“അവൻ ലോകകപ്പിനുണ്ടാകുമെന്ന് കരുതുന്നില്ല”- അർജന്റീന താരത്തിന്റെ അഭാവം വലിയ നഷ്ടമെന്ന് ക്രിസ്റ്റ്യൻ റൊമേറോ
ഖത്തറിൽ വെച്ചു നടക്കാനിരിക്കുന്ന ഫുട്ബാൾ ലോകകപ്പ് അർജന്റീന മുന്നേറ്റനിര താരം പൗളോ ഡിബാലക്ക് നഷ്ടമാകുമെന്നാണ് കരുതുന്നതെന്ന് ദേശീയ ടീമിലെ സഹതാരവും പ്രീമിയർ ലീഗ് ക്ലബായ ടോട്ടനം ഹോസ്പറിന്റെ പ്രതിരോധതാരവുമായ ക്രിസ്റ്റ്യൻ റോമെറോ. ദിവസങ്ങൾക്കു മുൻപ് സീരി എയിൽ ലെക്കേക്കെതിരെ നടന്ന മത്സരത്തിൽ പെനാൽറ്റി ഗോൾ നേടുന്നതിനിടെ പരിക്കേറ്റതാണ് ഡിബാലക്ക് തിരിച്ചടിയായത്. ഈ വർഷം താരം കളിക്കളത്തിലേക്ക് തിരിച്ചു വരാൻ സാധ്യത കുറവാണെന്ന് മത്സരത്തിനു ശേഷം റോമ പരിശീലകനായ മൗറീന്യോ പറഞ്ഞിരുന്നു.
ഏറ്റവും മികച്ച ഫോമിൽ ലോകകപ്പിനായി ഒരുങ്ങുന്ന അർജന്റീനയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് ഡിബാലയുടെ അഭാവം. ടീമിന്റെ ആദ്യ ഇലവനിൽ സ്ഥിരമായി ഇടം കണ്ടെത്താൻ കഴിയാറില്ലെങ്കിലും പകരക്കാരനായിറങ്ങി മികച്ച പ്രകടനം നടത്താൻ താരത്തിന് കഴിയാറുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഡിബാലയുടെ അഭാവം അർജന്റീന ടീമിനെ ബാധിക്കുമെന്നാണ് റോമെറോ പറയുന്നത്. ടീമിന് വളരെ പ്രധാനപ്പെട്ട കളിക്കാരനാണ് ഡിബാലയെന്നും റൊമേരോ കൂട്ടിച്ചേർത്തു.
“അവരുടെ കാര്യത്തിൽ എനിക്ക് സങ്കടമുണ്ട്, ഡിബാലയുടെ കാര്യത്തിലാണ് അത് കൂടുതൽ. അവനതിൽ പങ്കെടുക്കാൻ കഴിയില്ലെന്നാണ് ഞാൻ കരുതുന്നത്. ഇതുവരെ ഡിബാലയോട് ഞാൻ സംസാരിച്ചിട്ടില്ല, പക്ഷെ ആ പരിക്ക് വളരെ മോശമായിരിക്കും. ഇതു വളരെ കടുപ്പമേറിയ കാര്യമാണ്. താരം വളരെ പ്രധാനപ്പെട്ട കളിക്കാരനാണെന്ന് എല്ലാവർക്കുമറിയാം.”
🗣 Cristian Romero: “I’m sad for them [injured players], mainly for Paulo, who I don't think will reach the World Cup. I didn't talk to him but it seems bad and I wish him a speedy recovery.” #Dybala pic.twitter.com/t7kKNwnd9m
— Italian Football News 🇮🇹 (@footitalia1) October 13, 2022
“വളരെ പോസിറ്റിവ് മനോഭാവമുള്ള താരം ഗ്രൂപ്പിനുള്ളിൽ നല്ല രീതിയിൽ ഒത്തു പോകുന്നു. അർജന്റീന ടീമിന് മികച്ച നിലവാരവും താരം നൽകുന്നുണ്ട്. എല്ലാ മത്സരങ്ങളിലും ആദ്യ ഇലവനിൽ ഉണ്ടാകാറില്ലെങ്കിലും കളിക്കാനിറങ്ങുന്ന സമയത്തെല്ലാം ഒരു വ്യത്യാസം സൃഷ്ടിക്കാൻ താരത്തിന് കഴിയാറുണ്ട്.” ക്രിസ്റ്റ്യൻ റൊമേറോ പറഞ്ഞു.
ഡിബാലക്കു പുറമെ അർജന്റീനയിലെ മറ്റൊരു താരമായ ഏഞ്ചൽ ഡി മരിയയും ലോകകപ്പ് അടുത്തിരിക്കെ പരിക്കിന്റെ പിടിയിലാണ്. എന്നാൽ ഡി മരിയ ലോകകപ്പിനു മുൻപു തന്നെ പരിക്ക് സുഖമായി കളിക്കളത്തിലേക്ക് തിരിച്ചു വരുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. അതേസമയം ഡിബാലയുടെ കാര്യത്തിൽ അത്തരമൊരു പ്രതീക്ഷയില്ല. താരം ടീമിന്റെ ഭാഗമായി ഖത്തറിലേക്ക് പറക്കില്ലെന്നു തന്നെയാണ് കരുതപ്പെടുന്നത്.