“അന്നത് പ്രതീക്ഷിച്ചിരുന്നില്ല, ഇന്നത്തെ മെസി വ്യത്യസ്‌തനാണ്”- അർജന്റീന നായകനെക്കുറിച്ച് ഫ്രാൻസ് പരിശീലകൻ

ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ ഫ്രാൻസും അർജന്റീനയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ അത് 2018 ലോകകപ്പ് പ്രീ ക്വാർട്ടർ ഫൈനലിന്റെ ആവർത്തനമാണ്. ആ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അർജന്റീന മുന്നിലെത്തിയിരുന്നെങ്കിലും പിന്നീട് മൂന്നു ഗോളുകൾ തിരിച്ചടിച്ച് ഫ്രാൻസ് അർജന്റീനയെ തകർത്തു. അഗ്യൂറോ അവസാന നിമിഷത്തിൽ ഒരു ഗോൾ നേടിയെങ്കിലും മൂന്നിനെതിരെ നാല് ഗോളുകൾക്ക് ഫ്രാൻസ് വിജയം നേടി ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറുകയും പിന്നീട് കിരീടം സ്വന്തമാക്കുകയും ചെയ്‌തു.

2022 ലോകകപ്പിന്റെ ഫൈനലിൽ അർജന്റീനയെക്കാൾ കരുത്തരാണ് ഫ്രാൻസ് എങ്കിലും ലയണൽ മെസിയുടെ സാന്നിധ്യം ലാറ്റിനമേരിക്കൻ ടീമിന് മത്സരത്തിൽ സാധ്യത നൽകുന്നു. അഞ്ചു ഗോളും മൂന്ന് അസിസ്റ്റും ടൂർണമെന്റിൽ മെസി നേടിക്കഴിഞ്ഞു. 2018 ലോകകപ്പിൽ ലയണൽ മെസിയെ പൂട്ടാൻ ഫ്രാൻസിന് കഴിഞ്ഞെങ്കിലും അന്നത്തെ മെസിയിൽ നിന്നും ഇന്ന് കളിക്കുന്ന മെസി വളരെ വ്യത്യസ്‌തനാണെന്നാണ് ഫ്രാൻസിന്റെ പരിശീലകൻ ദിദിയർ ദെഷാംപ്‌സ് പറയുന്നത്.

“മെസി ഈ ടൂർണമെന്റിൽ വളരെയധികം തിളങ്ങുന്നുണ്ട്. നാല് വർഷങ്ങൾക്കു മുൻപ് അതിൽ നിന്നും വ്യത്യസ്‌തമായിരുന്നു. ഞങ്ങൾക്കെതിരെ ഒരു സെൻട്രൽ ഫോർവേഡായാണ് താരം കളിച്ചത്, അതു ഞങ്ങളത് പ്രതീക്ഷിച്ചിരുന്നില്ല. ഇന്ന് താരം സ്‌ട്രൈക്കർക്ക് പിറകിലാണ് കളിക്കുന്നത്. ഒരുപാട് സ്വാതന്ത്ര്യം എടുക്കുന്നു, ഒരുപാട് തവണ പന്ത് തൊടുന്നു. കായികപരമായി മെസി വളരെയധികം കരുത്തുറ്റു നിൽക്കുന്നു.” ദെഷാംപ്‌സ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ നാല്പത്തിരണ്ടു മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രം തോൽവി വഴങ്ങിയ അർജന്റീന 2018നെ അപേക്ഷിച്ച് കരുത്തരായ ടീം തന്നെയാണ്. എന്നാൽ അവരെ തോൽപ്പിക്കാനുള്ള കരുത്ത് ടൂർണമെന്റിലെ തന്നെ ഏറ്റവും ശക്തമായ ടീമായ ഫ്രാൻസിനുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. രണ്ടു ടീമുകൾക്കും മികച്ച പരിശീലകരുമുള്ളതിനാൽ ആരാധകർക്ക് ആവേശം നൽകുന്ന പോരാട്ടം തന്നെയാവും ഫൈനലിൽ നടക്കുക.