ബ്രസീലും അർജന്റീനയുമല്ല, ലോകകപ്പിലെ ഏറ്റവും ശക്തരായ ടീമിനെ വെളിപ്പെടുത്തി വിനീഷ്യസ് ജൂനിയർ

ഖത്തർ ലോകകപ്പിന് ഇനി ഏതാനും ആഴ്‌ചകൾ മാത്രം ബാക്കി നിൽക്കെ ഏതു ടീമിനാണ് കിരീടം നേടാൻ ഏറ്റവുമധികം സാധ്യതയെന്ന കാര്യത്തിൽ ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്. ഫുട്ബോൾ നിരീക്ഷരും മുൻ താരങ്ങളുമെല്ലാം അവരുടെ അഭിപ്രായങ്ങൾ ഇക്കാര്യത്തിൽ വെളിപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരമായ വിനീഷ്യസ് ജൂനിയറും ലോകകപ്പിൽ ഏറ്റവും കരുത്തുറ്റ ടീമേതാണെന്ന കാര്യത്തിൽ തന്റെ അഭിപ്രായം പറയുകയുണ്ടായി. അർജന്റീനക്കും ബ്രസീലിനും സാധ്യതയുണ്ടെങ്കിലും ടൂർണമെന്റിലെ ഏറ്റവും കരുത്തുറ്റ ടീം ഫ്രാൻസാണെന്നാണ് താരം പറയുന്നത്.

“അതൊരു ബുദ്ധിമുട്ടേറിയ കാര്യമാണ്, ശരിയല്ലേ? അവസാനത്തെ ലോകകപ്പ് നേടിയ ടീമായിരിക്കും എല്ലായിപ്പോഴും മികച്ച ടീം. ഫ്രാൻസാണ് ഇപ്പോൾ ഏറ്റവും മികച്ച ടീമെന്നാണ് ഞാൻ കരുതുന്നത്. എന്നാൽ ലോകകപ്പിൽ അതിനെല്ലാം മാറ്റം വരും, വിജയം നേടാൻ സാധ്യതയുള്ള നിരവധി മികച്ച ടീമുകളുണ്ട്.” സ്പോർട്ട് ബൈബിളിനോട് സംസാരിക്കുമ്പോൾ ഈ സീസണിൽ റയൽ മാഡ്രിഡിനു വേണ്ടി മികച്ച പ്രകടനം നടത്തുന്ന വിനീഷ്യസ് പറഞ്ഞു.

“അർജന്റീന നല്ല കളി കാഴ്‌ച വെക്കുന്നുണ്ട്, ബ്രസീൽ, ഇംഗ്ലണ്ട്, ജർമനി എന്നീ ടീമുകളുമുണ്ട്. അവരാണ് ഈ ലോകകപ്പിൽ ഏറ്റവും കരുത്തരായ ടീമുകൾ. ബ്രസീൽ വിജയിക്കുമായിരിക്കും. ഞാൻ കളിക്കുമെന്നാണ് കരുതുന്നത്, എന്നെ സംബന്ധിച്ച് ഈ ലോകകപ്പ് സ്പെഷ്യലാണ്. ബ്രസീലിനെ സംബന്ധിച്ച് എല്ലാവർക്കും വലിയ പ്രതീക്ഷകളുണ്ട്. കുറേക്കാലത്തിനു ശേഷം കരുത്തുറ്റ ടീം ഞങ്ങൾക്കുണ്ട്, അതു വളരെ പ്രധാനപ്പെട്ട കാര്യമാണ്.” വിനീഷ്യസ് കൂട്ടിച്ചേർത്തു.

ഈ ലോകകപ്പിൽ ബ്രസീൽ ഇറങ്ങുമ്പോൾ വിനീഷ്യസിന്റെ മികച്ച ഫോമും ടീമിന് വലിയ പ്രതീക്ഷ നൽകുന്നതാണ്. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗും ലാ ലിഗയും നേടുമ്പോൾ നിർണായക പ്രകടനം നടത്തിയത് വിനീഷ്യസ് ആയിരുന്നു. അതിനു പുറമെ ഈ സീസണിലും താരം മികച്ച പ്രകടനം നടത്തുന്നുണ്ട്. ബ്രസീൽ ടീമിനൊപ്പവും വിനീഷ്യസ് മികച്ച കളിയാണ് കാഴ്‌ച വെക്കുന്നത്.