കശാപ്പുകാരനും പാറ്റൺ ടാങ്കുമെല്ലാം കളി മറന്നു, തോൽവിയുടെ ആഘാതത്തിൽ നിന്നും മുക്തരാകാതെ ആരാധകർ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അടുത്ത കാലത്ത് നടന്ന ഏറ്റവും അപ്രതീക്ഷിതമായ മത്സരഫലമാണ് ലിവർപൂളും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ നടന്ന മത്സരത്തിൽ ഉണ്ടായത്. ലോകകപ്പ് കഴിഞ്ഞു വന്നതിനു ശേഷം തകർപ്പൻ ഫോമിൽ കളിക്കുകയും ഒരു കിരീടം സ്വന്തമാക്കുകയും ചെയ്‌ത മാഞ്ചസ്റ്റർ യുണൈറ്റഡ് ആൻഫീൽഡിന്റെ മൈതാനത്തിറങ്ങുമ്പോൾ ഇത്രയും ധാരുണമായൊരു തോൽവിയാണു അവരെ കാത്തിരിക്കുന്നതെന്ന് ആരും കരുതിക്കാണില്ല.

എറിക് ടെൻ ഹാഗിന് കീഴിൽ എല്ലാ മത്സരങ്ങളിലും ആത്മവിശ്വാസം നിറഞ്ഞ പ്രകടനം നടത്തുന്ന മാഞ്ചസ്റ്റർ യുണൈറ്റഡാണ്‌ ഇന്നലത്തെ മത്സരത്തിൽ ഒന്നുമല്ലാതായി പോയത്. ആദ്യപകുതിയിൽ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും രണ്ടാം പകുതിയിൽ ടീം തകർന്നടിഞ്ഞു പോയി. ആദ്യപകുതിയിൽ ഒരു ഗോൾ വഴങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം പകുതിയിൽ മരവിച്ചു നിന്നതു പോലെയാണ് ലിവർപൂൾ ആറു ഗോളുകൾ കൂടി അടിച്ചു കൂട്ടിയത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് മികച്ച പ്രകടനം നടത്തുന്ന സമയത്ത് ടീമിന് ആത്മവിശ്വാസം നൽകാൻ പ്രധാന പങ്കു വഹിച്ചിരുന്ന താരങ്ങളാണ് ലിസാൻഡ്രോ മാർട്ടിനസ്, കസമീറോ തുടങ്ങിയവരെല്ലാം. എന്നാൽ ഇന്നലെ നടന്ന മത്സരത്തിൽ ഇവരുടെ പൊടിപോലും ഇല്ലായിരുന്നു കണ്ടുപിടിക്കാനെന്ന പോലെയാണ് ലിവർപൂൾ കേറി തകർത്തിട്ടു പോയത്. എന്താണ് ചെയ്യേണ്ടതെന്നറിയാതെ ലിവർപൂൾ ആക്രമണങ്ങൾക്ക് മുന്നിൽ പകച്ചു നിൽക്കുകയായിരുന്നു എല്ലാ താരങ്ങളും.

അതിഗംഭീരം ഫോമിലായിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ പ്രീമിയർ ലീഗ് അടക്കം നാല് കിരീടങ്ങൾക്കും വെല്ലുവിളി ഉയർത്തുമെന്നാണ് കരുതിയിരുന്നെങ്കിലും കഴിഞ്ഞ ദിവസത്തെ പ്രകടനം കണക്കാക്കുമ്പോൾ അങ്ങിനെ കരുതാൻ കഴിയില്ല. ഇത്രയും വലിയൊരു തോൽവി ഇനി നടക്കാനിരിക്കുന്ന മത്സരങ്ങളിൽ അവരെ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. അടുത്ത മത്സരത്തിൽ യൂറോപ്പ ലീഗിൽ റയലിനെ സമനിലയിൽ തളച്ച ബെറ്റിസിനെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടേണ്ടത്.