മെസിയുടെ ഗോൾ കണ്ടു കണ്ണീരടക്കാനാവാതെ ബെക്കാം, അത്ഭുതം കൊണ്ടു വാ പൊളിച്ച് സെറീന വില്യംസ് | Messi
യൂറോപ്പിൽ നിന്നും അമേരിക്കൻ ലീഗിലെത്തിയതിനു ശേഷം ആദ്യം കളിച്ച മത്സരത്തിൽ തന്നെ തരംഗം സൃഷ്‌ടിച്ചിരിക്കുകയാണ് ലയണൽ മെസി. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഇറങ്ങി മികച്ച പ്രകടനം നടത്തിയ താരം ഇഞ്ചുറി ടൈമിൽ ലഭിച്ച ഫ്രീകിക്ക് ഗോളാക്കി മാറ്റി ടീമിന് വിജയം സമ്മാനിക്കുകയും ചെയ്‌തു. അമേരിക്കൻ ലീഗിൽ മെസിയുടെ ആദ്യത്തെ മത്സരം കാണാനിരുന്ന ആരാധകർക്ക് മുഴുവൻ ആവേശം നൽകിയാണ് മെസി ഫ്രീകിക്ക് ഗോൾ നേടിയത്.
ആരാധകർക്ക് മാത്രമല്ല, മെസിയുടെ ആദ്യത്തെ മത്സരം കാണാനെത്തിയ നിരവധി സെലിബ്രിറ്റികൾക്കും ആ ഗോൾ വലിയ ആവേശവും അത്ഭുതവുമാണ് സമ്മാനിച്ചത്. ഒരു ഘട്ടത്തിൽ തോൽവി വഴങ്ങുമെന്ന് പ്രതീക്ഷിച്ച ടീമിനെ, ലഭിച്ച ഒരേയൊരു അവസരം കൃത്യമായി മുതലാക്കി വിജയത്തിലേക്കെത്തിക്കാൻ മെസിക്കായി. മെസിയുടെ ഗോൾ പിറന്നതിനു ശേഷം ഇന്റർ മിയാമിയുടെ ഉടമയായ ഡേവിഡ് ബെക്കാം കരച്ചിലടക്കാൻ പാടുപെടുകയായിരുന്നു.
David Beckham in tears after Lionel Messi's goal.pic.twitter.com/HQKHv3kaxr
— Roy Nemer (@RoyNemer) July 22, 2023
മത്സരം കാണാനെത്തിയ ടെന്നീസ് ഇതിഹാസമായ സെറീന വില്യംസിനും മെസിയുടെ ഗോൾ കണ്ടതിന്റെ ആവേശവും അത്ഭുതവും അടക്കാൻ കഴിഞ്ഞില്ല. മെസി ഗോൾ നേടിയതിനു പിന്നാലെ അത്ഭുതത്തോടെ വാ പൊളിച്ചു നിൽക്കുന്ന സെറീനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. സെറീന വില്യംസിനൊപ്പം മോഡലായ കിം കാർദാഷ്യനും ബാസ്‌കറ്റ്‌ബോൾ ഇതിഹാസം ലെബ്രോൺ ജെയിംസും മത്സരം കാണാൻ എത്തിയിരുന്നു. മെസിയുടെ ഗോളിനെ കയ്യടികളോടെയാണ് അവർ ആഘോഷിച്ചത്.
The reaction of Kim Kardashian, Serena Williams, Beckham and his family to Messi’s goal. 🤟
— FCB Albiceleste (@FCBAlbiceleste) July 22, 2023
ഒരു മുൻ ഫുട്ബോളർ എന്ന നിലയിൽ ടീമിനെ സഹായിക്കാൻ തോന്നുമെങ്കിലും അതിനു കഴിയാതെ നിസ്സഹായനായി നിൽക്കേണ്ടി വരാറുണ്ടെന്ന് മത്സരത്തിന് ശേഷം ബെക്കാം പറഞ്ഞു. എന്നാൽ ഇന്നത്തെ ദിവസം തനിക്കും കുടുംബത്തിനും ആഘോഷിക്കാനുള്ള വക ലഭിച്ചെന്നും രാജ്യത്തിനു തന്നെ അഭിമാനിക്കാൻ കഴിയുന്ന നിമിഷങ്ങളാണ് സംഭവിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ടീമിന്റെ പദ്ധതികൾ കൃത്യമായി മുന്നോട്ടു പോകുന്നുണ്ടെന്നും ബെക്കാം പറഞ്ഞു.
Beckham Serena Williams Reacts To Messi Goal