ഡൈവിങ്, പരിക്കഭിനയിക്കൽ, റഫറിയെ തള്ളി മാറ്റൽ; ഇങ്ങിനൊരു ക്യാപ്റ്റൻ ടീമിന് അപമാനം

ലിവർപൂൾ ആരാധകർ എക്കാലവും ഓർത്തിരിക്കുകയും മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ തങ്ങളുടെ ഓർമകളിൽ നിന്നും മായ്ച്ചു കളയാൻ ആഗ്രഹിക്കുകയും ചെയ്യുന്നൊരു മത്സരമാണ് കഴിഞ്ഞ ദിവസം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്നത്. എതിരില്ലാത്ത ഏഴു ഗോളുകൾക്ക് സ്വന്തം മൈതാനത്ത് ലിവർപൂൾ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്തെറിഞ്ഞപ്പോൾ ലോകകപ്പിന് ശേഷം ഒരു മത്സരം പോലും തോറ്റിട്ടില്ലെന്ന കുതിപ്പിനു കൂടിയാണ് അവസാനമായത്.

അതേസമയം മത്സരത്തിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് നായകനായിരുന്ന ബ്രൂണോ ഫെർണാണ്ടസ് കടുത്ത വിമർശനമാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. മത്സരത്തിന്റെ ആദ്യപകുതിയിൽ മികച്ച പ്രകടനം നടത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ ഗോൾ വഴങ്ങിയപ്പോൾ തന്നെ നിരാശനായി കാണപ്പെട്ട ബ്രൂണോ ഫെർണാണ്ടസ് പിന്നീട് തന്റെ ടീമിന്റെ ആത്മവിശ്വാസം തിരിച്ചു കൊണ്ടു വരാൻ യാതൊന്നും ചെയ്‌തില്ല എന്നതിന് പുറമെ പിന്തിരിപ്പൻ മനോഭാവമാണ് കാണിച്ചു കൊണ്ടിരുന്നത്.

ഇല്ലാത്ത ഫൗൾ നേടാൻ വീണു കിടന്നുരുണ്ടും പരിക്ക് പറ്റിയ പോലെ അഭിനയിച്ചും എതിരാളികളെ കൃത്യമായി ബാക്ക് ട്രാക്ക് ചെയ്യാതെയുമെല്ലാമാണ് രണ്ടാം പകുതിയിൽ ബ്രൂണോ ഫെർണാണ്ടസ് കളിച്ചത്. അതിനു പുറമെ കളിക്കുന്നതിനു പകരം തർക്കിക്കാൻ വേണ്ടിയാണ് താരം കൂടുതൽ സമയം ചിലവഴിച്ചത്. പരിക്കില്ലാതിരുന്നിട്ടും തന്നെ പിൻവലിക്കാൻ താരം ആവശ്യപ്പെടുകയും ചെയ്‌തു. ഒരവസരത്തിൽ ലൈൻസ്‌മാനെ പിടിച്ചു തള്ളിയ ബ്രൂണോ ഭാഗ്യം കൊണ്ടാണ് കാർഡ് നേടാതെ രക്ഷപ്പെട്ടത്.

മത്സരത്തിന് ശേഷം മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ഗാരി നെവിൽ ടീമിന് അപമാനമായിരുന്നു ബ്രൂണോ ഫെർണാണ്ടസ് എന്നാണു പ്രതികരിച്ചത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നുമല്ലാതായി പോയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തോൽവി വളരെ മോശം അനുഭവമായെന്നും ഇതിൽ നിന്നും തിരിച്ചു വരാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിയുമെന്നുമാണ് മത്സരത്തിന് ശേഷം ബ്രൂണോ ഫെർണാണ്ടസ് പ്രതികരിച്ചത്.