അടുത്ത മത്സരത്തിനു മുൻപ് ഇരട്ടി കരുത്തരാകാൻ കേരള ബ്ലാസ്റ്റേഴ്‌സ്, ഗോളടിയന്ത്രം തിരിച്ചെത്തുന്നു | Kerala Blasters

ഈ സീസൺ ആരംഭിക്കുന്നതിനു മുൻപ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ കാര്യത്തിൽ ആരാധകർക്ക് ഒരുപാട് ആശങ്കകൾ ഉണ്ടായിരുന്നു. എന്നാൽ ആദ്യത്തെ മത്സരത്തിൽ തന്നെ മികച്ച പ്രകടനം നടത്തി ബെംഗളൂരുവിനെ കീഴടക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് പ്രതീക്ഷകൾ നൽകിയിട്ടുണ്ട്. വലിയ പിഴവുകളൊന്നും ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ ഉദ്ഘാടന മത്സരത്തിൽ നടത്തിയില്ലെന്നത് ഈ സീസണിൽ ടീം മുന്നേറുമെന്ന പ്രതീക്ഷ ആരാധകർക്ക് നൽകുന്നു.

ബെംഗളൂരുവിനെതിരായ ആദ്യത്തെ മത്സരത്തിൽ വിജയം നേടിയ കേരള ബ്ലാസ്റ്റേഴ്‌സ് അടുത്ത മത്സരത്തിൽ നേരിടുന്നത് ജംഷഡ്‌പൂർ എഫ്‌സിയെയാണ്. കഴിഞ്ഞ മത്സരം പോലെത്തന്നെ സ്വന്തം മൈതാനത്തു വെച്ചാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരുവിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയം നേടിയപ്പോൾ ജംഷഡ്‌പൂർ ഈസ്റ്റ് ബംഗാളിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ ഗോൾരഹിത സമനില വഴങ്ങുകയായിരുന്നു.

ആദ്യത്തെ മത്സരത്തിൽ വിജയം നേടിയതിന്റെ ആത്മവിശ്വാസവുമായി കളിക്കളത്തിൽ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് കൂടുതൽ കരുത്ത് നൽകി ടീമിന്റെ പ്രധാന സ്‌ട്രൈക്കറായ ദിമിത്രിയോസ് അടുത്ത മത്സരത്തിൽ കളിക്കാനിറങ്ങുമെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഡ്യൂറന്റ് കപ്പിനു ശേഷം പരിക്കേറ്റു പുറത്തായ ദിമിത്രിയോസിനു മൂന്നു മാസത്തോളം പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നതെങ്കിലും നേരത്തെ തന്നെ താരം തിരിച്ചു വന്നിരിക്കുകയാണ്.

ദിമിത്രിയോസിന്റെ വരവ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് നൽകുന്ന ഊർജ്ജം ചെറുതല്ല. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനായി ഏറ്റവുമധികം ഗോളുകൾ നേടിയ താരമായ ദിമിത്രിയോസ് ഇന്ത്യൻ സൂപ്പർ ലീഗിലെയും ടോപ് സ്കോറർമാരിൽ ഒരാളായിരുന്നു. ഇന്ത്യയിലെ തന്റെ ആദ്യത്തെ സീസണിൽ തന്നെ തിളങ്ങാൻ കഴിഞ്ഞ താരത്തിന് ഈ സീസണിൽ അതിനേക്കാൾ മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

അതേസമയം അടുത്ത മത്സരത്തിൽ താരത്തെ ഇറക്കാൻ പരിശീലകൻ തയ്യാറാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ ടീമിൽ നിന്നും മാറ്റം വരുത്താൻ പരിശീലകൻ തയ്യാറാക്കാനുള്ള സാധ്യതയില്ല. പരിക്ക് കാരണം മാസങ്ങൾ പുറത്തിരുന്നതിനാൽ പകരക്കാരനായി ദിമിത്രിയോസ് ഇറങ്ങാനാണ് സാധ്യത. താരത്തിന്റെ വരവോടെ ടീമിന്റെ ഫോർമേഷനിലും മാറ്റങ്ങൾ വരാനുള്ള സാധ്യതയുണ്ട്.

Dimitrios Likely To Be Available For Next Kerala Blasters Match