അർജന്റീനക്കെതിരെ കളിക്കുന്ന ടീമുകൾക്ക് ചിലർ കൂടുതൽ സാധ്യത കൽപ്പിക്കുന്നതിനെ ഇഷ്‌ടപ്പെടുന്നുവെന്ന് എമിലിയാനോ മാർട്ടിനസ്

ഇന്ന് നടന്ന പത്രസമ്മേളനത്തിൽ ലോകകപ്പ് ഫൈനൽ പോരാട്ടത്തെക്കുറിച്ചും ഫ്രാൻസ് ടീമിനെക്കുറിച്ചും സംസാരിച്ച് അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്. ഫ്രാൻസിനാണ് കിരീടം നേടാൻ കൂടുതൽ സാധ്യതയെന്നു വാദങ്ങൾ കേൾക്കുന്നതിൽ യാതൊരു പ്രശ്‌നവുമില്ലെന്ന് എമിലിയാനോ മാർട്ടിനസ് പറഞ്ഞു. ടൂർണമെന്റിൽ ഫ്രാൻസിനെ നേരത്തെ തന്നെ അർജന്റീന പ്രതീക്ഷിച്ചിരുന്നുവെന്നും എമിലിയാനോ വ്യക്തമാക്കി.

“ഞങ്ങൾ ഫ്രാൻസിനെ നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നു, കാരണം പ്രീ ക്വാർട്ടറിൽ ഫ്രാൻസ് എതിരാളികളായി വരാനുള്ള സാധ്യതയുണ്ടായിരുന്നു. അവർക്ക് വളരെ മികച്ച പ്രതിരോധവും വളരെ മികച്ച മുന്നേറ്റനിര താരങ്ങളുമുണ്ട്. ചിലർ ഞങ്ങളുടെ എതിരാളികൾക്ക് കൂടുതൽ സാധ്യത കൽപ്പിക്കുന്നത് ഇഷ്ടപ്പെടുന്നു. ഞങ്ങൾ ആരെക്കാളും മോശമാണെന്ന് കരുതുന്നില്ല.”

“ഞങ്ങൾ ബ്രസീലിനെതിരെ കളിക്കുമ്പോൾ അവരായിരുന്നു സാധ്യത കൂടുതലുള്ള ടീം, ഇപ്പോൾ ഒരുപാട് പേർക്ക് ഫ്രാൻസാണ് സാധ്യതയുള്ള ടീം. പക്ഷെ ഞങ്ങൾക്കൊപ്പം ലോകത്തിലെ ഏറ്റവും മികച്ച താരമുണ്ട്. സൗത്ത് അമേയ്ക്കാൻ ഫുട്ബോളിനെ കുറിച്ച് ഒരുപാട് കമന്റുകൾ പലരും പറയുന്നു, പക്ഷെ അവിടെ കളിക്കാതെ അതിനെക്കുറിച്ച് പറയാൻ വളരെ ബുദ്ധിമുട്ടാണ്.” മാർട്ടിനസ് പറഞ്ഞു.

സൗദിക്കെതിരെ തോൽവിയോടെ തുടങ്ങിയ അർജന്റീന ഓരോ മത്സരത്തിലും കൂടുതൽ കൂടുതൽ മെച്ചപ്പെട്ടാണ് ഇവിടെവരെ എത്തിയതെന്നും മാർട്ടിനസ് പറഞ്ഞു. വളരെ ബുദ്ധിമുട്ടേറിയ പാതയായിരുന്നു ഇതെങ്കിലും മോശം സാഹചര്യത്തിൽ രാജ്യത്തേക്ക് തിരിച്ചു പോകില്ലെന്ന് തീരുമാനിച്ചിരുന്നതായും ലോകകപ്പ് ഫൈനൽ കളിക്കാൻ ആഗ്രഹം ഉണ്ടായിരുന്നതായും മാർട്ടിനസ് കൂട്ടിച്ചേർത്തു. അവിടെയെത്താൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കി.