നെയ്മർ ബാഴ്സലോണയിലേക്ക് തിരിച്ചെത്തുന്നു, പിഎസ്ജിയുമായി ധാരണയിലെത്തി | Neymar
ലയണൽ മെസിയെ സ്വന്തമാക്കാൻ കഴിയാതിരുന്ന ബാഴ്സലോണയിലേക്ക് ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ എത്തുമെന്ന റിപ്പോർട്ടുകൾ ശക്തമാകുന്നു. ബാഴ്സലോണയും പിഎസ്ജിയും തമ്മിൽ ഇക്കാര്യത്തിൽ ധാരണയിൽ എത്തിയെന്നാണ് ബീയിൻ സ്പോർട്ടിന്റെ ജേർണലിസ്റ്റായ ഖാലെദ് വലീദ് റിപ്പോർട്ടു ചെയ്യുന്നത്. എന്നാൽ രണ്ടു ക്ലബുകളും തമ്മിൽ ചില കാര്യങ്ങളിൽ ധാരണയാകാൻ ബാക്കിയുണ്ടെന്നും അദ്ദേഹം പറയുന്നു.
പിഎസ്ജി ആരാധകർ തന്റെ വീടിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചതിനെ തുടർന്ന് ഈ സമ്മറിൽ ക്ലബ് വിടാൻ ബ്രസീലിയൻ താരം ഒരുങ്ങുകയാണ്. ഇതിനു മുൻപ് പല തവണ ബാഴ്സയിലേക്ക് മടങ്ങാൻ നെയ്മർക്ക് താൽപര്യം ഉണ്ടായിരുന്നെങ്കിലും പിഎസ്ജി അതിനു സമ്മതിച്ചിരുന്നില്ല. ഇപ്പോൾ താരത്തെ സ്വന്തമാക്കാൻ ബാഴ്സലോണക്ക് വലിയൊരു അവസരമാണ് വന്നു ചേർന്നിരിക്കുന്നത്.
🚨🚨💣| BREAKING: FC Barcelona & Paris Saint-Germain have reached an agreement to sign Neymar, he will be a blaugrana if PSG pay the majority of his salary, reports @khaledwaleed99 — pending further confirmation. pic.twitter.com/XxyDh3eNAM
— Managing Barça (@ManagingBarca) July 2, 2023
വാലീദിന്റെ റിപ്പോർട്ടുകൾ പ്രകാരം ബാഴ്സലോണയും പിഎസ്ജിയും തമ്മിലുള്ള കരാറിൽ ധാരണയാകാതെ നിൽക്കുന്നത് പ്രതിഫലത്തിന്റെ കാര്യമാണ്. നെയ്മറുടെ പ്രതിഫലത്തിന്റെ വലിയൊരു ഭാഗം പിഎസ്ജി നൽകണമെന്നാണ് ആവശ്യം. അതിനർത്ഥം താരത്തെ ലോണിൽ ടീമിലെത്തിക്കാനാണ് ബാഴ്സലോണ ശ്രമിക്കുന്നതെന്നാണ്. ഇതിനു പിഎസ്ജി തയ്യാറായില്ലെങ്കിൽ ട്രാൻസ്ഫർ നീക്കങ്ങൾ ഇല്ലാതാകാനാണ് സാധ്യത.
പിഎസ്ജിയുടെ ഉടമകളായ ഖത്തറിന്റെ കീഴിലുള്ള പ്രമുഖ മാധ്യമമാണ് ബീയിൻ സ്പോർട്ട് എന്നതിനാൽ തന്നെ ഈ വാർത്തകളെ തള്ളിക്കളയാൻ കഴിയുകയില്ല. എന്നാൽ നെയ്മർ അടുത്ത സീസണിലെ പദ്ധതികളിൽ ഇല്ലെന്നാണ് സാവി മുൻപ് പ്രതികരിച്ചിട്ടുള്ളത്. അതിനു പുറമെ പിഎസ്ജി പരിശീലകനായി എൻറിക് എത്തുന്നതിനാൽ നെയ്മർ ക്ലബിൽ തുടരാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
Barca PSG Reach Agreement On Neymar Transfer