കേരള ബ്ലാസ്‌റ്റേഴ്‌സിനെ തൊടാൻ ഐഎസ്എൽ അധികൃതർ പേടിക്കുന്നു, നടപടി വൈകും

ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിൽ നടന്ന മത്സരത്തിലുണ്ടായ വിവാദസംഭവത്തിൽ നടപടി സ്വീകരിക്കാൻ ഐഎസ്എൽ അധികൃതർ വൈകുമെന്ന് റിപ്പോർട്ടുകൾ. സെമി ഫൈനലിനുള്ള ടീമുകളെ തീരുമാനിക്കാൻ വേണ്ടി നടന്ന പ്ലേ ഓഫ് മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ തയ്യാറെടുക്കും മുൻപ് ഛേത്രി നേടിയ ഫ്രീ കിക്ക് ഗോൾ റഫറി അനുവദിച്ചതിനെ തുടർന്ന് ബ്ലാസ്റ്റേഴ്‌സ് കളിക്കളം വിട്ടതാണ് നടപടിക്ക് കാരണമായ വിഷയം.

മത്സരം തീരും മുൻപ് കളിക്കളം വിടുന്നത് ഗുരുതരമായ കുറ്റമാണ്. ടീമിനെ വിലക്കൽ അടക്കമുള്ള ശിക്ഷാനടപടികൾ ഇക്കാര്യത്തിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെതിരെ ഇതുപോലെയുള്ള നടപടികൾ ഒന്നും ഇന്ത്യൻ സൂപ്പർ ലീഗ് അധികൃതർ കൈക്കൊള്ളാൻ സാധ്യതയില്ല. ഇക്കാര്യത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് അധികൃതർ ഒരു പ്രതികരണം പോലും ഇതുവരെ നടത്താത്തത് ഈ വിഷയത്തിന്റെ ഗൗരവം കാരണമാണ്.

ഇന്ത്യൻ ഫുട്ബോളിലെ തന്നെ ഏറ്റവും വലിയ ആരാധകക്കൂട്ടായ്‌മയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ട്രാവലിംഗ് ഫാൻസ്‌ അടക്കം ടീമിന് വലിയ പിന്തുണ നൽകുന്ന ആരാധകരുള്ള ടീമിനെതിരെ നടപടി ഐഎസ്എല്ലിനെ തന്നെ ബാധിക്കാൻ സാധ്യതയുണ്ട്. ഇപ്പോൾ തന്നെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ബഹുഭൂരിപക്ഷം വരുന്ന ആരാധകരാണ് ഐഎസ്എല്ലിനെ ആവേശപൂർവം താങ്ങി നിർത്തുന്നതെന്ന അഭിപ്രായം ഒരുപാട് പേർ ഉയർത്തുന്നുണ്ട്.

ഇതിനു പുറമെ ഐഎസ്എല്ലിന് ശേഷം നടക്കാനിരിക്കുന്ന സൂപ്പർലീഗിന്റെ വേദി കേരളമാണ്. ബ്ലാസ്റ്റേഴ്‌സിനെതിരെ വലിയൊരു നടപടി ഉണ്ടായാൽ അത് മത്സരങ്ങൾ കാണാനെത്തുന്ന ആരാധകരുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകും. ബ്ലാസ്റ്റേഴ്‌സ് ആരാധകർ മത്സരങ്ങൾ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവും നടത്തുന്നുണ്ട്. അതുകൊണ്ടു തന്നെ ഇലക്കും മുള്ളിനും കേടില്ലാത്ത തരത്തിൽ സംഭവം തീർപ്പാക്കാനാണ് ഉദ്ദേശം.18നു ശേഷമാകും ഇക്കാര്യത്തിൽ നടപടിയുണ്ടാകുക.