മെസി പറഞ്ഞത് മനസിലായില്ലെങ്കിലും എന്റെ മൈൻഡ് ഗെയിം മെസിയോട് നടക്കില്ലെന്ന് അന്നു മനസിലായി, ലോകകപ്പ് ഷൂട്ടൗട്ടിനെക്കുറിച്ച് നെതർലാൻഡ്‌സ് ഗോളി | Messi

ഖത്തർ ലോകകപ്പിൽ അർജന്റീന കളിച്ചതിൽ ഏറ്റവും ആവേശകരമായ മത്സരങ്ങൾ ഫൈനലും ക്വാർട്ടർ ഫൈനലുമായിരുന്നു. രണ്ടു മത്സരത്തിലും അർജന്റീന ആധിപത്യം സ്ഥാപിക്കുകയും മത്സരം സ്വന്തമാക്കുമെന്ന് ഉറപ്പിക്കുകയും ചെയ്‌ത ഘട്ടത്തിലാണ് ടീമുകൾ തിരിച്ചു വരുന്നത്. അതിനു ശേഷം പിന്നീട് പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ടതിനു ശേഷമാണ് രണ്ടു മത്സരങ്ങളിലും അർജന്റീന വിജയം നേടുക. രണ്ടു മത്സരങ്ങളിലും ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് ആയിരുന്നു ഹീറോ.

ലോകകപ്പ് ഫൈനലിനെ അപേക്ഷിച്ച് കുറച്ചുകൂടി ചൂടു പിടിച്ച മത്സരം അർജന്റീനയും ഹോളണ്ടും തമ്മിലുള്ള ക്വാർട്ടർ ഫൈനലായിരുന്നു. മത്സരത്തിനു മുന്നേ തന്നെ രണ്ടു ടീമുകളും തമ്മിൽ ചെറിയ വാഗ്വാദങ്ങൾ ഉണ്ടായിരുന്നത് മത്സരത്തിനിടയിൽ രൂക്ഷമായി വരുന്ന കാഴ്‌ച കാണുകയുണ്ടായി. പൊതുവെ ശാന്തനായി കാണാറുള്ള ലയണൽ മെസി പോലും തന്റെ പരമാവധി ക്രൗര്യം ആ മത്സരത്തിൽ കാണിച്ചുവെന്നത് ആരാധകർക്ക് മറക്കാനാകാത്ത കാര്യമാണ്.

കഴിഞ്ഞ ദിവസം മെസിയുടെ ഈ ക്രൗര്യത്തെക്കുറിച്ച് തന്നെയാണ് ആ പെനാൽറ്റി ഷൂട്ടൗട്ടിൽ ഹോളണ്ടിന്റെ വല കാത്ത ആന്ദ്രെസ് നോപ്പാർട്ട് പറഞ്ഞത്. ആ മത്സരത്തിൽ എമിലിയാനോ മാർട്ടിനസ് ഹോളണ്ട് താരങ്ങൾക്കെതിരെ ഷൂട്ടൗട്ടിൽ പുറത്തെടുത്ത മൈൻഡ് ഗെയിം അർജന്റീന വിജയം നേടുന്നതിൽ നിർണായക പങ്കു വഹിച്ചിരുന്നു. സമാനമായൊരു മൈൻഡ് ഗെയിം ലയണൽ മെസിക്കെതിരെ പുറത്തെടുക്കാൻ താൻ ശ്രമിച്ചെങ്കിലും അത് വിലപ്പോയില്ലെന്നാണ് താരം പറഞ്ഞത്.

“ലോകകപ്പിൽ മെസിയുടെ പെനാൽറ്റിക്ക് മുൻപ് ഞാൻ താരത്തോട് ഇംഗ്ലീഷിൽ ചില കാര്യങ്ങൾ സംസാരിക്കാൻ ശ്രമിച്ചിരുന്നു. അതിനു മറുപടി താരം വളരെ വേഗത്തിൽ സ്‌പാനിഷിലാണ് പറഞ്ഞത്. എനിക്കത് നേരെ മനസിലായില്ലെങ്കിലും ഞാൻ ഊഹിച്ചത് ‘ഈ അടവൊന്നും എന്നോട് നടക്കില്ല, നിന്റെ സ്ഥാനത്ത് പോയി നിൽക്കൂ’ എന്നാണ്. ഞാൻ തിരിച്ചു പോയി. മെസി പെനാൽറ്റി എടുക്കുകയും എന്നെ മറ്റേ മൂലയിലേക്ക് പറഞ്ഞയച്ച് ഗോൾ നേടുകയും ചെയ്‌തു.” നൊപ്പർട്ട് പറഞ്ഞു.

ഹോളണ്ട് കളിച്ച തുടർച്ചയായ രണ്ടാമത്തെ ലോകകപ്പിലാണ് അർജന്റീനയോട് തോൽവി വഴങ്ങി പുറത്തു പോകേണ്ടി വന്നത്. നന്നായി പൊരുതിയെങ്കിലും തോൽവി വഴങ്ങേണ്ടി വന്നത് അവർക്ക് വലിയ നിരാശ ഉണ്ടാക്കിയെങ്കിലും ലയണൽ മെസിയെന്ന അതികായന്റെ മനോഭാവം വളരെ മികച്ചതാണെന്ന് സമ്മതിക്കാൻ അവർക്ക് യാതൊരു മടിയുമില്ലെന്ന് താരത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നു. നിലവിൽ ഡച്ച് ലീഗിലാണ് നോപ്പാർട്ട് കളിക്കുന്നത്.

Noppert About Messi Attitude In World Cup Shootout