
അർജന്റീന ഖത്തർ ലോകകപ്പ് നേടിയെങ്കിലും ബ്രസീൽ തന്നെ ഒന്നാമന്മാർ
ഖത്തർ ലോകകപ്പിൽ മുപ്പത്തിയാറ് വർഷത്തിനു ശേഷം അർജന്റീന കിരീടം നേടിയെങ്കിലും അതിനു ശേഷം പുറത്തു വരാനിരിക്കുന്ന ഫിഫ റാങ്കിങ്ങിൽ ബ്രസീൽ തന്നെ ഒന്നാം സ്ഥാനത്ത് തുടരുമെന്ന് ഇഎസ്പിഎന്നിന്റെ റാങ്കിങ്സ് ട്രാക്കിങ് വെബ്സൈറ്റ് വ്യക്തമാക്കുന്നു. അർജന്റീന ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തേക്ക് മുന്നേറുമ്പോൾ ഫൈനൽ കളിച്ച ഫ്രാൻസും ഒരു സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തും വ്യാഴാഴ്ച്ചയാണ് ഫിഫ വെബ്സൈറ്റിൽ റാങ്കിങ് മാറ്റം വരുന്നത്.
ഫൈനലിൽ അർജന്റീനയോ ഫ്രാൻസോ 120 മിനുട്ടിനുള്ളിൽ വിജയം നേടിയിരുന്നെങ്കിൽ അവർക്ക് ഒന്നാം സ്ഥാനത്ത് എത്താൻ കഴിയുമായിരുന്നു. എന്നാൽ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടതാണ് തിരിച്ചടിയായത്. റെഗുലേഷൻ ടൈമിലെ വിജയത്തെ അപേക്ഷിച്ച് ഷൂട്ടൗട്ടിലെ വിജയത്തിന് പോയിന്റ് കുറവാണ്. ലോകകപ്പിൽ അർജന്റീനയുടെ രണ്ടു വിജയങ്ങൾ ഷൂട്ടൗട്ടിലായിരുന്നു. അർജന്റീന രണ്ടാം സ്ഥാനത്തേക്കും ഫ്രാൻസ് മൂന്നാം സ്ഥാനത്തേക്കും മുന്നേറിയപ്പോൾ നേരത്തെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബെൽജിയം നാലാം സ്ഥാനത്തേക്ക് വീണു.
Kwa mujibu wa FIFA RANKING zinazokuja taifa la Argentina na Ufaransa wamepanda juu kwa nafasi moja kila mmoja [3&4] na Belgium
ameshuka nafasi moja ila BRAZIL yuko pale juu. Kwa Afrika Morroco
imepanda hadi nafasi ya 11 akitoka 22 huku Senegal
wakishuka nafasi 1 hadi 19 pic.twitter.com/r4qqtw9JTK
— Rinyo Updates (@elirehemauronu) December 18, 2022
സെമി ഫൈനൽ വരെയെത്തിയ ക്രൊയേഷ്യയാണ് ടോപ് ടെൻ റാങ്കിങ്ങിൽ ഏറ്റവുമധികം കുതിപ്പുണ്ടാക്കിയ ടീം. പന്ത്രണ്ടാം സ്ഥാനത്തു നിന്നിരുന്ന ടീം ലോകകപ്പ് കഴിഞ്ഞപ്പോൾ അഞ്ചു സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ട്. ലോകകപ്പിലെ കറുത്ത കുതിരകളായ മൊറോക്കോയാണ് റാങ്കിങ്ങിൽ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത്. പതിനൊന്നു സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ അവർ നിലവിൽ പതിനൊന്നാം സ്ഥാനത്താണ്. ഓസ്ട്രേലിയയും പതിനൊന്നു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 27ആം സ്ഥാനത്തേക്ക് മുന്നേറി. ഖത്തർ ലോകകപ്പിൽ കളിച്ചില്ലെങ്കിലും കഴിഞ്ഞ യൂറോ ജേതാക്കളായ ഇറ്റലി റാങ്കിങ്ങിൽ എട്ടാം സ്ഥാനത്തു നിൽക്കുന്നുണ്ട്.
ബ്രസീലിനെതിരെ ഗ്രൂപ്പ് ഘട്ടത്തിൽ വിജയം നേടിയ കാമറൂൺ പത്ത് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മുപ്പത്തിമൂന്നാം സ്ഥാനത്തേക്ക് മുന്നേറി. ടോപ് ടെന്നിൽ ബ്രസീൽ, അർജന്റീന, ഫ്രാൻസ് ബെൽജിയം എന്നിവർ ഒന്ന് മുതൽ നാല് വരെയുള്ള സ്ഥാനങ്ങളിൽ നിൽക്കുമ്പോൾ ഇംഗ്ലണ്ട്, നെതർലൻഡ്സ്, ക്രൊയേഷ്യ, ഇറ്റലി, പോർച്ചുഗൽ, സ്പെയിൻ എന്നിവരാണ് ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള ടീമുകൾ.