മെസിയെ തിരിച്ചെത്തിക്കാനുള്ള പദ്ധതിയോ, അപ്രതീക്ഷിത നീക്കത്തിനൊരുങ്ങി ബാഴ്സലോണ
തീർത്തും അപ്രതീക്ഷിതമായാണ് ലയണൽ മെസിക്ക് ബാഴ്സലോണ വിടേണ്ടി വന്നത്. ക്ലബിന്റെ സാമ്പത്തിക പ്രതിസന്ധിയായിരുന്നു അതിനു കാരണം. മെസിയെ മാത്രമല്ല, മറ്റു ചില താരങ്ങളെയും ആ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സക്ക് ഒഴിവാക്കേണ്ടി വന്നിരുന്നു. അതിനു മുൻപത്തെ തവണ ക്ലബ് നേതൃത്വത്തിലിരുന്നവരുടെ തെറ്റായ നയങ്ങളാണ് സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്തിച്ചത്. അതിൽ നിന്നും ബാഴ്സലോണ ഇപ്പോഴും മുക്തമായിട്ടുമില്ല.
കഴിഞ്ഞ സമ്മറിൽ ബാഴ്സലോണ നിരവധി സൈനിംഗുകൾ നടത്തിയിരുന്നു. ക്ലബിന്റെ പല ആസ്തികളുടെയും ഒരു ഭാഗം നിശ്ചിതകാലത്തേക് വിൽപ്പന നടത്തി അതിൽ നിന്നും ലഭിച്ച തുക ഉപയോഗിച്ചാണ് ഈ താരങ്ങളെ ബാഴ്സലോണ സ്വന്തമാക്കിയത്. നാല് ഘട്ടങ്ങളായാണ് ഈ സാമ്പത്തിക നയം ബാഴ്സലോണ നടപ്പിലാക്കിയത്. ഇപ്പൊൾ അതിന്റെ അഞ്ചാമത്തെ ഘട്ടത്തിനായി ബാഴ്സ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.
കാറ്റലൂണിയ സെറിന്റെ റിപ്പോർട്ടുകൾ പ്രകാരം ക്ലബിന്റെ ഔദ്യോഗിക ടെലിവിഷൻ ചാനലായ ബാഴ്സ ടിവി വിൽക്കാനാണ് ബാഴ്സലോണ അഞ്ചാം ഘട്ടത്തിൽ ഉദ്ദേശിക്കുന്നത്. നിലവിൽ ഈ ചാനൽ ബാഴ്സലോണയ്ക്ക് വരുന്ന നഷ്ടങ്ങളിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്. നിലവിൽ ബാഴ്സലോണയുടെ സീനിയർ ടീമിൽ സ്ഥിരമായി കളിക്കുന്ന ചില താരങ്ങളെ ഇതുവരെയും രെജിസ്റ്റർ ചെയ്യാൻ ക്ലബിന് കഴിഞ്ഞിട്ടില്ല. അതിനു വേണ്ടിയാണ് ഈ നീക്കം.
FC Barcelona is considering the sale of "Barça TV" to increase revenue. It's a part of the club that is currently unprofitable.
— total Barça (@totalBarca) January 26, 2023
Laporta already has the approval of socis to sell the 49.9% of BLM that was not sold this summer. pic.twitter.com/DX2YH4dQVI
അതേസമയം ലയണൽ മെസിയെ തിരിച്ചു കൊണ്ട് വരാനുള്ള ബാഴ്സലോണയുടെ പദ്ധതികൾ കാരണമാണ് ഈ വിൽപ്പനക്ക് തയ്യാറെടുക്കുന്നതെന്നും കരുതാവുന്നതാണ്. ലയണൽ മെസി പിഎസ്ജി കരാർ പുതുക്കാൻ തയ്യാറല്ലെന്ന റിപ്പോർട്ടുകൾ അടുത്ത ദിവസങ്ങളിൽ പുറത്തു വന്നിരുന്നു. ഇതോടെ താരം ബാഴ്സയിലേക്ക് തിരിച്ചു വരുമെന്ന റിപ്പോർട്ടുകൾ ശക്തമായിരുന്നു. എന്നാൽ സാമ്പത്തികപ്രതിസന്ധിയെ മറികടക്കാതെ ലയണൽ മെസിയെ തിരിച്ചെത്തിക്കാൻ ബാഴ്സലോണയ്ക്ക് കഴിയില്ലെന്നുമുറപ്പാണ്.