“ഇതുപോലെ തന്നെ ക്യാമ്പ് നൂവിലും കളിക്കണം”- റയലിന്റെ തോൽവിക്ക് ശേഷം ആൻസലോട്ടിയുടെ പ്രതികരണം

പെഡ്രി, ലെവൻഡോസ്‌കി. ഡെംബലെ, ക്രിസ്റ്റൻസെൻ തുടങ്ങിയ പ്രധാന താരങ്ങൾ പരിക്കേറ്റു പുറത്തിരുന്നതിനാൽ ബാഴ്‌സലോണക്കെതിരായ കോപ്പ ഡെൽ റേ മത്സരത്തിൽ റയൽ മാഡ്രിഡ് അനായാസം വിജയം നേടുമെന്നാണ് ഏവരും കരുതിയത്. എന്നാൽ റയൽ മാഡ്രിഡിനെ കത്രികപ്പൂട്ടിട്ടു തളച്ച ബാഴ്‌സലോണ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയം സ്വന്തമാക്കി. അതേസമയം തോൽവിയിലും തന്റെ ടീമിന്റെ പ്രകടനത്തിൽ റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി തൃപ്‌തനാണ്.

“വളരെ തീവ്രതയും സമ്മർദ്ദവുമുള്ള ഒരു മികച്ച മത്സരമായിരുന്നു. അവർക്ക് വെറും 35 ശതമാനം മാത്രമാണ് ബോൾ പൊസഷൻ ഉണ്ടായിരുന്നത്. എന്നാൽ ഞങ്ങൾക്ക് ഫൈനൽ തേർഡിൽ തിളങ്ങാൻ കഴിഞ്ഞില്ല, അവർക്കതിനു കഴിഞ്ഞു. മത്സരമാണ് ഞങ്ങൾക്ക് വേണ്ടിയിരുന്നത്, പക്ഷെ ഈ ഫലമല്ല. ഇത് ഞങ്ങൾക്ക് തിരിച്ചു വരാനുള്ള ആത്മവിശ്വാസം നൽകും. ഇതേ മത്സരം ക്യാമ്പ് നൂവിൽ ആവർത്തിക്കണം.”

“ആ ഗോൾ വന്നത് ഒരു മോശം പാസിൽ നിന്നുമാണ്, ഞങ്ങളുടെ പിഴവിൽ നിന്നാണ്. ഇതുപോലെ തന്നെ കളിച്ചാൽ ഞങ്ങൾക്ക് അടുത്ത പാദത്തിൽ കൂടുതൽ അവസരങ്ങൾ ലഭിക്കും. ബാഴ്‌സലോണ സ്വന്തം മൈതാനത്ത് മത്സരത്തെ ഇന്നത്തെ പോലെ സമീപിക്കുമെന്ന് കരുതുന്നില്ല. ബാഴ്‌സലോണ വിജയം അർഹിച്ചിരുന്നില്ല.” ടീമിലെ പ്രധാന താരങ്ങൾ ഇല്ലാത്തതിനാൽ കൂടുതൽ പ്രതിരോധത്തിലേക്ക് വലിഞ്ഞു കളിച്ച ബാഴ്‌സലോണയുടെ ശൈലിയെ ഉദ്ദേശിച്ച് ആൻസലോട്ടി പറഞ്ഞു.

മത്സരത്തിൽ വിനീഷ്യസിനെ തടുക്കാനുള്ള തന്റെ ചുമതല റൈറ്റ്ബാക്കായി നിയോഗിക്കപ്പെട്ട അറഹോ സമർത്ഥമായി നടപ്പിലാക്കിയതിനു ബാഴ്‌സലോണ പ്രതിരോധം കൃത്യമായി അവരുടെ ചുമതല ചെയ്‌തു. കൂണ്ടെ, അലോൺസോ, ബാൾഡെ എന്നിവർക്കൊപ്പം ഫ്രാങ്കീ ഡി ജോങ്ങും മിന്നുന്ന പ്രകടനം നടത്തിയതോടെ പതിമൂന്നു ഷോട്ടുകൾ ഉതിർത്തെങ്കിലും ഒന്നിനു പോലും ഗോൾകീപ്പറെ പരീക്ഷിക്കാൻ കഴിയാതെ റയൽ കീഴടങ്ങുകയായിരുന്നു.