മെർസിനിയാക്കിന് കീഴിൽ മെസിക്ക് രണ്ടു വമ്പൻ തോൽവികൾ, എംബാപ്പെക്ക് എല്ലാ മത്സരത്തിലും ജയം

അർജന്റീനയും ഫ്രാൻസും തമ്മിലുള്ള ലോകകപ്പ് ഫൈനൽ നിയന്ത്രിക്കുന്നത് പോളിഷ് റഫറിയായ ഷിമോൺ മാർസിനിയാക്കാണ്. ടോപ് ലെവൽ ഫുട്ബോളിൽ വളരെയധികം പരിചയസമ്പന്നനായ മാർസിനിയാക്ക് പരിശീലകനായ മത്സരങ്ങളിൽ പക്ഷെ ലയണൽ മെസിക്ക് അത്ര മികച്ച റെക്കോർഡല്ല ഉള്ളത്. എന്നാൽ ഫ്രഞ്ച് താരമായ കിലിയൻ എംബാപ്പെക്ക് മാർസിനിയാക്ക് പരിശീലകനായ മത്സരങ്ങളിൽ വളരെ മികച്ച റെക്കോർഡുണ്ട്.

ഇതുവരെ മെസി കളിച്ച അഞ്ചു മത്സരങ്ങൾ പോളിഷ് റഫറി നിയന്ത്രിച്ചപ്പോൾ അതിൽ രണ്ടെണ്ണത്തിൽ ലയണൽ മെസി കളിച്ച ടീം വിജയിച്ചു. ഒരെണ്ണം സമനിലയായപ്പോൾ രണ്ടു കളികളിൽ വമ്പൻ തോൽവിയും വഴങ്ങി. മെസി വിജയം നേടിയ മത്സരങ്ങളിലൊന്ന് 2019ൽ ബാഴ്‌സയും ലിയോണും തമ്മിലുള്ളതായിരുന്നു. അതിൽ രണ്ടു ഗോളും രണ്ട് അസിസ്റ്റും താരം നേടിയിരുന്നു. മറ്റൊരു വിജയം ഈ ലോകകപ്പിലായിരുന്നു. ഓസ്‌ട്രേലിയക്കെതിരെ നടന്ന പ്രീ ക്വാർട്ടർ മെർസിനിയാക്കാണ് നിയന്ത്രിച്ചത്. അതിൽ മെസി ഒരു ഗോൾ നേടി.

മാർസിനിയാക്കിനു കീഴിൽ മെസി വമ്പൻ തോൽവി വഴങ്ങിയ രണ്ടു മത്സരങ്ങളും ബാഴ്‌സയുടെ കൂടെയാണ്. 2016-17 സീസണിലെ ചാമ്പ്യൻസ് ലീഗിലായിരുന്നു ഈ മത്സരങ്ങൾ രണ്ടും. പിഎസ്‌ജിക്കെതിരെ നടന്ന പ്രീ ക്വാർട്ടർ ആദ്യപാദ മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബാഴ്‌സ തോറ്റത്. രണ്ടാം പാദത്തിൽ 6-1നു വിജയിച്ച് ബാഴ്‌സ ക്വാർട്ടറിൽ എത്തിയപ്പോൾ അവിടെയും പോളിഷ് റഫറിയായിരുന്നു. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ബാഴ്‌സ ആ മത്സരത്തിൽ തോൽവി വഴങ്ങി. 2018 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ ഐസ്‌ലൻഡിനെതിരെ നടന്ന മത്സരവും അദ്ദേഹം നിയന്ത്രിച്ചപ്പോൾ മത്സരം 1-1 എന്ന സ്‌കോറിൽ സമനിലയിൽ പിരിഞ്ഞു.

പോളിഷ് റഫറിക്ക് കീഴിൽ രണ്ടു മത്സരങ്ങൾ ഫ്രാൻസിനൊപ്പവും രണ്ടു മത്സരങ്ങൾ പിഎസ്‌ജിക്കു കൂടെയും കളിച്ച എംബാപ്പെ ഒരെണ്ണത്തിൽ പോലും തോൽവി വഴങ്ങിയിട്ടില്ല. ഫ്രാൻസിന് വേണ്ടി കളിച്ചപ്പോഴെല്ലാം ഗോളുകൾ നേടാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. 2020ൽ സ്വീഡനെതിരെ കളിച്ചപ്പോൾ ഒരു ഗോളും ഈ ലോകകപ്പിലെ തന്നെ ഗ്രൂപ്പ് മത്സരത്തിൽ ഡെന്മാർക്കിനെതിരെ രണ്ടു ഗോളുകളും എംബാപ്പെ മാർസിനിയാക്കിനു കീഴിൽ നേടി. പിഎസ്‌ജിക്കൊപ്പം എംബാപ്പെക്ക് ഗോളുകൾ നേടാൻ കഴിഞ്ഞിട്ടില്ല.