മെസിക്ക് ശേഷം അർജന്റീനയിലേക്ക് ബാലൺ ഡി ഓർ എത്തിക്കാൻ കഴിവുള്ളവൻ, മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിനു പ്രശംസ

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ മനസു കവരുകയാണ് അലസാൻഡ്രോ ഗർനാച്ചോയെന്ന പതിനെട്ടുകാരനായ താരം. സീസണിന്റെ തുടക്കത്തിൽ എറിക് ടെൻ ഹാഗുമായി ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അതെല്ലാം പരിഹരിച്ച താരത്തിന് ഫസ്റ്റ് ടീമിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. അതിനു പുറമെ അവസരം ലഭിക്കുമ്പോഴെല്ലാം മികച്ച പ്രകടനം പുറത്തെടുക്കാനും താരത്തിന് കഴിയുന്നു.

കഴിഞ്ഞ ദിവസം നടന്ന എഫ്എ കപ്പ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയത്തിന് കാരണക്കാരൻ അർജന്റീന താരമായിരുന്നു. വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് 1-1നു സമനിലയിൽ നിൽക്കുമ്പോൾ ഇഞ്ചുറി ടൈമിലാണ് അതിമനോഹരമായ കെർവിങ് ഷോട്ടിൽ ഗർനാച്ചോ ടീമിന്റെ വിജയഗോൾ നേടുന്നത്. അതിനു പിന്നാലെ താരത്തെ പ്രശംസിച്ച് രംഗത്തെത്തിയ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ പാർക്കർ ഭാവിയിൽ ബാലൺ ഡി ഓർ നേടാൻ കഴിവുള്ളവനെന്നാണ് താരത്തെ വിശേഷിപ്പിച്ചത്.

“ആദ്യ ഇലവനിൽ ഉള്ളതിനേക്കാൾ സബായി ഇറങ്ങുമ്പോഴാണ് ഗർനാച്ചോ മികച്ച പ്രകടനം നടത്തുന്നത്. തൊണ്ണൂറു മിനുട്ടും കളിക്കാനുള്ള കരുത്ത് താരത്തിനില്ലെങ്കിലും വളരെ പ്രതിഭയുണ്ട്. ബാലൺ ഡി ഓർ നേടാനുള്ള കഴിവ് താരത്തിനുണ്ടെങ്കിലും കൂടുതൽ സമ്മർദ്ദം ഞാൻ നൽകുന്നില്ല. ഇനിയും ഒരുപാട് പഠിക്കാനുണ്ടെങ്കിലും താരത്തിന്റെ പ്രതിഭ വളരെ മികച്ചതാണ്.” ഫുട്ബോൾ പണ്ഡിറ്റ് കൂടിയായ താരം പറഞ്ഞു.

താരം മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ പുതുക്കാൻ തയ്യാറാണെന്നതിൽ വളരെ സന്തോഷമുണ്ടെന്നും പാർക്കർ പറഞ്ഞു. യുവന്റസിന്റെ റയൽ മാഡ്രിഡിലോ ഗർനാച്ചോ കളിക്കുന്നത് ബുദ്ധിപരമല്ലെന്നും പുതിയ കരാർ ഒപ്പിടുന്നതോടെ താരത്തിന്റെ വളർച്ചക്ക് എറിക് ടെൻ ഹാഗ് കൂടുതൽ സഹായിക്കുമെന്നും പാർക്കർ പറഞ്ഞു. അച്ചടക്കം കുറച്ച് കുറവായ താരം മൈതാനത്തും പുറത്തുമുള്ള സ്വഭാവം നിയന്ത്രിക്കുന്നതിൽ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.