മഞ്ഞക്കടലിന്റെ ആവേശം കെടുത്തി യെല്ലോ അലർട്ട്, നാളത്തെ മത്സരം ഉപേക്ഷിക്കേണ്ടി വരുമോ | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് തയ്യാറെടുക്കുകയാണ്. ആദ്യത്തെ മത്സരത്തിൽ ബെംഗളൂരുവിനെതിരെ വിജയം നേടിയ കേരള ബ്ലാസ്റ്റേഴ്‌സിന് രണ്ടാമത്തെ മത്സരത്തിൽ ജംഷഡ്‌പൂരാണ് എതിരാളികൾ. ആദ്യത്തെ മത്സരം പോലെ തന്നെ രണ്ടാമത്തെ മത്സരവും സ്വന്തം മൈതാനമായ കൊച്ചിയിലാണ് നടക്കുന്നത്. സ്വന്തം മൈതാനത്ത് നടക്കുന്ന മത്സരത്തിൽ വിജയം നേടാമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ആദ്യത്തെ മത്സരത്തിലെ വിജയം നൽകിയ ആവേശത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ. ദിമിത്രിയോസ്, ലെസ്‌കോവിച്ച് എന്നീ താരങ്ങൾ ഇല്ലാതിരുന്നിട്ടും വലിയ പിഴവുകളൊന്നും മത്സരത്തിൽ വരുത്താതിരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ മികച്ച പ്രകടനം കാണാമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. ഞായറാഴ്‌ചയാണ്‌ മത്സരം നടക്കുന്നത് എന്നതിനാൽ തന്നെ കലൂർ സ്റ്റേഡിയത്തിലെ ഗ്യാലറികൾ നിറഞ്ഞു കവിയുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

എന്നാൽ കൊച്ചിയിൽ മഴക്ക് സാധ്യതയുള്ളത് മത്സരത്തെ പ്രതികൂലമായി ബാധിക്കുമോയെന്ന സംശയം നിലനിർത്തുന്നുണ്ട്. ഒക്ടോബർ ഒന്ന് വരെയുള്ള ദിവസങ്ങളിൽ കൊച്ചിയിൽ യെല്ലോ അലർട്ട് പ്രഖ്യാപനം നടത്തിയിരിക്കുകയാണ് കാലാവസ്ഥ വകുപ്പ്. ചെറിയ മഴയൊക്കെ ആണെങ്കിൽ ഫുട്ബോൾ മത്സരം നടത്തുന്നതിൽ യാതൊരു പ്രശ്‌നവും ഉണ്ടാകില്ല. കഴിഞ്ഞ മത്സരവും മഴയിൽ തന്നെയാണ് നടന്നത്. എന്നാൽ കനത്ത മഴയും ഇടിമിന്നലും ഉണ്ടെങ്കിൽ മത്സരം നടത്താൻ സാധിക്കില്ല.

കൊച്ചിയിൽ മഴയാണെങ്കിലും മത്സരത്തിനുള്ള മൈതാനം നിലവിൽ തയ്യാറാണ്. ഇന്ന് മൈതാനത്തിൽ പരിശോധന നടത്തിയതിൽ യാതൊരു കുഴപ്പങ്ങളും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ കനത്ത മഴയില്ലാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെങ്കിൽ മത്സരം നടത്താൻ ബുദ്ധിമുട്ടുകളൊന്നും ഉണ്ടാകില്ല. നാളെ മത്സരം നടക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് സഹപരിശീലകനായ ഫ്രാങ്ക് ദോവൻ അൽപ്പം മുൻപ് വ്യക്തമാക്കിയത്.

സ്വന്തം മൈതാനത്തു നടക്കുന്ന ഈ മത്സരം ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ആരാധകരുടെ പിന്തുണയോടെ മൂന്നു പോയിന്റ് നേടാനുള്ള വലിയൊരു അവസരമാണ്. മത്സരം മഴ കാരണം ഉപേക്ഷിക്കപ്പെട്ടാൽ പോയിന്റ് വീതം വെക്കേണ്ടി വരുമെന്നതിനാൽ അത് ടീമിന് തിരിച്ചടിയും നൽകും. അതുകൊണ്ടു തന്നെ മഴയുടെ ബുദ്ധിമുട്ടുകളില്ലാതെ മത്സരം നടക്കണമെന്നാണ് ബ്ലാസ്റ്റേഴ്‌സും ആരാധകരും ഒരുപോലെ ആഗ്രഹിക്കുന്നത്.

Heavy Rain Concern For Kerala Blasters Next Match