ആ ഗോൾ ഭാഗ്യം കൊണ്ടു നേടിയതല്ല, മാധ്യമങ്ങളുടെ ചോദ്യത്തിന് അതേ നാണയത്തിൽ മറുപടി നൽകി അഡ്രിയാൻ ലൂണ | Luna

ഇന്ത്യൻ സൂപ്പർ ലീഗിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു താരം വീൺഡോർപിന്റെ സെൽഫ് ഗോളിലൂടെ മുന്നിലെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് വിജയമുറപ്പിച്ചത് അഡ്രിയാൻ ലൂണ നേടിയ രണ്ടാമത്തെ ഗോളിലാണ്. ബെംഗളൂരു താരം നൽകിയ പാസ് കാലിലൊതുക്കുന്നതിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളായ ഗുർപ്രീതിനു പിഴച്ചപ്പോൾ അതു തട്ടിയെടുത്താണ് ലൂണ ഗോൾ നേടിയത്. ബെംഗളൂരു പിന്നീട് ഒരു ഗോൾ മടക്കിയെങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ വിജയം തടുക്കാൻ അവർക്കായില്ല.

കഴിഞ്ഞ രണ്ടു സീസണുകളായി കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ഏറ്റവും മികച്ച താരമായ അഡ്രിയാൻ ലൂണ ഉദ്ഘാടന മത്സരത്തിൽ തന്നെ ടീമിനായി ഗോൾ നേടിയതിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ വളരെ ഹാപ്പിയാണ്. എന്നാൽ മത്സരത്തിന് ശേഷം ലൂണ നേടിയ ഗോൾ താരത്തിന്റെയോ ബ്ലാസ്റ്റേഴ്‌സ് ടീമിന്റെയോ കഴിവ് കൊണ്ട് നേടിയതല്ലെന്നും അതൊരു ഗിഫ്റ്റ് ആയി ലഭിച്ചതാണെന്നും പലരും അഭിപ്രായപ്പെടുകയുണ്ടായി. ഇന്ന് മത്സരത്തിന് മുൻപുള്ള വാർത്താ സമ്മേളനത്തിലും ഇതേ കാര്യം മാധ്യമങ്ങൾ ചോദിച്ചിരുന്നു.

എന്നാൽ ആ ഗോൾ ഭാഗ്യമല്ലെന്നും അത് താൻ മൈതാനത്ത് കഠിനമായി അധ്വാനിച്ചതിന്റെ ഫലമായി ലഭിച്ചതാണെന്നുമാണ് ലൂണ പറയുന്നത്. താൻ കൃത്യമായി പ്രസ് ചെയ്‌തില്ലായിരുന്നെങ്കിൽ ആ ഗോൾ ഒരിക്കലും അവിടെ ഉണ്ടാവില്ലെന്നായിരുന്നുവെന്നാണ് താരം വ്യക്തമാക്കിയത്. ഗോൾകീപ്പർക്ക് പന്ത് കൃത്യമായി കാലിൽ ഒതുക്കാനുള്ള സമയം കിട്ടാതിരുന്നത് തന്റെ പ്രസിങ് കാരണമാണെന്നും യുറുഗ്വായ് താരം മാധ്യമങ്ങൾക്ക് മറുപടിയായി പറഞ്ഞു.

തന്റെ കഠിനാധ്വാനം ഇല്ലായിരുന്നെങ്കിൽ ആ ഗോളും ഉണ്ടാകില്ലായിരുന്നു എന്നു പറഞ്ഞ ലൂണ അതൊരു മികച്ച ഗോളായി തന്നെയാണ് കണക്കാക്കുന്നത്. ടീമിന് മൂന്നു പോയിന്റ് നേടിക്കൊടുക്കാൻ ആ ഗോളിന് കഴിഞ്ഞത് അതിനെ കൂടുതൽ മികച്ചതാക്കി മാറ്റുന്നുവെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ലൂണയുടെ അതിവേഗതയിലുള്ള വരവിൽ ഗുർപ്രീത് പകച്ചതു കൊണ്ടാണ് പന്ത് കാലിലൊതുക്കാൻ താരത്തിന് കഴിയാതിരുന്നതെന്ന് ആ ഗോൾ കണ്ടാൽ തന്നെ വ്യക്തമാവുകയും ചെയ്യും.

നാളെ രാത്രി കൊച്ചിയുടെ മൈതാനത്ത് രണ്ടാമത്തെ പോരാട്ടത്തിന് കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുകയാണ്. കഴിഞ്ഞ മത്സരത്തിൽ നേടിയ വിജയം ഇത്തവണയും ആവർത്തിക്കാൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷ ബ്ലാസ്റ്റേഴ്‌സ് ടീമിനുണ്ട്. മഴയുടെ ഭീഷണിയുണ്ടെങ്കിലും മത്സരം നടക്കുമെന്നാണ് പ്രതീക്ഷയെന്നാണ് മൈതാനം പരിശോധിച്ചതിനു ശേഷം സഹപരിശീലകൻ പറഞ്ഞത്. കനത്ത മഴയത്തും ആരാധകരുടെ ആവേശം അണപൊട്ടിയൊഴുകുമെന്ന് തീർച്ചയാണ്.

Luna Says Goal Against Bengaluru Is Not Luck