എംബാപ്പെക്ക് വേണ്ടി മെസിയെ ബലിയാടാക്കാൻ പിഎസ്‌ജിയുടെ നീക്കം, നടക്കില്ലെന്ന് അർജന്റീന താരം

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ റയൽ മാഡ്രിഡിലേക്ക് ഫ്രീ ഏജന്റായി ചേക്കേറാനിരുന്ന എംബാപ്പയെ വളരെ ബുദ്ധിമുട്ടിയാണ് പിഎസ്‌ജി ക്ലബിനൊപ്പം നിലനിർത്തിയത്. ഫ്രഞ്ച് താരം ക്ലബിനൊപ്പം തുടരാൻ കൂടുതൽ അധികാരങ്ങൾ ക്ലബിൽ നൽകിയെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിനു പുറമെ യൂറോപ്പിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരമെന്ന കരാർ കൂടി നൽകിയാണ് എംബാപ്പയെ പിഎസ്‌ജി നിലനിർത്തിയത്.

എംബാപ്പയെ നിലനിർത്തുന്നതിനു വേണ്ടി വേതനബിൽ കുറക്കാൻ നിരവധി താരങ്ങളെ പിഎസ്‌ജി കഴിഞ്ഞ സമ്മറിൽ ഒഴിവാക്കുകയുണ്ടായി. എന്നാൽ ഇപ്പോഴും ക്ലബിന്റെ വേതനബിൽ വളരെ കൂടുതലാണ്. എംബാപ്പെക്ക് പുറമെ മെസി, നെയ്‌മർ, റാമോസ്, ഡോണറുമ്മ എന്നിങ്ങനെ വമ്പൻ പ്രതിഫലം വാങ്ങുന്ന നിരവധി താരങ്ങളുള്ളതാണ് വേതനബിൽ കൂടാൻ കാരണമായത്. അതുകൊണ്ടു തന്നെ പുതിയ സൈനിംഗുകൾ നടത്താനും പിഎസ്‌ജി ബുദ്ധിമുട്ടുന്നുണ്ട്.

അതിനിടയിൽ വേതനബിൽ കുറയ്ക്കുന്നതിന്റെ ഭാഗമായി ലയണൽ മെസിയുടെ കരാർ പുതുക്കാനുള്ള ചർച്ചകൾക്കിടെ താരത്തോട് പ്രതിഫലം കുറക്കാൻ പിഎസ്‌ജി ആവശ്യപ്പെട്ടുവെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. പ്രതിഫലം കുറിച്ചുള്ള പുതിയ കരാറാണ് പിഎസ്‌ജി താരത്തിന് ഓഫർ ചെയ്‌തത്‌. എന്നാൽ ഓഫർ മുന്നോട്ടു വെച്ചപ്പോൾ തന്നെ മെസി അത് നിരസിക്കുകയും കരാർ പുതുക്കാൻ കഴിയില്ലെന്ന് അറിയിക്കുകയും ചെയ്‌തു.

ലോകകപ്പ് നേടി ഫുട്ബോൾ ലോകത്തിന്റെ നിറുകയിലാണ് മെസിയിപ്പോൾ ഉള്ളത്. അതിനു പുറമെ ഒന്നിന് പുറകെ ഒന്നായി നിരവധി പുരസ്‌കാരങ്ങളും താരം നേടുന്നുണ്ട്. ഇപ്പോഴും മികച്ച ഫോമിൽ കളിച്ച് ലോകത്തിലെ ഏറ്റവും മികച്ച താരമാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്ന മെസിയോട് പ്രതിഫലം കുറക്കാൻ പിഎസ്‌ജി നിർബന്ധം പിടിച്ചാൽ താരം വരുന്ന സമ്മറിൽ ഫ്രീ ഏജന്റായി ക്ലബ് വിടാൻ തന്നെയാണ് സാധ്യത.