നിലപാടിൽ നിന്നും പുറകോട്ടു പോകാതെ ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ നീക്കം, ആവശ്യങ്ങൾ ഇതെല്ലാമാണ്; ഉടൻ തീരുമാനമെടുക്കാൻ എഐഎഫ്എഫ്

ഇന്ത്യൻ സൂപ്പർലീഗിൽ ബെംഗളൂരുവും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിൽ നടന്ന പ്ലേ ഓഫ് മത്സരത്തിലുണ്ടായ വിവാദങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് നൽകിയ പരാതിയിൽ തീരുമാനമെടുക്കാൻ എഐഎഫ്എഫ് ഒരുങ്ങുന്നു. ഇതിനായി വളരെ പെട്ടന്ന് തന്നെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്കസമിതി കൂടി എന്ത് തീരുമാനമാണ് എടുക്കേണ്ടതെന്ന കാര്യത്തിൽ ചർച്ചകൾ നടത്തും. സംഭവത്തിന് പിന്നാലെ തന്നെ ബ്ലാസ്റ്റേഴ്‌സ് പരാതി നൽകിയിരുന്നു.

ഔദ്യോഗിക പരാതിയിൽ അഡ്രിയാൻ ലൂണയോട് മാറി നിൽക്കാൻ റഫറി വ്യക്തമായി പറയുന്നുണ്ടെന്നും അതുകൊണ്ടു തന്നെ ക്വിക്ക് ഫ്രീ കിക്ക് എടുക്കാൻ കഴിയില്ലെന്നും വ്യക്തമാക്കുന്നു. കളിക്കാരനോട് മാറാൻ പറഞ്ഞാൽ ഡിഫെൻസിവ് വോൾ സെറ്റ് ചെയ്യണമെന്നും വിസിലിനു ശേഷമേ കിക്കെടുക്കാൻ പാടൂവെന്നുമാണ്. ഛേത്രി നേടിയ ഗോൾ റഫറി അനുവദിച്ചത് യുക്തികളെ മുഴുവൻ ഇല്ലാതാക്കുന്ന ഒന്നു കൂടിയാണെന്നും പരാതിയിൽ പറയുന്നു.

മത്സരം വീണ്ടും നടത്തണമെന്നാണ് ബ്ലാസ്റ്റേഴ്‌സ് പരാതിയിൽ പറയുന്നത്. അതിനു പുറമെ മത്സരത്തിൽ ഇതുപോലെയൊരു വിവാദസംഭവത്തിനു കാരണക്കാരനായ ക്രിസ്റ്റൽ ജോണിനെതിരെ നടപടി സ്വീകരിക്കണമെന്നും ക്ലബ് ആവശ്യം ഉന്നയിച്ചു. ചൊവ്വാഴ്ച്ച മുംബൈ സിറ്റിയും ബെംഗളൂരുവും തമ്മിലുള്ള ആദ്യ സെമി ഫൈനൽ നടക്കാനിരിക്കെ എത്രയും പെട്ടന്ന് ഈ പരാതിയിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് തീരുമാനം എടുക്കേണ്ടതുണ്ട്.

സംഭവത്തിൽ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റും ആരാധകരും പരിശീലകനായ ഇവാൻ വുകോമനോവിച്ചിന് വലിയ പിന്തുണയാണ് നൽകിയത്. മത്സരത്തിന് ശേഷം കൊച്ചിയിൽ എത്തിയ ഇവാനും ടീമിനും ആരാധകർ സ്വീകരണം നൽകുകയും ചെയ്‌തിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിയിങ് വളരെയധികം വിമർശനങ്ങൾ നേരിടുമ്പോഴാണ് ഇവാൻ അതിനെതിരെ പ്രതികരിച്ചത്. ഇത് അധികൃതരുടെ കണ്ണ് തുറപ്പിക്കുമെന്നാണ് ആരാധകർ കരുതുന്നത്.