കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതിഷേധാഗ്നിയിൽ ഛേത്രി കത്തിയമർന്നു, ഫുട്ബോളിനൊരു മാന്യതയുണ്ടെന്ന് ഓർമപ്പെടുത്തൽ

ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് എക്കാലവും പ്രിയപ്പെട്ട കളിക്കാരനാണ് സുനിൽ ഛേത്രി. ലോകകപ്പ് സമയത്ത് മെസിക്കും നെയ്‌മറിനും റൊണാൾഡോക്കും വേണ്ടി കട്ടൗട്ട് കേരളത്തിൽ ഉയർന്നതിനൊപ്പം ഛേത്രിക്ക് വേണ്ടിയും ഒരു വലിയ കട്ടൗട്ട് പൊന്തിയിരുന്നു. ഇന്ത്യയുടെ പേര് ലോകഫുട്ബോളിൽ തന്നെ ശ്രദ്ധിക്കപ്പെടാൻ കാരണമായ താരത്തിന് പക്ഷെ ഇപ്പോൾ കേരളത്തിലെ ആരാധകരിൽ നിന്നും അധിക്ഷേപമാണ് നേരിടേണ്ടി വരുന്നത്.

ബെംഗളൂരു എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിൽ നടന്ന ഇന്ത്യൻ സൂപ്പർലീഗ് പ്ലേ ഓഫ് മത്സരത്തിൽ ഛേത്രി നേടിയ ഗോളാണ് വിവാദങ്ങൾക്ക് കാരണമായത്. കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ തയ്യാറാകും മുൻപേ റഫറി അനുവാദം കൊടുത്തതിനാൽ ഛേത്രി ഫ്രീ കിക്കെടുത്തു ഗോളാക്കി മാറ്റി. ആ ഗോൾ അനുവദിച്ചതിനെ തുടർന്ന് വുകോമനോവിച്ച് തന്റെ താരങ്ങളെ പിൻവലിച്ചപ്പോൾ ബെംഗളൂരു എഫ്‌സിയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.

ഇതിനു പിന്നാലെ ഛേത്രിക്കെതിരെ ആഞ്ഞടിച്ച പ്രതിഷേധം ഇന്ത്യൻ ഫുട്ബോൾ നായകൻറെ കോലം കത്തിക്കുന്നതിലേക്ക് എത്തിയതെന്നാണ് പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഒരുപറ്റം ആളുകൾ ഛേത്രിയുടെ കോലം കത്തിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വീഡിയോയുടെ വിശ്വാസ്യത എത്രത്തോളമുണ്ടെന്ന കാര്യം അറിയില്ലെങ്കിലും ഈ പ്രശ്‌നത്തിന് ശേഷം അരങ്ങേറിയ സംഭവമാണിതെന്നു തന്നെയാണ് കരുതുന്നത്.

റഫറിയാണ് പിഴവ് വരുത്തിയതെങ്കിലും ആ പിഴവ് മനസിലാക്കിയ സുനിൽ ഛേത്രിക്ക് മൈതാനത്ത് വെച്ച് തന്നെ അത് പരിഹരിക്കാൻ കഴിയുമായിരുന്നു. താൻ നേടിയ ഗോൾ വേണ്ടെന്നു വെച്ചോ, ബ്ലാസ്‌റ്റേഴ്‌സിനെ അനായാസം ഗോൾ നേടാൻ അനുവദിച്ചോ മത്സരം തുല്യതയിലെത്തിച്ച് തുടരാൻ താരം വിചാരിച്ചാൽ കഴിയുമായിരുന്നു. എന്നാൽ തന്റെ ടീമിന്റെ വിജയത്തിനായി ഫുട്ബോളിന്റെ മാന്യതയെ തന്നെ ഇല്ലാതാക്കിയതാണ് ഛേത്രിയോട് ആരാധകർക്ക് രോഷമുണ്ടാകാൻ കാരണം.