തന്റെ മികച്ച ഇലവനിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇടമില്ല, ലയണൽ മെസിയെ ഉൾപ്പെടുത്തി ബ്രസീലിയൻ റൊണാൾഡോ | Messi

ഒരുകാലത്ത് ഫുട്ബോൾ ലോകം അടക്കി ഭരിച്ച കളിക്കാരാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും. ഈ രണ്ടു താരങ്ങളും തമ്മിലുള്ള മത്സരം അക്കാലത്ത് മറ്റു താരങ്ങളെ ലോകഫുട്ബോളിലെ ഏറ്റവും മികച്ച വ്യക്തിഗത പുരസ്‌കാരങ്ങൾ തൊടാൻ പോലും കഴിയാത്ത അവസ്ഥയിലെത്തിച്ചിരുന്നു. ഇരുവരും മാറിമാറി ഒരുപാട് ബാലൺ ഡി ഓർ പുരസ്‌കാരങ്ങളും മറ്റു നേട്ടങ്ങളും വാരിക്കൂട്ടുകയും ചെയ്‌തു. ഇവരിൽ ആരാണ് മികച്ചതെന്ന തർക്കവും ഒരുപാട് നാൾ നിലനിന്നിരുന്നു.

കഴിഞ്ഞ രണ്ടു വർഷത്തിനിടെ ദേശീയ ടീമിനൊപ്പം ലോകകപ്പ് ഉൾപ്പെടെ സാധ്യമായ എല്ലാ കിരീടങ്ങളും ലയണൽ മെസി സ്വന്തമാക്കിയതോടെ ഇവരിൽ ആരാണ് ഏറ്റവും മികച്ചതെന്ന തർക്കത്തിന് ഏതാണ്ട് അവസാനമായിട്ടുണ്ട്. ഇനി ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകകപ്പ് നേടിയാൽ മാത്രമേ വീണ്ടും ആരാണ് ചരിത്രത്തിലെ ഏറ്റവും മികച്ച താരമെന്ന തർക്കം വീണ്ടും ഉയർന്നു വരാൻ സാധ്യതയുള്ളൂ. എന്നാൽ കരിയറിന്റെ അവസാന നാളുകളിൽ നിൽക്കുന്ന ഈ രണ്ടു താരങ്ങളും ഇനിയൊരു ലോകകപ്പിൽ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.

അതിനിടയിൽ ബ്രസീലിയൻ ഇതിഹാസവും മുൻ റയൽ മാഡ്രിഡ് താരവുമായ റൊണാൾഡോ നാസറിയോ തന്റെ ഏറ്റവും മികച്ച ഇലവനെ തിരഞ്ഞെടുത്തപ്പോൾ അതിൽ നിന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് വേണ്ടിയാണ് അദ്ദേഹം തന്റെ ഏറ്റവും മികച്ച ഇലവനെ ഉൾപ്പെടുത്തിയത്. താൻ കളിച്ചിട്ടുള്ള ക്ലബായ റയൽ മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച ഗോളടിവീരനാണ് റൊണാൾഡോ എന്നിരിക്കെയാണ് റൊണാൾഡോ നാസറിയോ പോർച്ചുഗൽ താരത്തെ പൂർണമായും തഴഞ്ഞത്.

തന്റെ മികച്ച ഇലവനിൽ ഗോളിയായി ബുഫണിനെ തിരഞ്ഞെടുത്ത റൊണാൾഡോ ഡിഫെൻസിൽ ബ്രസീലിയൻ താരങ്ങളായ കഫു, കാർലോസ് എന്നിവർക്ക് പുറമെ ബെക്കൻബോവർ, മാൾഡീനി എന്നിവരെയാണ് ഉൾപ്പെടുത്തിയത്. മധ്യനിരയിൽ സീക്കോയെയും മറഡോണയെയും തിരഞ്ഞെടുത്ത റൊണാൾഡോ നാസറിയോ അതിനു ശേഷം ലയണൽ മെസി, പെലെ, റൊണാൾഡീന്യോ എന്നിവർക്കൊപ്പം തന്നെയും ഉൾപ്പെടുത്തിയാണ് ബെസ്റ്റ് ഇലവൻ പൂർത്തിയാക്കിയത്.

ഇതാദ്യമായല്ല റൊണാൾഡോ നാസറിയോ ക്രിസ്റ്റ്യാനോ റൊണാൾഡോയെ തഴയുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. ഇതിനു മുൻപ് ഫുട്ബോൾ ലോകത്തെ മികച്ച താരങ്ങളുടെ സ്‌പെഷ്യൽ ഗ്രൂപ്പിനെ ബ്രസീലിയൻ ഇതിഹാസം തിരഞ്ഞെടുത്തപ്പോഴും റൊണാൾഡോ തഴയപ്പെട്ടു. മറഡോണ, ക്രൈഫ്, ബെക്കൻബോവർ, മെസി, പെലെ, വാൻ ബാസ്റ്റൻ, റൊണാൾഡീന്യോ എന്നിവരെയാണ് അന്നു റൊണാൾഡോ നാസറിയോ തിരഞ്ഞെടുത്തത്.

Messi Included Cristiano Omitted In Ronaldo Nazario Best XI