മെസിയില്ലാതെ ഒന്നും സാധ്യമല്ല, ജനുവരിയിൽ തന്നെ താരത്തെ സ്വന്തമാക്കാനുള്ള പദ്ധതിയുമായി ബാഴ്‌സലോണ

ലയണൽ മെസി ക്ലബ് വിട്ടതിന്റെ പ്രത്യാഘാതം കഴിഞ്ഞ രണ്ടു സീസണുകളായി ബാഴ്‌സലോണ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഈ രണ്ടു സീസണുകളിലും ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തു പോകേണ്ടി വന്നു. കഴിഞ്ഞ സീസണിൽ യൂറോപ്പ ലീഗ് കളിച്ച ടീം ഈ സീസണിൽ യൂറോപ്പ ലീഗിലേക്കുള്ള പ്ലേ ഓഫ് കളിക്കാൻ തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്. അതേസമയം പിഎസ്‌ജിക്കായി ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന താരത്തെ തിരിച്ചു കൊണ്ടു വരണമെന്ന ആവശ്യം ആരാധകർ ശക്തമായി ഉന്നയിക്കുന്നുണ്ട്.

മെസി ക്ലബ് വിട്ടതിന്റെ പ്രത്യാഘാതം എത്രത്തോളമുണ്ടെന്നു മനസിലാക്കിയ ബാഴ്‌സലോണ നേതൃത്വം താരത്തെ തിരിച്ചെത്തിക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിച്ചു കൊണ്ടിരിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ ഉണ്ടായിരുന്നു. ഈ സീസണു ശേഷം താരത്തെ ഫ്രീ ഏജന്റായി സ്വന്തമാക്കാനാണ് ബാഴ്‌സ നീക്കങ്ങൾ നടത്തിയിരുന്നത്. എന്നാലിപ്പോൾ ജനുവരിയിൽ തന്നെ താരത്തെ ടീമിലെത്തിക്കാനാണ് ബാഴ്‌സലോണ ശ്രമിക്കുന്നതെന്നാണ് കാറ്റലൻ മാധ്യമമായ സ്പോർട്ട് വെളിപ്പെടുത്തുന്നത്.

ലാ ലിഗ ഫെയർ പ്ലേയിൽ നൽകിയിരിക്കുന്ന ഇളവുകൾ ഉപയോഗപ്പെടുത്തിയാണ് ലയണൽ മെസിയെ ജനുവരിയിൽ തിരിച്ചു കൊണ്ടുവരാൻ ബാഴ്‌സ ശ്രമിക്കുന്നത്. എന്നാലത് അത്രയെളുപ്പമല്ല. ഒന്നാമത് ലയണൽ മെസിയുമായി പിഎസ്‌ജിക്ക് കരാർ നിലവിലുള്ളതിനാൽ തന്നെ താരത്തെ അവർ വിട്ടുകൊടുക്കാൻ തയ്യാറാവില്ല. ഈ സീസണിൽ ടീമിനെ മികച്ച പ്രകടനം നടത്തി മുന്നോട്ടു കൊണ്ടു പോകുന്നതിൽ ലയണൽ മെസിക്ക് വലിയ പങ്കുണ്ട്. പിഎസ്‌ജിയുടെ കിരീടപ്രതീക്ഷകളും മെസിയെ കേന്ദ്രീകരിച്ചാണ്.

മറ്റൊന്ന് ബാഴ്‌സലോണ ഈ സീസണിൽ ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് സ്റ്റേജിൽ തന്നെ പുറത്തായതാണ്. തുടർച്ചയായ രണ്ടാമത്തെ വർഷവും യൂറോപ്പ ലീഗിൽ കളിക്കേണ്ട അവസ്ഥയാണ് ബാഴ്‌സലോണക്കുള്ളത്. അതേസമയം ഈ സീസണിൽ ഒരു മത്സരം പോലും ഇതുവരെയും തോൽക്കാത്ത പിഎസ്‌ജി ചാമ്പ്യൻസ് ലീഗിൽ തങ്ങളുടെ ഗ്രൂപ്പിലും ലീഗിലും ഒന്നാമതാണ്. അത്രയും മികച്ച ഫോമിൽ കളിക്കുന്ന ഒരു ടീമിൽ നിന്നും യൂറോപ്പ ലീഗ് കളിക്കുന്ന ടീമിലേക്ക് വരാൻ മെസി ഒരിക്കലും മുതിരില്ല.

എന്തായാലും ലയണൽ മെസിയെ വിട്ടുകളഞ്ഞ തീരുമാനത്തിൽ ബാഴ്‌സലോണ ദുഖിക്കുന്നുണ്ടാകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇനി ചെയ്യാൻ ബാക്കിയുള്ളത് മെസി പിഎസ്‌ജി കരാർ പുതുക്കുന്നതു തടഞ്ഞ് ജനുവരിയിൽ തന്നെ താരവുമായി പ്രീ കോണ്ട്രാക്റ്റ് ഒപ്പിടുകയെന്നതാണ്. എന്തായാലും ലോകകപ്പിനു ശേഷമേ തന്റെ ഭാവിയുടെ കാര്യത്തിൽ മെസി തീരുമാനം എടുക്കുന്നുണ്ടാകൂ.