ഫ്രാൻസിനെ എങ്ങിനെ വേദനിപ്പിക്കണമെന്നറിയാം, ലൈനപ്പ് തീരുമാനിച്ച് അർജന്റീന പരിശീലകൻ

ഖത്തർ ലോകകപ്പിൽ ഫ്രാൻസിനെതിരായ ഫൈനൽ പോരാട്ടത്തിന് ഇറങ്ങാനിരിക്കെ മത്സരത്തെക്കുറിച്ചും എതിരാളികളായ ഫ്രാൻസ് ടീമിനെക്കുറിച്ചും സംസാരിച്ച് അർജന്റീന പരിശീലകൻ ലയണൽ സ്‌ലോണി. അർജന്റീനയെ അപേക്ഷിച്ച് കരുത്തരായ ടീമാണ് ഫ്രാൻസെങ്കിലും അവരെ എങ്ങിനെ വേദനിപ്പിക്കാൻ കഴിയുമെന്ന കാര്യം തനിക്കറിയാമെന്ന് സ്‌കലോണി പറഞ്ഞു. 1986നു ശേഷം ആദ്യമായി ലോകകപ്പ് സ്വന്തമാക്കാൻ വേണ്ടിയാണ് അർജന്റീന ഇന്നിറങ്ങുന്നത്.

“ഫ്രാൻസ് എല്ലായിപ്പോഴും എംബാപ്പെക്ക് പന്ത് നൽകുന്ന ടീമാണ്. അത് താരത്തെ കൂടുതൽ മികച്ചതാക്കുന്നു. നിലവിലുള്ള മികച്ച കളിക്കാരനായ എംബാപ്പെക്ക് പ്രായം കുറവായതിനാൽ ഇനിയും മെച്ചപ്പെടും. എല്ലാ ഡുവൽസും വിജയിക്കുമെന്ന് കരുതാൻ കഴിയില്ല. പല ഘടകങ്ങളും വിശകലനം ചെയ്‌ത്‌ ഒന്നിലും പരാജയപ്പെടാതെ നോക്കണം.”

“ഞാൻ ലൈനപ്പ് തീരുമാനിച്ചു കഴിഞ്ഞു. എതിരാളികളെ എങ്ങിനെ വേദനിപ്പിക്കാൻ എന്നതിനെ കുറിച്ച് എനിക്ക് ധാരണയുണ്ട്. മത്സരങ്ങൾക്ക് മാറ്റം വരുന്നതിനാൽ ഓരോ നിമിഷത്തിലും വ്യത്യസ്‌തമായി കളിച്ചു കൊണ്ടിരിക്കണം. അതിനു ഞങ്ങൾ തയ്യാറാണ്.” സ്‌കലോണി പറഞ്ഞു.

അർജന്റീനിയൻ മാധ്യമമായ ടൈക് സ്പോർട്ട്സ് കഴിഞ്ഞ ദിവസം ഫ്രാൻസിനെതിരെ അർജന്റീന ഇറങ്ങാൻ സാധ്യതയുള്ള ലൈനപ്പ് പുറത്തു വിട്ടിരുന്നു. ഇത് പ്രകാരം 5-3-2 എന്ന ഫോർമേഷനാണ് സ്‌കലോണി ഉപയോഗിക്കുക. ഇതിനു പുറമെ 4-4-2 എന്ന ശൈലിയും സ്‌കലോണി പരീക്ഷിച്ചിരുന്നു.

അർജന്റീന സാധ്യത ഇലവൻ: എമിലിയാനോ മാർട്ടിനസ്, നാഹ്വൽ മോളിന, ക്രിസ്റ്റ്യൻ റൊമേരോ, നിക്കോളാസ് ഓട്ടമെൻഡി, ലിസാൻഡ്രോ മാർട്ടിനസ്, മാർക്കോസ് അക്യൂന, റോഡ്രിഗോ ഡി പോൾ, എൻസോ ഫെർണാണ്ടസ്, അലക്‌സിസ് മാക് അലിസ്റ്റർ, ജൂലിയൻ അൽവാരസ്, ലയണൽ മെസി.