ഫൈനലുകൾ വിജയിക്കാനുള്ളതാണ്, ഒരിക്കൽക്കൂടി അർജന്റീനയെ രക്ഷിക്കുമോ ഡി മരിയ

അർജന്റീന ടീം ലോകകപ്പിന്റെ ഫൈനലിൽ എത്തിയതോടെ എല്ലാ വഴികളും ലയണൽ മെസിയിലേക്കാണ് നീളുന്നത്. ടൂർണമെന്റിലിതു വരെ അഞ്ചു ഗോളുകളും മൂന്ന് അസിസ്റ്റും സ്വന്തമാക്കിയ, ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച താരം തന്റെ അവസാനത്തെ ലോകകപ്പ് മത്സരത്തിനായി ഇറങ്ങുമ്പോൾ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും അവിടേക്ക് തിരിയുന്നത് വളരെ സ്വാഭാവികമാണ്. മെസി കിരീടം നേടണമെന്ന് എതിരാളികൾ അടക്കം പലരും ശക്തമായി ആഗ്രഹിക്കുകയും ചെയ്യുന്നു.

എന്നാൽ ഇത് അവസാനത്തെ ലോകകപ്പാവുന്നത് ലയണൽ മെസിക്ക് മാത്രമാവില്ല. മെസിക്ക് പുറമെ ഏഞ്ചൽ ഡി മരിയ, നിക്കോളാസ് ഒട്ടമെൻഡി തുടങ്ങിയ താരങ്ങൾക്കും ഇത് അവസാനത്തെ ലോകകപ്പ് തന്നെയായിരിക്കും. ഖത്തർ ലോകകപ്പിനു ശേഷം ദേശീയ ടീമിൽ നിന്നു തന്നെ വിരമിക്കുമെന്ന സൂചനകൾ ഏഞ്ചൽ ഡി മരിയ നൽകിയിരുന്നു. ദേശീയ ടീമിലേക്ക് വരാൻ നിരവധി താരങ്ങൾ കാത്തിരിക്കുന്നതിനാൽ ഇനിയും തുടരുന്നത് സ്വാർത്ഥതയാകുമെന്നാണ് ഫൈനലിസിമ മത്സരത്തിനു ശേഷം ഡി മരിയ പറഞ്ഞത്.

ലോകകപ്പ് ഫൈനലിനായി അർജന്റീന ഇറങ്ങുമ്പോൾ ആരാധകർ പ്രതീക്ഷ പുലർത്തുന്ന താരം ഏഞ്ചൽ ഡി മരിയ കൂടിയാണ്. ഈ ലോകകപ്പിൽ ഇതുവരെയും ഒരു ഗോൾ പോലും നേടാൻ കഴിഞ്ഞിട്ടില്ലെങ്കിലും നിർണായകമായ പോരാട്ടങ്ങളിൽ രക്ഷകനാവുന്ന താരമാണ് ഏഞ്ചൽ ഡി മരിയ. കഴിഞ്ഞ കോപ്പ അമേരിക്ക ടൂർണമെന്റിലുടനീളം ഒരു ഗോൾ പോലും നേടാതെ ഒടുവിൽ ബ്രസീലിന്റെ ഹൃദയം തകർത്ത്, ഇരുപത്തിയെട്ടു വർഷത്തിനു ശേഷം അർജന്റീനക്ക് കിരീടം നേടിക്കൊടുത്ത ഗോൾ ഡി മരിയ സ്വന്തം പേരിൽ കുറിച്ചു. ആ മത്സരത്തിൽ കളിയിലെ താരമായ ഡി മരിയ പിന്നീട് ഫൈനലിസിമ പോരാട്ടത്തിൽ ഇറ്റലിക്കെതിരെയും ഗോൾ നേടുകയുണ്ടായി.

അർജന്റീന ലോകകപ്പ് ഫൈനൽ കളിച്ച 2014ൽ ഏഞ്ചൽ ഡി മരിയ കലാശപ്പോരാട്ടത്തിന് ഉണ്ടായിരുന്നില്ല. പരിക്കാണ് താരത്തിന് തിരിച്ചടിയായത്. ഫ്രാൻസിനെതിരെ അർജന്റീന കളിക്കുമ്പോൾ മറ്റൊരു കാര്യം കൂടി സൂചിപ്പിക്കേണ്ടതുണ്ട്. 2018 ലോകകപ്പിന്റെ പ്രീ ക്വാർട്ടറിൽ ഫ്രാൻസിനെതിരെ അർജന്റീനക്ക് ലീഡ് നേടിക്കൊടുത്ത താരം ഡി മരിയ ആയിരുന്നു. എന്നാൽ ആ ലീഡ് നിലനിർത്താൻ കഴിയാതെ മൂന്നിനെതിരെ നാല് ഗോളുകളുടെ പരാജയം വഴങ്ങിയാണ് അർജന്റീന ലോകകപ്പിൽ നിന്നും പുറത്തു പോകുന്നത്. ഫ്രാൻസ് ആ ലോകകപ്പ് നേടുകയും ചെയ്‌തു.

പോളണ്ടിനെതിരായ ഗ്രൂപ്പ് മത്സരത്തിൽ പരിക്കേറ്റ ഡി മരിയ പിന്നീട് ക്വാർട്ടർ ഫൈനലിൽ ഹോളണ്ടിനെതിരെ എട്ടു മിനുട്ട് മാത്രമാണ് കളിച്ചത്. സെമി ഫൈനലിൽ താരത്തിന് കളിക്കാൻ കഴിയുമായിരുന്നെങ്കിലും സ്‌കലോണി തന്റെ തന്ത്രങ്ങളുടെ ഭാഗമായി ഡി മരിയയെ ബെഞ്ചിലിരുത്തി. ക്രൊയേഷ്യക്കെതിരെ അർജന്റീന ലീഡ് നേടി മത്സരം തങ്ങളുടെ വരുതിയിൽ വന്നതോടെ താരത്തിന്റെ പരിക്കിന്റെ കാര്യത്തിൽ കൂടുതൽ സാഹസത്തിനു മുതിരേണ്ടെന്നു കരുതി ഡി മരിയയെ മത്സരത്തിനു പിന്നെ ഇറക്കിയില്ല. ഫൈനലിനായി ഡി മരിയയെ കാത്തു വെക്കുക കൂടിയാണ് സ്‌കലോണി ചെയ്‌തത്‌.

ഫൈനലുകൾ വിജയിക്കാനുള്ളതാണെന്ന് അറിയാവുന്ന താരം 2008 ബീജിംഗ് ഒളിമ്പിക്‌സ് ഫൈനലിൽ നൈജീരിയക്കെതിരെ ഗോൾ നേടി അർജന്റീനക്ക് സ്വർണം നേടിത്തന്ന താരം. അതിനു ശേഷം കോപ്പ അമേരിക്കയിലും ഫൈനലിസമയിലും തന്റെ ഗോളടി മികവ് തെളിയിച്ച താരം. മെസിയെ പൂട്ടുമ്പോൾ വരുന്ന പഴുതുകൾ തുറന്നെടുത്ത് ബോക്‌സിലേക്ക് പന്തെത്തിക്കാൻ കഴിയുന്ന താരം. അർജന്റീന ജേഴ്‌സിയിൽ തന്റെ അവസാനത്തെ ആട്ടത്തിനായി ഡി മരിയ ഇറങ്ങുമ്പോൾ വീണ്ടുമൊരിക്കൽ കൂടി ആ ബൂട്ടുകൾ നിറയൊഴിക്കട്ടെ. ലോകകപ്പ് ഡി മരിയക്കു കൂടി സ്വന്തമാകട്ടെ.