ലോകകപ്പിനുള്ള ബ്രസീൽ ടീമിന്റെ ഭാഗമാകാൻ ഡാനി ആൽവസ് ബാഴ്‌സക്കൊപ്പം പരിശീലനം നടത്തുന്നു

ഖത്തർ ലോകകപ്പിനുള്ള ബ്രസീൽ ടീമിൽ വെറ്ററൻ താരം ഡാനി ആൽവസും ഇടം പിടിക്കാനുള്ള സാധ്യതകൾ വർധിക്കുന്നു. ലോകകപ്പ് സ്‌ക്വാഡിന്റെ ഭാഗമാകാൻ മുപ്പത്തിയെട്ടുകാരനായ ബ്രസീലിയൻ താരം ബാഴ്‌സലോണയുടെ ട്രെയിനിങ് ഗ്രൗണ്ടിൽ പരിശീലനം ആരംഭിച്ചിട്ടുണ്ട്. ലോകകപ്പിന് ഏറ്റവും മികച്ച രീതിയിൽ തയ്യാറെടുക്കുകയെന്ന ലക്ഷ്യമുള്ള ആൽവസിനു ബാഴ്‌സലോണക്കൊപ്പം പരിശീലനം നടത്താൻ താരത്തിന്റെ ക്ലബായ പ്യൂമാസും അംഗീകാരം നൽകിയിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ ബാഴ്‌സലോണയിൽ കളിച്ച ഡാനി ആൽവസിന് ക്ലബ് പുതിയ കരാർ നൽകാൻ തയ്യാറായിരുന്നില്ല. ഇതേത്തുടർന്നാണ് ജൂലൈയിൽ മെക്‌സിക്കൻ ക്ലബായ പ്യൂമസുമായി താരം ഒരു വർഷത്തെ കരാറൊപ്പിട്ടത്. ഈ സീസണിൽ പന്ത്രണ്ടു ലീഗ് മത്സരങ്ങൾ ക്ലബിനായി കളിച്ച താരം ഗോളുകളൊന്നും നേടിയിട്ടില്ലെങ്കിലും നാല് ഗോളുകൾക്ക് അവസരമുണ്ടാക്കി നൽകിയിട്ടുണ്ട്. മുപ്പത്തിയൊമ്പതാം വയസിലും താരം മികച്ച പ്രകടനം നടത്തുന്നുണ്ടെന്ന് ഇതിൽ നിന്നും മനസിലാക്കാം.

ബാഴ്‌സലോണയിൽ തന്റെ സഹതാരമായിരുന്ന മെക്‌സിക്കൻ ഇതിഹാസം റാഫ മാർക്വസ് പരിശീലകനായ ബാഴ്‌സ ബിക്കൊപ്പമാണ് ഡാനി ആൽവസ് പരിശീലനം നടത്തുന്നത്. ജൂലൈയിൽ ടീമിന്റെ പരിശീലകനായി എത്തിയ മാർക്വസിനു കീഴിൽ ഒൻപതു മത്സരങ്ങൾ കളിച്ച ബാഴ്‌സ ബി മൂന്ന് ജയങ്ങൾ മാത്രമേ നേടിയിട്ടുള്ളൂ. അതേസമയം ബാഴ്‌സ ബിക്കൊപ്പം പരിശീലനം നടത്തുന്ന ഡാനി അൽവസ് ലോകകപ്പിനു ശേഷം മെക്‌സിക്കൻ ക്ലബ്ബിലേക്ക് തിരിച്ചു വരുമെന്ന് പ്യൂമാസിന്റെ പരിശീലകനായ റാഫേൽ പുവെന്റ വ്യക്തമാക്കിയിട്ടുണ്ട്.

ഡാനി ആൽവസ് ലോകകപ്പ് ടീമിൽ ഉൾപ്പെടുകയാണെങ്കിൽ ബ്രസീലിന്റെ പ്രതിരോധനിരയിൽ മുപ്പത്തിയെട്ടു കഴിഞ്ഞ രണ്ടു താരങ്ങളാണ് ഉണ്ടാവുക. ചെൽസി താരമായ തിയാഗോ സിൽവക്കും മുപ്പത്തിയെട്ടു വയസ്സാണ് പ്രായം. ഈ രണ്ടു താരങ്ങളും മികച്ച ഫോമിലാണെങ്കിലും ലോകകപ്പ് പോലെ തീവ്രതയുള്ള ഫുട്ബോൾ കളിക്കേണ്ടി വരുന്ന ടൂർണമെന്റിൽ ഇവരുടെ സാന്നിധ്യം ആരാധകർക്ക് ചെറിയ തോതിൽ ആശങ്ക നൽകുമെന്നതിൽ സംശയമില്ല.