിയ്യയുടെ സീനിയർ ടീമിനൊപ്പം ഇറങ്ങി പ്രൊഫെഷണൽ ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ച താരമാണ് റാമോസ്. അതിനു ശേഷം ഫുട്ബോൾ കരിയറിൽ സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയ റാമോസ് ഈ സമ്മറിൽ തന്റെ മുൻ ക്ലബ്ബിലേക്ക് തന്നെ തിരിച്ചെത്തി. പരിക്ക് കാരണം ഏതാനും മത്സരങ്ങൾ നഷ്‌ടമായ റാമോസ് അരങ്ങേറ്റം കുറിക്കുന്നത് തന്റെ മുൻ ക്ലബായ റയൽ മാഡ്രിഡിന്റെ പ്രധാന എതിരാളികളായ ബാഴ്‌സലോണക്കെതിരെയാണ്.

ഇന്ന് രാത്രി ബാഴ്‌സലോണക്കെതിരെ സെവിയ്യയിൽ തന്റെ രണ്ടാം അരങ്ങേറ്റത്തിനായി ഒരുങ്ങുമ്പോൾ ഒരു ഗോളും വിജയവും നേടി അത് മനോഹരമാക്കണമെന്ന ആഗ്രഹമാണ് റാമോസിനുള്ളത്. ബാഴ്‌സലോണ ഈ സീസണിൽ ലീഗും ചാമ്പ്യൻസ് ലീഗും നേടാൻ കരുത്തുള്ള ടീമാണെന്ന് പറഞ്ഞ റാമോസ് അവർക്കെതിരെ ഗോൾ നേടുകയാണെങ്കിൽ അത് ആഘോഷിക്കേണ്ടത് എങ്ങിനെയാണെന്ന് നേരത്തെ തീരുമാനിച്ചു വെച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.

“ബാഴ്‌സലോണക്കെതിരെ എന്റെ ആദ്യത്തെ ഗോൾ നേടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഗോൾ നേടുകയാണെങ്കിൽ എല്ലാവർക്കും സന്തോഷകരമായ ഒരു സെലിബ്രെഷൻ ഞാൻ കണ്ടു വെച്ചിട്ടുണ്ട്. വളരെ ബുദ്ധിമുട്ടുള്ള ഒരു സ്റ്റേഡിയമാണെങ്കിൽ പോലും ഞങ്ങൾ അതിനു വേണ്ടി ശ്രമിക്കാൻ പോവുകയാണ്. അവിടെയുള്ളത് അതേ താരങ്ങളാണെങ്കിലും വേഗതയും മറ്റു മികവുകളുമുണ്ട്. ഇതൊരു മനോഹരമായ മത്സരമായിരിക്കും.” റാമോസ് പറഞ്ഞു.

“അവർ എല്ലാം സ്വന്തമാക്കാൻ സാധ്യതയുള്ള ടീമാണ്. ലീഗും ചാമ്പ്യൻസ് ലീഗുമെല്ലാം അവർക്ക് നേടാനുള്ള കരുത്തുണ്ട്. അതുകൊണ്ടു തന്നെ അവർക്കെതിരായ വിജയം വൈകാരികപരമായി ഒരു ബോണസ് കൂടിയാണ്. ടീം വളരെ മികച്ച ഡിഫെൻസിവ് ലൈൻ കാത്തുസൂക്ഷിക്കണമെന്നതാണ് ഞാൻ ഉറ്റു നോക്കുന്ന പ്രധാനപ്പെട്ട കാര്യം. പിൻനിരയിൽ ഉറച്ച കരുത്തോടെ നിൽക്കാനും ഒരു ക്ലീൻഷീറ്റ് നേടാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.” റാമോസ് വ്യക്തമാക്കി.

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ സൗദി അറേബ്യയിൽ നിന്നുള്ള വമ്പൻ ഓഫറുകൾ വേണ്ടെന്നു വെച്ചാണ് റാമോസ് സെവിയ്യയിലേക്ക് എത്തിയത്. സെവിയ്യയിലേക്ക് ചേക്കേറുന്നതിനായി തന്റെ ശമ്പളം വളരെയധികം വെട്ടിക്കുറയ്ക്കാൻ റാമോസ് തയ്യാറായിരുന്നു. റാമോസിന്റെ തോൽവി വഴങ്ങാൻ തയ്യാറാകാത്ത മനോഭാവവും നേതൃഗുണവും ഈ സീസണിൽ സെവിയ്യക്ക് കരുത്ത് പകരുമെന്നതിൽ സംശയമില്ല.

Ramos Hopes To Score Against Barcelona