റാമോസിന്റെ അസിസ്റ്റിൽ മെസിയുടെ ബുള്ളറ്റ് ഗോൾ, ഗോളിനെ വെല്ലുന്ന അസിസ്റ്റും സ്വന്തമാക്കി അർജന്റീന താരം

ഇന്നലെ ഫ്രഞ്ച് ലീഗിൽ ട്രോയസിനെതിരെ നടന്ന മത്സരത്തിൽ ഒന്നു പതറിയെങ്കിലും വിജയം നേടാൻ പിഎസ്‌ജിക്ക് കഴിഞ്ഞു. പിഎസ്‌ജിയുടെ മൈതാനത്ത് രണ്ടു തവണ മുന്നിലെത്തിയ ട്രോയെസിനെതിരെ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് പിഎസ്‌ജി വിജയം നേടിയത്. മുന്നേറ്റനിരയിലെ ത്രയങ്ങളായ മെസി, നെയ്‌മർ, എംബാപ്പെ എന്നിവരും കാർലസ് സോളറും പിഎസ്‌ജിക്കായി ഗോൾ നേടിയപ്പോൾ ട്രോയസിനായി ബാൾഡി ഇരട്ടഗോളുകളും ആന്റെ പലവേഴ്‌സ ഒരു ഗോളും നേടി.

എന്നത്തേയും പോലെ പിഎസ്‌ജിയുടെ വിജയത്തിൽ ചർച്ചാവിഷയമാകുന്നത് ലയണൽ മെസി തന്നെയാണ്. മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയ മെസി നേടിയ ഗോൾ ഏവരെയും ആവേശത്തിലാക്കുന്ന ഒന്നായിരുന്നു. ഗോൾപോസ്റ്റിനു ഇരുപത്തിയഞ്ചു വാര അകലെ നിന്നും താരം തൊടുത്ത ഷോട്ട് ഒരു വെടിയുണ്ട പോലെയാണ് ഗോളിലേക്ക് കയറിപ്പോയത്. ഗോൾകീപ്പർ ഒരു ഫുൾ ഡൈവ് എടുത്തെങ്കിലും മെസിയുടെ ഷോട്ടിനെ തൊടാൻ പോലുമായില്ല.

ആ ഗോളിന് അസിസ്റ്റ് നൽകിയത് സെർജിയോ റാമോസായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. റയൽ മാഡ്രിഡിന്റെയും ബാഴ്‌സലോണയുടെയും നായകന്മാരായിരുന്ന ഇരുവരും 2021 സമ്മർ ട്രാൻസ്‌ഫർ ജാലകത്തിലാണ് പിഎസ്‌ജിയിൽ എത്തിയത്. റയൽ മാഡ്രിഡിനും ബാഴ്‌സലോണക്കും വേണ്ടി കളിക്കുന്ന സമയത്ത് മൈതാനത്ത് പലപ്പോഴും ഇരുവരും തമ്മിൽ സംഘര്ഷങ്ങള് ഉണ്ടായിരുന്നു. ആദ്യമായാണ് മെസിയുടെ ഒരു ഗോളിന് റാമോസ് അസിസ്റ്റ് നൽകുന്നത്.

ഗോൾ നേടിയതിനു ശേഷം നെയ്‌മറുടെ ഗോളിന് മെസി നൽകിയ അസിസ്റ്റും അതിമനോഹരമായ ഒന്നായിരുന്നു. മൈതാനത്തിന്റെ മധ്യത്തിൽ നിന്നും പന്ത് സ്വീകരിച്ച താരം ബോക്‌സിനടുത്തു കൂടിയുള്ള നെയ്‌മറുടെ നീക്കം കൃത്യമായി മനസിലാക്കി അളന്നു മുറിച്ച പാസാണ് നൽകിയത്. മെസിയുടെ പാസ് സ്വീകരിച്ച ബ്രസീലിയൻ താരം ഗോൾകീപ്പറെ കീഴടക്കി കൃത്യമായി പന്ത് വലയിലെത്തിക്കുകയും ചെയ്‌തു.

മത്സരത്തിൽ വിജയം നേടിയതോടെ ഫ്രഞ്ച് ലീഗിലെ പോയിന്റ് നില വർധിപ്പിക്കാൻ പിഎസ്‌ജിക്ക് കഴിഞ്ഞു. ഈ സീസണിൽ ഒരു മത്സരം പോലും തൊട്ടിട്ടില്ലാത്ത പിഎസ്‌ജി പതിമൂന്നു മത്സരങ്ങളിൽ നിന്നും മുപ്പത്തിയഞ്ചു പോയിന്റുമായാണ് ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. അത്രയും മത്സരങ്ങളിൽ നിന്നും മുപ്പതു പോയിന്റുള്ള ലെൻസാണ് രണ്ടാം സ്ഥാനത്തുള്ളത്.