അർജന്റീനിയൻ സൂപ്പർതാരത്തിന് ആവശ്യക്കാരേറുന്നു, പ്രീമിയർ ലീഗിലെ രണ്ടു വമ്പൻ ക്ലബുകൾ താരത്തിനു പിന്നാലെ

അർജന്റീനയുടെയും ഇന്റർ മിലാന്റെയും പ്രധാന സ്‌ട്രൈക്കറായ ലൗടാരോ മാർട്ടിനസിനായി രംഗത്തുള്ള ക്ലബുകളുടെ എണ്ണം വർധിക്കുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ടാൽ ലൗടാരോ മാർട്ടിനസിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം നടത്തുന്നതിനൊപ്പം താരത്തിനായി മറ്റൊരു പ്രീമിയർ ലീഗ് ക്ലബായ ചെൽസിയും ഇപ്പോൾ രംഗത്തു വന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇരുപത്തിയഞ്ചു വയസുകാരനായ താരമാണ് ലൗടാരോ മാർട്ടിനസ്.

2018ലാണ് അർജന്റീനിയൻ ക്ലബായ റേസിങ്ങിൽ നിന്നും ലൗടാരോ മാർട്ടിനസ് ഇന്റർ മിലാനിലേക്ക് ചേക്കേറുന്നത്. അതിനു ശേഷം ഇറ്റാലിയൻ ക്ലബിനായി 197 മത്സരങ്ങൾ കളിച്ച താരം 81 ഗോളുകളും 28 അസിസ്റ്റുകളും ടീമിനായി സ്വന്തമാക്കി. നിരവധി സീസണുകളായി മികച്ച പ്രകടനം നടത്തുന്ന താരം ഇറ്റാലിയൻ ക്ലബ് വിടുമെന്ന റിപ്പോർട്ടുകൾ നേരത്തെ പലപ്പോഴും ഉയർന്നു വന്നിട്ടുള്ളതാണ്. ഇതേത്തുടർന്ന് കഴിഞ്ഞ വർഷം ഒക്ടോബറിൽ 2026 വരെ ഇന്റർ മിലാനുമായി ലൗടാരോ മാർട്ടിനസ് കരാർ പുതുക്കുകയും ചെയ്‌തിരുന്നു.

ഇന്റർലൈവിന്റെ റിപ്പോർട്ടുകൾ പ്രകാരം ഒരു മികച്ച സ്‌ട്രൈക്കറെ ടീമിന്റെ ഭാഗമാക്കാൻ ശ്രമിക്കുന്ന ചെൽസി പ്രധാനമായും പരിഗണിക്കുന്നത് ലൗടാരോ മാർട്ടിനസിനെയാണ്. ഗ്രഹാം പോട്ടർ പരിശീലകനായതിനു ശേഷം ചെൽസി ഫോമിലാണെങ്കിലും ഒരു മികച്ച സ്‌ട്രൈക്കറുടെ അഭാവം പലപ്പോഴും ടീം നേരിടുന്നുണ്ട്. ഇതിനു പരിഹാരമുണ്ടാക്കാൻ ഈ സീസണിലിതു വരെ പതിനാറ് മത്സരങ്ങളിൽ നിന്നും ഏഴു ഗോളുകളും നാല് അസിസ്റ്റുകളും സ്വന്തമാക്കിയ താരത്തിന് കഴിയുമെന്നാണ് അവർ ഉറച്ചു വിശ്വസിക്കുന്നത്.

അതേസമയം ലൗടാരോ മാർട്ടിനസിനെ സ്വന്തമാക്കാൻ ചെൽസി വലിയ വെല്ലുവിളികൾ തന്നെ നേരിടേണ്ടി വരും. മാഞ്ചസ്റ്റർ യുണൈറ്റഡിന് പുറമെ ന്യൂകാസിൽ യുണൈറ്റഡ്, ടോട്ടനം എന്നീ പ്രീമിയർ ലീഗ് ടീമുകളും താരത്തിനായി രംഗത്തുണ്ട്. അത്ലറ്റികോ മാഡ്രിഡിനും ലൗടാരോ മാർട്ടിനസിനെ സ്വന്തമാക്കാൻ താൽപര്യമുണ്ടെങ്കിലും താരം പ്രീമിയർ ലീഗിലേക്ക് ചേക്കേറുന്നതിനാണ് കൂടുതൽ പരിഗണന നൽകുന്നതെന്നാണ് റിപ്പോർട്ടുകൾ.