ലോകകപ്പ് അടുത്തിരിക്കെ പരിക്കേറ്റ് എമിലിയാനോ മാർട്ടിനസ്, വിവരങ്ങൾ പുറത്തുവിട്ട് ആസ്റ്റൺ വില്ല

ഖത്തർ ലോകകപ്പ് ആരംഭിക്കാൻ ഇനി ഏതാനും ആഴ്‌ചകൾ മാത്രം ബാക്കി നിൽക്കെ പരിക്കിന്റെ തിരിച്ചടികൾ നേരിടുന്ന ടീമുകളിലൊന്നാണ് അർജന്റീന. പൗളോ ഡിബാല, ഏഞ്ചൽ ഡി മരിയ, ക്രിസ്റ്റ്യൻ റോമെറോ, നിക്കോ ഗോൺസാലസ്, ലിയാൻഡ്രോ പരഡെസ് തുടങ്ങിയ താരങ്ങളെല്ലാം നിലവിൽ പരിക്കിന്റെ പിടിയിലാണ്. ഇതിൽ പൗളോ ഡിബാല ഒഴികെയുള്ള താരങ്ങൾ ലോകകപ്പിനു മുൻപ് തിരിച്ചെത്തുമെന്ന പ്രതീക്ഷയുണ്ടെങ്കിലും ആരാധകർക്ക് ആശങ്ക ബാക്കിയാണ്.

അതിനിടയിൽ ഇന്നലെ ന്യൂകാസിൽ യുണൈറ്റഡും ആസ്റ്റൺ വില്ലയും തമ്മിൽ നടന്ന മത്സരത്തിനിടെ അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് പരിക്കേറ്റു പുറത്തു പോയത് അർജന്റീന ആരാധകർക്ക് കൂടുതൽ ആശങ്കക്ക് വഴി വെച്ചിരുന്നു. മത്സരത്തിന്റെ മുപ്പത്തിയഞ്ചാം മിനുട്ടിലാണ് താരം പരിക്കേറ്റു കളിക്കളം വിടുന്നത്. റോബിൻ ഓൾസനാണ് മാർട്ടിനസിനു പകരം കളത്തിലിറങ്ങിയത്. അതിനു ശേഷം നാല് ഗോളുകൾ വഴങ്ങി ആസ്റ്റൺ വില്ല തോൽവിയേറ്റു വാങ്ങുകയും ചെയ്‌തിരുന്നു.

എമിലിയാനോ മാർട്ടിനസിന്റെ പരിക്കിനെ സംബന്ധിച്ച് ഏറ്റവും അവസാനം പ്രതികരിച്ചത് ആസ്റ്റൺ വില്ലയുടെ കെയർടേക്കർ മാനേജരായ ആരോൺ ഡാങ്ക്സ് ആണ്. താരം അതിനു ശേഷം സ്വയം കുളിക്കുകയും ഡ്രസ്സ് മാറുകയും ചെയ്‌തുവെന്ന്‌ അദ്ദേഹം വെളിപ്പെടുത്തി. താരത്തിന് ഗുരുതരമായ പ്രശ്‌നങ്ങളില്ലെന്നാണ് ഇതിൽ നിന്നും വ്യക്തമാക്കുന്നത്. എന്നാൽ ഡോക്ടർമാരുമായി സംസാരിച്ചതിന് ശേഷമേ ഇക്കാര്യത്തിൽ അന്തിമമായ തീരുമാനം അടുക്കാൻ കഴിയൂ.

അർജന്റീന ഗോൾവലക്കു കീഴിലെ ആത്മവിശ്വാസം നിറഞ്ഞ താരമാണ് എമിലിയാനോ മാർട്ടിനസ്. കഴിഞ്ഞ കോപ്പ അമേരിക്ക ടൂർണമെന്റിൽ അർജന്റീന കിരീടം നേടുന്നതിൽ താരത്തിന്റെ പങ്ക് ആർക്കും വിസ്‌മരിക്കാൻ കഴിയാത്തതാണ്. അതുകൊണ്ടു തന്നെ താരത്തിന് പരിക്കേറ്റാൽ അത് ടീമിന്റെ പ്രകടനത്തെയും ആത്മവിശ്വാസത്തെയും ബാധിക്കുമെന്നതിൽ സംശയമില്ല.